ഇന്ന് വൈകിട്ട് അഞ്ച് മണി വരെയാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ കസ്റ്റഡിയില്‍ വിട്ടു. ഇന്ന് വൈകീട്ട് അഞ്ച് മണി വരെയാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഇന്ന് ദിവ്യയെ കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന പൊലീസിന്റെ ആവശ്യപ്രകാരം കസ്റ്റഡിയില്‍ വിടുകയായിരുന്നു.
രണ്ട് ദിവസത്തേക്കായിരുന്നു ദിവ്യയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലേക്ക് ആവശ്യപ്പെട്ടത്. എന്നാല്‍ വൈകീട്ട് വരെയുള്ള സമയം മാത്രമേ കോടതി അനുവദിച്ചുള്ളു.
അതേസമയം ദിവ്യയുടെ ജാമ്യഹര്‍ജി അടുത്ത തിങ്കളാഴ്ച മാത്രമേ പരിഗണിക്കുകയുള്ളൂവെന്നാണ് വിവരം. തലശേരി പ്രിന്‍സിപ്പള്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യഹര്‍ജി പരിഗണിക്കുക. കേസില്‍ നവീന്‍ ബാബുവിന്റെ കുടുംബവും കക്ഷി ചേര്‍ന്നിട്ടുണ്ട്.
എന്നാല്‍ നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍. മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് നേരത്തെ ഉത്തരം പറഞ്ഞതാണ്. അതില്‍ കൂടുതലൊന്നും പറയാനില്ലെന്നായിരുന്നു നേരത്തെ അദ്ദേഹം വ്യക്തമാക്കിയത്.