2015 ഓഗസ്റ്റ് 30 ന് കർണാടകയിലെ ധാർവാഡിലെ വസതിയിൽ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെയിലാണ് ബൈക്കിലെത്തിയ അജ്ഞാത സംഘം പുരോഗമന സാഹിത്യകാരൻ എം.എം കൽബുർഗിയെ വെടിവെച്ചു കൊന്നത്. അന്ധവിശ്വാസത്തിനെതിരെയും വിഗ്രഹാരാധനയ്ക്കെതിരെയും സ്വീകരിച്ച നിലപാടുകളായിരുന്നു കൽബുർഗിയുടെ ജീവനെടുക്കാൻ അക്രമികൾക്ക് പ്രേരണയായത്. കൽബുർഗിയുടെ കൊലപാതകത്തിലും പ്രതികളെ പിടികൂടാതെയുള്ള സർക്കാരിൻ്റെ അനാസ്ഥയിലും കർണാടകത്തിലെ പുരോഗമന സമൂഹം കടുത്ത പ്രതിഷേധങ്ങൾ ഉയർത്തി. ഇതിനായി ചേർന്ന യോഗങ്ങൾക്ക് നേതൃത്വം കൊടുത്തവരിലൊരാൾ മാധ്യമപ്രവർത്തകയും ആക്റ്റിവിസ്റ്റും എഴുത്തുകാരിയുമൊക്കെയായ ഗൗരി ലങ്കേഷായിരുന്നു. അനന്തമൂർത്തിയെപ്പോലുള്ളവരുടെ മരണത്തിൽ സന്തോഷം പങ്കിടുകയും കൊലപാതികളെ സ്വാഗതം ചെയ്യുകയും ചെയ്യുന്ന ഫാസിസ്റ്റുകളുടെ കാലത്താണ് നമ്മൾ ജീവിക്കുന്നതെന്നാണ് ഗൗരി ലങ്കേഷ് അത്തരമൊരു പരിപാടിയിൽ പ്രസംഗിച്ചത്. വെറും രണ്ട് വർഷം മാത്രമേ പിന്നിട്ടുണ്ടായിരുന്നുള്ളു. 2017 സെപ്‌തംബർ അഞ്ച് രാത്രി എട്ടുമണിക്ക് തെക്കുപടിഞ്ഞാറൻ ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലെ വീടിനു മുന്നിൽ വെച്ച് മൂന്നംഗ സംഘം ഗൗരി ലങ്കേഷിന് നേരെ പോയിന്റ് ബ്ലാങ്കിൽ വെടിയുതിർത്തു. മൂന്ന് വെടിയുണ്ടകൾ ശരീരത്തിൽ തുളച്ചുകയറിയ ഗൗരി ലങ്കേഷ് തൽക്ഷണം കൊല്ലപ്പെട്ടു. അമ്പത്തഞ്ച് വയസ്സ് മാത്രമായിരുന്നു കൊല്ലപ്പെടുമ്പോൾ അവരുടെ പ്രായം.
പിറ്റെ ദിവസം ദി എക്കണോമിക് ടൈംസ് എന്ന മാധ്യമം ഇങ്ങനെ മുഖപ്രസംഗമെഴുതി: ‘ബംഗ്ലാദേശിൽ ലിബറൽ ബ്ലോഗർമാർ കൊല്ലപ്പെട്ടപ്പോഴും ശ്രീലങ്കയിൽ രാജപക്സെ അണകാലത്ത്, വിമർശകരായ ജേണലിസ്റ്റുകൾ അപ്രത്യക്ഷരായപ്പോഴും ഇന്ത്യ അത്തരം കാര്യങ്ങളിൽ നിന്ന് മുക്തമാണെന്നായിരുന്നു കരുതിയിരുന്നത്. രാജ്യത്തിൻ്റെ അത്തരം സങ്കൽപ്പങ്ങൾക്ക് മേൽ ഇനിയൊരു പ്രതീക്ഷയുമില്ല. സ്വതന്ത്രമനസ്സോടെ സംസാരിക്കുന്ന ജേണലിസ്റ്റുകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും നേരെ നടക്കുന്ന ആക്രമണങ്ങളാണ്.’
ആരായിരുന്നു ഗൗരി ലങ്കേഷ് ?
