മാള :ഇന്ദിരാ ഭവന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മാള ഗവ. ആശുപത്രിയിലെ മെഡിക്കൽ വേസ്റ്റ് വലിച്ചെറിഞ്ഞതായി പരാതി. പൊയ്യ പഞ്ചായത്ത് രണ്ടാം വാർഡ് അംഗം വർഗീസ് കാഞ്ഞൂതറയാണ് മാലിന്യം വലിച്ചെറിഞ്ഞത് കണ്ടെത്തി പഞ്ചായത്ത് പ്രസിഡന്റിനെ വിവരമറിയിച്ചത്. തുടർന്ന് ബ്ലോക്ക് പ്രസിഡഡന്റ് രേഖ ഷാന്റി ജോസഫ്, മെമ്പർമാരായ സന്ധ്യ നൈസൻ, എ എ അഷറഫ്, മാള, പൊയ്യ പഞ്ചായത്തുകളിലെ ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർ സ്ഥലം സന്ദർശിച്ചു. മാള സർക്കാർ ആശുപത്രി സൂപ്രണ്ടിനു മാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞതിന് പൊയ്യ പഞ്ചായത്ത് സെക്രട്ടറി 10000 രൂപ പിഴ ചുമത്തി നോട്ടീസ് അയച്ചു. ഇതിനിടെ മാലിന്യം മോഷണം പോയെന്ന് പരാതി നൽകുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആശ സേവിയർ അറിയിച്ചു.