കുന്നംകുളം:ഹരിത നഗരസഭയെന്ന പ്രൗഢിക്ക് മാറ്റ് കൂട്ടി, കലോത്സവ നഗരിയിലും കുന്നംകുളം നഗരസഭയുടെ ശ്രദ്ധേയ ഇടപെടൽ. പ്ലാസ്റ്റിക് അനുബന്ധ മാലിന്യങ്ങൾ അപ്പപ്പോൾ നീക്കം ചെയ്യാൻ സംവിധാനമൊരുക്കി നഗരസഭയുടെ ഹരിത ബൂത്ത്. ഇതിന്റെ ഭാഗമായി കുന്നംകുളം ടൗൺഹാളിൽ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് നിർമിച്ച ഡോൾഫിൻ ശ്രദ്ധേയമായി.
നല്ല വീട്, നല്ല നഗരം പദ്ധതിക്ക് പേരുകേട്ട കുന്നംകുളം നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് കുപ്പികൾ ഉപയോഗിച്ച് ഡോൾഫിൻ മാതൃക ഒരുക്കിയിട്ടുള്ളത്. കലോത്സവ നഗരിയിൽ ഒരുക്കിയ സെൽഫി കോർണറിനോട് ചേർന്ന് 2000 ത്തോളം കുപ്പികൾ ഉപയോഗിച്ചാണ് ഡോൾഫിനെ നിർമിച്ചിട്ടുള്ളത്. കലാകാരനായ സണ്ണി ചീരനാണ് നിർമാണം. ഭൂമി മനുഷ്യന് മാത്രം അവകാശപ്പെട്ടതല്ലെന്നും എല്ലാ ജീവജാലങ്ങളുടെയുംകൂടിയാണെന്നും പ്ലാസ്റ്റിക് വലിച്ചെറിയുന്നത് പ്രകൃതിയെ എത്ര മാത്രം ദോഷമായി ബാധിക്കുമെന്നുമുള്ള സന്ദേശം ഉൾക്കൊണ്ട് 24 മണിക്കൂറും പ്രവർത്തനസജ്ജമായ ആരോഗ്യ വിഭാഗ ഉദ്യോഗസ്ഥരാണ് കുന്നംകുളത്തുള്ളത്.
നഗരസഭാ ചെയർപേഴ്സൺ സീത രവീന്ദ്രൻ ഹരിത ബൂത്ത് ഉദ്ഘാടനം ചെയ്തു. ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി ചെയർമാനായിട്ടുള്ള വി കെ സുനിൽകുമാർ അധ്യക്ഷനായി.
വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ എ കെ അജിതകുമാരി, ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ രെജിനേഷ് രാജൻ, ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റിയുടെ കൺവീനർ ടോം മാർട്ടിൻ, ആറ്റ്‌ലി പി ജോൺ എന്നിവർ സംസാരിച്ചു.