തൃശൂർ: തൃശൂർ അക്കിക്കാവിലുണ്ടായ വാഹനാപകടത്തിൽ പത്താംക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. അക്കിക്കാവ് ടിഎംഎച്ച്എസ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥി കൊരട്ടിക്കര പാതാക്കര കൊച്ചുപറമ്പിൽ മെഹബൂബിന്റെ മകൻ അൽ ഫൗസാൻ ആണ് മരിച്ചത്. രാവിലെ പത്തരയോടെ അക്കിക്കാവ് ജംഗ്ഷനിലായിരുന്നു അപകടം.
സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥിയെ കുന്നംകുളം ഭാഗത്തുനിന്ന് വരികയായിരുന്ന ഗ്യാസ് സിലിണ്ടർ നിറച്ച പിക്കപ് വാൻ ഇടിക്കുകയായിരുന്നു. പിക്കപ്പ് വാൻ കരിക്കാട് ഭാഗത്തുനിന്നും വന്ന വാഗണർ കാറിൽ ഇടിച്ചശേഷം സ്‌കൂട്ടറിലും സൈക്കിളിലും ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അൽ ഫൗസാനെ പെരുമ്പിലാവ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫൗസാന്റെ പിതാവ് മെഹബൂബും മാതാവ് സുലൈഖയും അൻസാർ ആശുപത്രി ജീവനക്കാരാണ്. അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനായ കൊങ്ങണൂർ വന്നേരി വളപ്പിൽ സുലൈമാൻ അൻസാർ ആശുപത്രിയിൽ ചികിത്സയിലാണ്.