പീച്ചി:ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ പീച്ചി വന ഗവേഷണ കേന്ദ്രത്തിൽ നടക്കുന്നത് കടുത്ത ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളും വിദ്യാർഥി ദ്രോഹ നടപടികളുമാണെന്ന് ഗവേഷക വിദ്യാർഥികൾ. ഫ്രാൻസിൽ നടന്ന അന്താരാഷ്ട്ര ബൊട്ടാണിക്കൽ കോൺഫറൻസിൽ പങ്കെടുത്ത് പ്രബന്ധാവതരണത്തിൽ സമ്മാനം നേടിയ സഹപാഠിയെ അഭിനന്ദിക്കുന്നതിന് ഒത്തുകൂടിയ ഗവേഷക വിദ്യാർഥികളെയാണ് സദാചാരത്തിന്റെ പേരിൽ നോട്ടീസ് കൊടുത്ത് ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയത്.
പരിപാടിയിൽ പെൺകുട്ടികൾ വന്നതാണ് ആക്ഷേപമായി ഉന്നയിക്കുന്നത്. രജിസ്‌റ്ററിൽ പേരെഴുതിയാണ് ഹോസ്റ്റലിൽ പ്രവേശിച്ചത്.
ഒരുവിഭാഗം അധ്യാപകർ പെൺകുട്ടികൾക്കെതിരെ അപവാദപ്രചാരണം നടത്തുകയാണെന്നും വിദ്യാർഥികൾ ആരോപിച്ചു.
ഒരു വിദ്യാർഥിയെ വിശദീകരണം പോലും ചോദിക്കാതെ പുറത്താക്കി. ക്യാമ്പസിൽ കയറുന്നതും വിലക്കി. വിദ്യാർഥികൾ രാത്രിയും പകലും വനത്തിനുള്ളിൽ ഉൾപ്പെടെ പോയി പഠനം നടത്തുന്ന സ്ഥാപനത്തിലാണ് സദാചാര നടപടി. സംഘടനാ പ്രവർത്തനം നടത്തുന്ന വിദ്യാർഥികളോടുള്ള ശത്രുതയാണ് ഗവേഷണ കേന്ദ്രം അധികൃതർ നടത്തുന്നതെന്ന് വിദ്യാർഥികൾ പറഞ്ഞു. ആദ്യഘട്ടത്തിൽ14 പേരെയാണ് ഹോസ്റ്റലിൽനിന്ന് പുറത്താക്കിയത്. ഹോസ്‌റ്റലിൽ യോഗം വിളിച്ച് നടന്ന കാര്യങ്ങൾ പരിശോധിക്കണമെന്ന ആവശ്യം പോലും നിഷേധിച്ചു. വിദ്യാർഥികൾ ഹൈക്കോടതിയിൽ പോയതിനെ ത്തുടർന്നാണ് കുറച്ചുപേരെ തിരിച്ചെടുത്തത്.