തൃശൂർ: അയൽവാസിയായ യുവതിയെ പീഡിപ്പിച്ച് വീഡിയോ പകർത്തിയ കേസിൽ വ്ലോഗർ അറസ്റ്റിൽ. മാരാംകോട് സ്വദേശി പടിഞ്ഞാക്കര ബിനീഷ് ബെന്നി (32)യെയാണ് വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാനും പ്രതി ശ്രമം നടത്തിയിരുന്നു.
അഞ്ച് മാസം മുൻപ് പ്രതിയുടെ വീട്ടിൽ കളിക്കാൻ എത്തിയ കുഞ്ഞിനെ എടുക്കാൻ വന്നപ്പോഴാണ് യുവതി പീഡനത്തിനിരയായത്. പീഡന ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ പ്രതി വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിനു ശ്രമിച്ചതായി പരാതിയിൽ പറയുന്നു.
യുവതി ഭർത്താവിനെ വിവരം അറിയിച്ചതിനു ശേഷം പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും പൊലീസ് പിടികൂടി. നേരത്തെ സ്ത്രീ പീഡനം, വിസ തട്ടിപ്പ് തുടങ്ങിയ കേസുകളിൽ ബിനീഷ് പ്രതിയായിരുന്നു.