Sunday, December 22, 2024
HomeCity Newsതെക്കോട്ടിറക്കവും കുടമാറ്റവും പ്രതിസന്ധിയിലാകും
spot_img

തെക്കോട്ടിറക്കവും കുടമാറ്റവും പ്രതിസന്ധിയിലാകും

തൃശ്ശൂർ : ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് അമിക്കസ്ക്യൂറി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നതോടെ പൂരം നടത്തിപ്പുകാരായ ദേവസ്വങ്ങളും പൂരപ്രേമികളും ആശങ്കയിലായി.എഴുന്നള്ളിപ്പിൽ ആനകൾ തമ്മിലുള്ള അകലവും ആനകളും കാണികളും തമ്മിലുള്ള അകലവും എഴുന്നള്ളിപ്പുകൾക്കിടയിലെ സമയപരിധിയുമാണ് ആശങ്കയ്ക്കു കാരണം.

തൃശ്ശൂർ പൂരത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ് തെക്കോട്ടിറക്കവും കുടമാറ്റവും. റിപ്പോർട്ടിലെ നിബന്ധനകൾ പാലിച്ചുകൊണ്ട് ഇവ നടത്തുക പ്രയാസമാകുമെന്ന് ദേവസ്വം ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ടിൽ പറയുന്ന വിധം ആനകൾ തമ്മിൽ അകലം പാലിക്കേണ്ടിവന്നാൽ 15 ആനകളെ തെക്കേഗോപുരനടയിലോ മറ്റിടങ്ങളിലോ ഉൾക്കൊള്ളാൻ കഴിയില്ല. പുരുഷാരത്തെ മീറ്ററുകൾ അകലെ നിർത്തുകയെന്ന നിബന്ധനയും പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കും.

ഇതിനെല്ലാമുപരിയാണ് എഴുന്നള്ളിപ്പുകൾ തമ്മിലുള്ള സമയദൈർഘ്യമുയർത്തുന്ന പ്രശ്നം. തൃശ്ശൂർ പൂരത്തിന് മണിക്കൂറുകൾ ഇടവേളയിൽ ഒരേ ചടങ്ങുകൾ ആവർത്തിക്കുന്നതാണ് ആചാരത്തിലുള്ളത്. രാവിലെ 10 ആനയെ എഴുന്നള്ളിച്ചാൽ അതേ എണ്ണം ആനകളെ മണിക്കൂറുകൾക്കകം നടക്കുന്ന ചടങ്ങിൽ എഴുന്നള്ളിക്കാൻ കഴിയില്ലെന്നത് അപ്രായോഗികമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കോടതിയിൽ സമർപ്പിക്കപ്പെട്ട നിർദേശപ്രകാരം ഇത്തരത്തിൽ രാവിലെ ആറുമണിക്ക് എഴുന്നള്ളിച്ച ഒരു ആനയെ പിറ്റേദിവസം ആറുമണി കഴിയാതെ വീണ്ടും എഴുന്നള്ളിക്കാൻ കഴിയില്ല. ഇത് പണച്ചെലവ് കൂട്ടും. കൂടുതൽ ആനകളെ എവിടെ കിട്ടുമെന്നതും ചോദ്യമാണ്. കേരളത്തിൽ നാട്ടാനകളുടെ എണ്ണം വളരെ പരിമിതമാണെന്നതാണ് കാരണം. ഈ സാഹചര്യത്തിൽ തൃശ്ശൂർ പൂരത്തിന്റെ പ്രഖ്യാതമായ ചടങ്ങുകൾ പൂർത്തിയാക്കാൻ എന്താണ് പോംവഴിയെന്ന ആലോചനയിലാണ് എല്ലാവരും.

പൂരത്തിന്റെ പ്രധാന നടത്തിപ്പുകാരായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ നിലവിൽത്തന്നെ നിർദേശങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചുകഴിഞ്ഞു. ആനകൾ തമ്മിലുള്ള അകലം മൂന്നു മീറ്ററിൽ കൂടുതലായാൽത്തന്നെ പല ചടങ്ങുകളും പ്രായോഗികമാകില്ലെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി മുൻപ് പുറപ്പെടുവിച്ച വിധിയുടെ അന്തസ്സത്തക്കെതിരാണ് പുതിയ നിർദേശമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ നിർദേശത്തിൻറെ ചേതോവികാരം എന്താണെന്ന് അറിയില്ലെന്നായിരുന്നു തിരുവമ്പാടി ദേവസം സെക്രട്ടറി കെ. ഗിരീഷ്കുമാറിൻ്റെ പ്രതികരണം. നിർദേശങ്ങൾ സാധൂകരിക്കുന്ന വിധിയാണ് വരുന്നതെങ്കിൽ അപ്പീലിനു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments