ചേലക്കര:സ്വകാര്യ വ്യക്തിയുടെ പറമ്പിൽനിന്ന ചന്ദനമരം മുറിച്ച കേസിൽ പാഞ്ഞാൾ കിള്ളിമംഗലം പാറോലപ്പീടികയിൽ യൂസഫ് (53) അറസ്റ്റിലായി. പാഞ്ഞാൾ കിള്ളിമംഗലം മേലേതിൽ വീട്ടിൽ എം എ സെയ്തലവി, വാഴക്കോട് വളവ് കോലോത്തുകുളം അബൂബക്കർ എന്നിവരാണ് മറ്റ് പ്രതികൾ. മായന്നൂർ ഫോറസ്റ്റ് സ്റ്റേഷൻ അധികൃതരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. മേലേതിൽ വീട്ടിൽ സെയ്തലവിയുടെ പറമ്പിൽനിന്ന് ചന്ദനത്തടികൾ മുറിച്ച് കിള്ളിമംഗലത്തുള്ള യൂസഫിന്റെ വീട്ടിൽ സൂക്ഷിച്ചു.
ആറ് കിലോഗ്രാം ചന്ദനത്തടികളും 13 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 159 കിലോഗ്രാം ചന്ദനച്ചീളുകളും മുറിക്കാനുപയോഗിച്ച ആയുധങ്ങളും ഇവിടെ നിന്ന് വനപാലകർ കസ്റ്റഡിയിലെടുത്തു. കൂടാതെ അബൂബക്കറിന്റെ വീട്ടിൽ നിന്ന് ഒമ്പത് കിലോഗ്രാം ചന്ദനത്തടികളും പിടിച്ചെടുത്തു. ഇയാൾ ഒളിവിലാണ്.
ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ചർ എം വി ജയപ്രസാദ്, സെക്ഷൻ ഓഫീസർ എ മണികണ്ഠൻ, ബിഎഫ്ഒമാരായ ആർ ദിനേശൻ, ടി വി പ്രവീൺ, കെ വി അമൃത എന്നിവരടങ്ങിയ അന്വേഷക സംഘമാണ് പ്രതികളെ പിടികൂടിയത്