തൃശൂർ ക്രിസ്‌മസ്–- പുതുവത്സര നാളുകളിൽ വിലക്കുറവുമായി സപ്ലൈകോ ജില്ലാ വിപണി തൃശൂരിൽ തുറന്നു. സഹകരണവകുപ്പിന്റെ കീഴിലുള്ള കൺസ്യൂമർഫെഡ് ജില്ലാ വിപണി തിങ്കളാഴ്‌ച പട്ടിക്കാട് തുറക്കും. പത്തു ദിവസമാണ് വിപണി തുറക്കുക. ഉത്സവ ച്ചന്തകളിൽ 13 ഇനം സാധനങ്ങൾ സബ്‌സിഡിയോടെ ലഭ്യമാക്കും.
അരി അഞ്ച് കിലോ ലഭിക്കും. വെളിച്ചെണ്ണ ഒരു ലിറ്റർ, പഞ്ചസാര, ചെറുപയർ, വൻകടല, ഉഴുന്ന്, വൻ പയർ, തുവരപ്പരിപ്പ് എന്നിവ ഒരു കിലോ വീതം ലഭിക്കും. മുളക്, മല്ലി അരകിലോ വീതം ലഭിക്കും. ഇതിനുപുറമെ 40 ശതമാനംവരെ വിലക്കുറവിൽ മറ്റു സാധനങ്ങളും ലഭിക്കും. ഉത്സവ സീസണുകളിൽ പ്രത്യേകം ചന്തകൾ തുറക്കുന്നതോടെ പൊതുവിപണിയിൽ വിലക്കയറ്റം പിടിച്ചു നിർത്താനാവും.
തെക്കേ ഗോപുര നടയിൽ സപ്ലൈകോ വിപണി മന്ത്രി കെ രാജൻ ഉദ്‌ഘാടനം ചെയ്‌തു. പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷനായി. ഡെപ്യൂട്ടി മേയർ എം എൽ റോസി ആദ്യവിൽപ്പന നടത്തി. സപ്ലൈകോ മേഖലാ മാനേജർ ടി ജെ ആശ, ബേബി സിറാജ് എന്നിവർ സംസാരിച്ചു.