കർണാടകത്തിലെ പ്രശസ്‌ത കവിയും പത്രാധിപരും ചെറുകഥാകൃത്തും നോവലിസ്റ്റും നാടക സിനിമ സംവിധായകനുമായിരുന്നു ഗൗരിയുടെ പിതാവ് പി ലങ്കേഷ്. ആറ് കഥാസമാഹാരങ്ങളും മൂന്ന് നോവലുകളും പത്ത് നാടകങ്ങളും നാല് നിരൂപണ ഗ്രന്ഥങ്ങളും ലങ്കേഷിൻ്റേതായിട്ടുണ്ട്. പി. ലങ്കേഷ് സൃഷ്ടിച്ച ആ ബൗദ്ധിക സാഹചര്യത്തിലാണ് ഗൗരി വളർന്നത്. ചെറുപ്പകാലം മുതൽ അവർ വായിച്ച പുസ്‌തകങ്ങളും കണ്ട സിനിമകളുമെല്ലാം ഗൗരി ലങ്കേഷ് എന്ന പോരാളിയെ വളർത്തിയെടുത്തു. പിതാവിൻ്റെ സ്വാധീനവും ലങ്കേഷിന്റെ അതിഥികളായിവീട്ടിലെത്തിയിരുന്ന രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ബുദ്ധിജീവികളുടെ സാമീപ്യവുമെല്ലാം ഗൗരിയുടെ നിലപാടുകളെ വളർത്തി ചെറിയ പ്രായത്തിൽ തന്നെ അവർ നിരീശ്വരവാദിയും മതേതരവാദിയും ഇടതുപക്ഷക്കാരിയുമായി മാറി.
ചെറുപ്പം മുതൽ തന്നെ മാധ്യമപ്രവർത്തനമാണ് തൻ്റെ മേഖല എന്ന് തിരിച്ചറിഞ്ഞ ഗൗരി എൺപതുകളിൽ തന്നെ ജോലിയിൽ പ്രവേശിച്ചു. ടൈംസ് ഓഫ് ഇന്ത്യ, സൺഡേ മാഗസിൻ, ഈ നാട് ടി.വി എന്നിവയിലെല്ലാം പ്രവർത്തിച്ചു. അതിനിടയിലാണ് 2000-ൽ പി. ലങ്കേഷ് മരണപ്പെടുന്നത്. അതോടെ അദ്ദേഹം ലങ്കേഷ് പത്രികെ പൂട്ടാനായിരുന്നു കുടുംബാംഗങ്ങളുടെ തിരുമാനം. പക്ഷെ ടാബ്ലോയിഡിന്റെ പബ്ലിഷർ ലങ്കേഷ് പത്രികെ പോലൊരു മാധ്യമം ഇക്കാലത്ത് നിലനിൽക്കേണ്ടതിൻ്റെ പ്രാധാന്യം ഗൗരിയെ ഓർമ്മിപ്പിച്ചു. അങ്ങനെ ഗൗരിയും സഹോദരൻ ഇന്ദ്രജിത്തും ചേർന്ന് ലങ്കേഷ് പത്രികെയുടെ പ്രവർത്തനം ഏറ്റെടുത്തു. അന്ന് 38 വയസ്സായിരുന്നു ഗൗരിയുടെ പ്രായം. അക്കാലം വരെ ഇംഗ്ലീഷിൽ മാത്രം മാധ്യമപ്രവർത്തനം നടത്തിയിരുന്ന ഗൗരി ലങ്കേഷ് കുറഞ്ഞ കാലം കൊണ്ട് തന്നെ കന്നഡയിലെ അറിയപ്പെടുന്ന മാധ്യമപ്രവർത്തകയും സാമൂഹിക വിമർശകയുമായി മാറി. ആദ്യകാലത്ത് ഇംഗ്ലീഷിൽ എഴുതി കന്നഡയിലേക്ക് തർജമ ചെയ്യിച്ചിരുന്ന ഗൗരി മാസങ്ങൾ കൊണ്ട് തന്നെ കന്നഡയിൽ അതിമനോഹരമായി എഴുതാൻ ശീലിച്ചു. ലങ്കേഷ് പത്രികെയുടെ ബിസിനസ് ചുമതലയായിരുന്നു സഹോദരൻ ഇന്ദ്രജിത്ത് വഹിച്ചിരുന്നത്. പിന്നീട് ടാബ്ലോയിഡിന്റെ രാഷ്ട്രീയ നയം സംബന്ധിച്ച് ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായി. ഇത് കോടതിയിലും കേസിലുമെത്തി. ഇതിനെ തുടർന്നാണ് അവർ ഗൗരി ലങ്കേഷ് പത്രികെ എന്ന പുതിയ ടാബ്ലോയിഡ് ആരംഭിക്കുന്നത്. കുറഞ്ഞകാലം കൊണ്ട് അതിന് ഒരു ലക്ഷത്തോളം വരിക്കാരുണ്ടാവുകയും പരസ്യമില്ലാതെ അവസാന കാലം വരെ തുടരുകയും ചെയ്തു. ഇന്ത്യയിൽ സ്വന്തം പേരിൽ പത്രമിറക്കാൻ ധൈര്യപ്പെട്ട ചുരുക്കം പത്രപ്രവർത്തകരിലൊരാളായിരുന്നു ഗൗരി.
