ചുഴലിക്കാറ്റ് കരതൊടുമ്പോള്‍ 90 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനു സാധ്യതയുണ്ട്.
ചെന്നൈ | ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കര തൊടുമെന്നതിനാല്‍ തമിഴ്‌നാട്ടില്‍ കനത്ത ജാഗ്രത. കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയില്‍ ഉച്ചയ്ക്ക് ശേഷം കാറ്റ് കര തൊടുമെന്നാണ് പ്രവചനം. തമിഴ്‌നാട് -തെക്കന്‍ ആന്ധ്രാ തീരമേഖലയിലാകെ അതീവജാഗ്രതയിലാണ്. ചുഴലിക്കാറ്റ് കരതൊടുമ്പോള്‍ 90 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനു സാധ്യതയുണ്ട്. ചെന്നൈ അടക്കം എട്ട് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഐ ടി ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം ഒരുക്കിയിട്ടുണ്ട്. ചെന്നൈയില്‍ നിന്നുള്ള പല വിമാനങ്ങളും വൈകും. ചെന്നൈ മെട്രോ രാത്രി 11 വരെ സാധാരണ നിലയില്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
നിലവില്‍ ചെന്നൈക്ക് 190 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റുള്ളത്. ഫിന്‍ജാല്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ രാഷ്ട്രപതിയുടെ ഇന്നത്തെ പരിപാടി റദ്ദാക്കി. തിരുവാരൂരില്‍ കേന്ദ്ര സര്‍വകലാശാലയുടെ പരിപാടിയില്‍ രാഷ്ട്രപതി പങ്കെടുക്കില്ല.
തമിഴ്‌നാട്ടില്‍ കനത്ത ജാഗ്രത നിര്‍ദേശം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചെന്നൈയിലേക്കും തിരിച്ചുമുള്ള 13 വിമാനങ്ങളാണ് ഇന്നലെ റദ്ദാക്കിയത്. എട്ടു ജില്ലകളില്‍ ഇന്ന് സ്‌പെഷ്യല്‍ ക്ലാസുകളോ പരീക്ഷകളോ നടത്തരുതെന്നാണ് നിര്‍ദ്ദേശമുണ്ട്. ബീച്ചുകളിലും അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലും പൊതുജനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് ശേഷം അനാവശ്യമായി പുറത്തിറങ്ങരുതെന്നും വാരാന്ത്യത്തില്‍ വിനോദ പരിപാടികള്‍ സംഘടിപ്പിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.