തെന്നിന്ത്യൻ താര കുടുംബത്തിലെ വിവാഹമാണ് ഇപ്പോൾ ടോളിവുഡിൽ ചർച്ച. തെലുഗ് സിനിമാ ഇൻഡൻസ്ട്രിയിലെ പ്രമുഖരായ അക്കിനേനി കുടുംബത്തിലെ ഇളമുറക്കാരൻ നാഗചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരായി. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ ബുധനാഴ്ച രാത്രി 8.15നായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.
ബഞ്ചാര ഹിൽസിലാണ് 22 ഏക്കർ വിസ്തൃതിൽ പടർന്ന് കിടക്കുന്ന അന്നപൂര്‍ണ സ്റ്റുഡിയോ നിലകൊള്ളുന്നത്. സ്വര്‍ണ നിറത്തിലുള്ള പട്ടുസാരിയില്‍ രാജകീയ പ്രൗഢിയോടെയാണ് ശോഭിത എത്തിയതെങ്കിൽ പരമ്പരാഗത തെലുഗു വരന്റെ വേഷത്തിലായിരുന്നു നാഗചൈതന്യയുടെ എൻട്രി.
400 ക്ഷണിക്കപ്പെട്ട അതിഥികള്‍ വിവാഹത്തില്‍ പങ്കെടുത്തതായതാണ് വിവരം. രാജമൗലി, പ്രഭാസ് ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍, അല്ലു അര്‍ജുന്‍,ഉപാസന കൊനിഡേല, മഹേഷ് ബാബു തുടങ്ങിയ തെലുഗിലെ സൂപ്പർ താരങ്ങൾ പങ്കെടുത്തു. ഈ വർഷം ഓഗസ്റ്റിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയ ചടങ്ങ് നടന്നത്. നാഗചൈതന്യയുടെ രണ്ടാമത്തെ വിവാഹമാണിത്. 2017ലായിരുന്നു സാമന്തയുമായുള്ള നാഗചൈതന്യയുടെ വിവാഹം. തെലുങ്ക് ആചാര പ്രകാരവും ക്രിസ്ത്യൻ ആചാരപ്രകാരവുമാണ് അന്ന് വിവാഹം നടന്നത്.
വിവാഹത്തിന് തൊട്ടുപിന്നാലെ, ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ നാഗാർജുന ആരാധകർക്ക് വേണ്ടി സോഷ്യൽമീഡിയയിൽ പങ്കുവച്ചു. ‘ശോഭിതയും നാഗചൈതന്യയും ഒരുമിച്ച് ഈ മനോഹരമായ അധ്യായം ആരംഭിക്കുന്നത് കാണുന്നത് എനിക്ക് വൈകാരികമായ ഒരു നിമിഷമാണ്. എൻ്റെ പ്രിയപ്പെട്ട ചായ്ക്ക് (നാഗചൈതന്യയും) അഭിനന്ദനങ്ങൾ, പ്രിയപ്പെട്ട ശോഭിതയ്ക്ക് കുടുംബത്തിലേക്ക് സ്വാഗതം-നിങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ വളരെയധികം സന്തോഷം കൊണ്ടുവന്നു’ – നാഗാർജുന എക്സിൽ കുറിച്ചു.
അക്കിനേനി നാഗേശ്വര റാവു ഗാരുവിന്‍റെ ശതാബ്ദി വർഷത്തോടനുബന്ധിച്ച് സ്ഥാപിച്ച പ്രതിമയുടെ കീഴിൽ അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെ ഈ ആഘോഷം നടന്നപ്പോൾ അത് കൂടുതൽ ആഴത്തിലുള്ള അർത്ഥമുള്ളതായി എന്നും അദ്ദേഹം കുറിച്ചു.
ഈ താരവിവാഹത്തിന്റെ വീഡിയോ റൈറ്റ്സ് നെറ്റ്ഫ്ലിക്സ് വലിയ തുക നല്‍കി വാങ്ങിയിരുന്നു. വിവാഹ വീഡിയോയ്ക്കായി 50 കോടിയാണ് നെറ്റ്ഫ്ലിക്സ് ചിലവിട്ടതെന്നാണ് പുറത്ത് വരുന്ന വിവരം.