വിട്ടുവീഴ്ചയില്ലാത്ത മാധ്യമപ്രവർത്തക
കന്നഡ ഭാഷയിൽ മാത്രം ഇറങ്ങുന്ന ഒരു ടാബ്ലോയിഡായിരുന്നു ഗൗരിലങ്കേഷ് പത്രികെ. പക്ഷെ നല്ല മൂർച്ചയുള്ള മാധ്യമപ്രവർത്തനം തന്നെയായിരുന്നു അവർ നടത്തിയിരുന്നത്. ശക്തമായ അന്വേഷണ റിപ്പോർട്ടുകൾ ഗൗരി ലങ്കേഷ് തന്റെ മാധ്യമത്തിലൂടെ പ്രസിദ്ധീകരിച്ചിരുന്നു. പരസ്യ വരുമാനം വേണ്ടെന്ന് വച്ചു. മരണത്തിന് തൊട്ടുമുൻപ് എഴുതിയ മുഖപ്രസംഗത്തിലും അവർ ബി.ജെ.പിയെ നിശിതമായി വിമർശിച്ചു. വ്യാജവാർത്തകൾ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനെ കുറിച്ചുള്ള മുഖപ്രസംഗത്തിൽ, ഹൈദരാബാദിൽ മുസ്ലീങ്ങൾ ത്രിവർണ പതാക കത്തിക്കുന്നതായുള്ള അടിക്കുറിപ്പോടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി പോസ്റ്റ് ചെയ്‌ത ചിത്രം പാകിസ്താനിൽ വിഘടനവാദികൾ നടത്തിയ സമരത്തിൻ്റെതാണെന്നും കേന്ദ്രമന്ത്രി പിയുഷ് ഗോയൽ പോസ്റ്റ് ചെയ്‌ത 50000 കിലോമീറ്റർ റോഡിൽ വഴിവിളക്കുകൾ സ്ഥാപിച്ചതായി കാണിക്കുന്ന ചിത്രം ജപ്പാനിൽ നിന്നുള്ളതാണെന്നും അവർ വിമർശിച്ചു. ഗവൺമെൻ്റ് നൽകുന്ന വാർത്തകളും ചിത്രങ്ങളും കണ്ണടച്ച് പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളെ കുറ്റപ്പെടുത്തി. പ്രഹ്ലാദ് ജോഷി എം.പി. ഉമേഷ് ദുഷി എന്നീ ബി.ജെ.പി. നേതാക്കൾ നൽകിയ മാനനഷ്ടക്കേസിൽ അവർ ശിക്ഷിക്കപ്പെടുകപോലുമുണ്ടായി. പക്ഷെ അതൊന്നും അവരെ ഭയപ്പെടുത്തുകയോ പിന്തിരിയാൻ പ്രേരിപ്പിക്കുകയോ ചെയ്‌തിരുന്നില്ല.
ഒരു രാഷ്ട്രീയ ആക്ടിവിസ്റ്റിൻ്റെ പ്രസിദ്ധീകരണം എന്നതിലപ്പുറം മാധ്യമപ്രവർത്തനത്തെ അതിൻ്റെ പൂർണതയിൽ തന്നെയായിരുന്നു ഗൗരി കണ്ടിരുന്നത്. പതിനാറ് മണിക്കൂറോളം അവർ ദിവസവും ജോലി ചെയ്തിരുന്നു. വാർത്തകളുടെ എഡിറ്റിങ്ങിലും പ്രൂഫ് റീഡിങ്ങിലുമെല്ലാം അവർ വലിയ കണിശത പുലർത്തി. പത്രികയിലെ ഓരോ വാർത്തകളും ലേഖനങ്ങളും നേരിട്ട് മൂന്ന് തവണയെങ്കിലും വായിച്ച് കൃത്യത ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ ഗൗരി അവ പ്രസിദ്ധീകരിക്കുള്ളുവായിരുന്നെന്ന് സഹപ്രവർത്തകർ അനുസ്മരിച്ചിട്ടുണ്ട്. ശരിയായ വാർത്ത ജനങ്ങളിലെത്തിക്കുന്നതിൽ അവർ ഒരു വിട്ടുവീഴ്ചയും നടത്തിയിരുന്നില്ല. പലതവണ ജീവന് ഭീഷണിയുണ്ടായി. 2006-ൽ ഷിമോഗ ലിറ്ററേച്ചൽ ഫെസ്റ്റിവലിൽ വെച്ച് ആക്രമിക്കപ്പെട്ടു. പക്ഷെ ഒരടിപോലും പിന്നോട്ട് വെക്കാൻ അവർ തയ്യാറായില്ല. ഭയപ്പെടുത്തി നിശബ്‌ദയാക്കാൻ സാധിക്കില്ല എന്ന തിരിച്ചറിവ് തന്നെയാണ് എതിരാളികളെ കൊണ്ട് അവരുടെ ജീവനെടുപ്പിച്ചതും. ‘ചഡ്ഡികള മരണ ഹോമ’ എന്ന ലേഖനമെഴുതിയില്ലായിരുന്നെങ്കിൽ ഗൗരി ലങ്കേഷ് കൊല്ലപ്പെടില്ലായിരുന്നുവെന്ന ചിക്കമംഗളൂരുവിലെ ബി.ജെ.പി എം.എൽ.എ ആയിരുന്ന ഡി.എൻ ജീവാംഗിയുടെ പ്രസ്‌താവന ഇതിന് തെളിവാണ്.
ഹിന്ദുത്വ രാഷ്ട്രീയവും ഹിന്ദുധർമവും
സമൂഹത്തിന്റെ എല്ലാ മേഖലകളിലും നിലനിന്നിരുന്ന അനീതികൾക്കും തിന്മകൾക്കുമെതിരേ ഗൗരി ലങ്കേഷ് പോരാടി. എല്ലാ കാലത്തും ഹിന്ദുത്വ രാഷ്ട്രീയത്തെ ശക്തമായി എതിർത്ത മാധ്യമപ്രവർത്തകയായിരുന്നു അവർ. തിവ്രഹിന്ദു രാഷ്ട്രീയത്തിനെതിരെ പ്രചാരണം നടത്തുന്ന കൊമു സൗഹാർദ വേദികയുടെ അംഗവുമായിരുന്നു. സ്വാതന്ത്ര്യസമര സേനാനി എച്ച്.എസ് ദുരൈസ്വാമിയുമായി ചേർന്ന് ദളിതർക്ക് വേണ്ടിയുള്ള സമരമുഖങ്ങൾ തുറന്നു. ഇത്തരം നടപടികൾ വെല്ലുവിളികൾ നിറഞ്ഞതാണെങ്കിലും ഒരിക്കലും പിന്മാറിയില്ല. ബാബാ ബുധൻ ഗിരി വിഷയത്തിലെ സമരത്തിൽ ഉൾപ്പടെ അവരെ അറസ്റ്റ് ചെയ്ത് ജയിലലടച്ചു. ഉഡുപ്പി ക്ഷേത്രത്തിലെ ജാതീയ വേർതിരിവിനെതിരായ പോരാട്ടത്തിൻ്റെ നേത്യസ്ഥാനത്ത് ഗൗരിയുണ്ടായിരുന്നു. ഗുജറാത്തിലെ ദളിത് നേതാവായ ജിഗ്നേഷ് മേവാനിയെയായിരുന്നു ആ സമരത്തെ നയിക്കാൻ ഗൗരിയും സുഹൃത്തുക്കളും രംഗത്തിറക്കിയത്. ഇവർ നയിച്ച ഉഡുപ്പി ചലോ മാർച്ചിൽ ആയിരക്കണക്കിന് ദളിതർ അണിനിരന്നു. മൈസൂർ ദസറയ്ക്ക് സമാന്തരമായി ദളിതർ നടത്തിയിരുന്ന മഹിഷാ ദസറയ്ക്ക് നേരെ വർഗീയ ശക്തികൾ തിരിഞ്ഞ ഘട്ടത്തിൽ അവരുടെ അവകാശത്തിനായി പോരാടിയവരുടെ കൂട്ടത്തിലും ഗൗരി ലങ്കേഷുണ്ടായിരുന്നു. കർണാടകയിലെ ബി.ജെ.പി സർക്കാർ യു ആർ അനന്തമൂർത്തി ഉൾപ്പടെയുള്ളവരുടെ കൃതികൾ പാഠപുസ്തകങ്ങളിൽ നിന്ന് പിൻവലിച്ച് ആർ.എസ്.എസ് അനുകൂല എഴുത്തുകാരുടെ സൃഷ്ടികൾ ഉൾകൊള്ളിച്ചതിനെതിരെ നടന്ന പ്രക്ഷോഭത്തിലും പങ്കാളിയായി. മാവോയിസ്റ്റുകളെ ബോധവത്‌കരിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനുള്ള ഗൗരി ലങ്കേഷിൻ്റെ പദ്ധതി കർണാടകയിൽ വലിയ വിജയമായി മാറി. കർണാടകയിലെ പിടികിട്ടാപ്പുള്ളികളായിരുന്ന നിരവധി മാവോയിസ്റ്റുകൾ ഗൗരിയുടെ കൈപിടിച്ച് അക്രമത്തിൻ്റെ പാത ഉപേക്ഷിച്ചു. കുടകിൽ ആദിവാസികളെ സർക്കാർ വേട്ടയാടിയപ്പോൾ അവിടെ ഓടിയെത്തി. ലിംഗായത്ത് സമുദായാംഗമായ ഗൗരിക്ക് ലിംഗായത്ത് മഠങ്ങളുമായി
അടുപ്പമുണ്ടായിരുന്നു ലിംഗായത്തുകളെ ബ്രാഹ്മണിക്കൽ ഹിന്ദു സ്വാധീനത്തിൽ നിന്ന് മോചിപ്പിക്കുക എന്ന ആശയത്തിൻ്റെ വക്താവായ അവർക്ക് സമുദായത്തിലെ ഒരു വിഭാഗം പുരോഹിതരുടെയും പിന്തുണയുണ്ടായിരുന്നു. ഒരു ഘട്ടത്തിൽ സിദ്ധരാമില്ല അണകൂടവും ഇതിനെ പിന്തുണച്ചു
രാഷ്ട്രീയമായും സാമൂഹികമായും ഇത്തരം രാഷ്ട്രീയത്തെ എതിർക്കുക എന്നത് ഗൗരി തന്റെ ജീവിതലക്ഷ്യമായി കരുതിയിരുന്നു. കിട്ടിയ എല്ലാ വേദികളിലും അവർ ബി.ജെ.പിയെയും ആർ.എസ്.എസിനെയും എതിർത്ത് സംസാരിച്ചു. “ഇന്ത്യൻ പൗര എന്ന നിലയിൽ ഞാൻ ബി.ജെ.പിയുടെ വർഗീയ രാഷ്ട്രീയത്തെ എതിർക്കുന്നു. ഹിന്ദുധർമത്തിൻ്റെ ഭാഗമായി ജാതി വ്യവസ്ഥ ഊട്ടിയുറപ്പിക്കുന്നതിനെ ഞാൻ എതിർക്കുന്നു. ഹിന്ദു ധർമത്തെ തെറ്റായി വ്യാഖ്യാനിക്കുന്നതിനെയും ഞാൻ എതിർക്കുന്നു- അവസാനകാലത്തെ ഒരു പ്രസംഗത്തിൽ ഗൗരി പറഞ്ഞു. മരണം വരെ ഹിന്ദുത്വ ഫാസിസ്റ്റ് രാഷ്ട്രീയത്തെ എതിർക്കുമെന്ന് പറഞ്ഞ ഗൗരിക്ക് അതിനായി ഒരുപാട് നിയമ പോരാട്ടങ്ങളും നടത്തേണ്ടി വന്നു. തീവ്ര ഹിന്ദു സംഘടനകളുടെ ഭീഷണി നേരിട്ട പുരോഗമന എഴുത്തുകാരൻ കെ.എസ് ഭഗവാനെ പിന്തുണച്ചപ്പോഴും എതിർപ്പുകൾ നേരിടേണ്ടി വന്നു. ഹിന്ദുത്വ രാഷ്ട്രീയ വിമർശനത്തെ തൻ്റെ ഹിന്ദുധർമവും ഭരണഘടനാപരമായ ചുമതലയുമായായിരുന്നു കണ്ടിരുന്നത്. രാജ്യത്ത് സർവകലാശാസകൾ കേന്ദ്രീകരിച്ച് ഉയർന്നുവന്ന വിദ്യാർഥി മുന്നേറ്റത്തിലാണ് രാജ്യത്തിന്റെ ഭാവിയെന്ന് ഗൗരി ലങ്കേഷ് പ്രഖ്യാപിച്ചു. ജെ.എൻ.യുവിലെ സമര നേതാവ് കനയ്യ കുമാറിനെയും ദളിത് വിദ്യാർഥി നേതാവ് ജിഗ്നേmal മേവാനിയെയും സ്വന്തം മക്കളായി ആയിരുന്നു അവർ കരുതിയിരുന്നത്. ഒരമ്മയുടെ സ്നേഹത്തോടെ തങ്ങളെ തേടിയെത്തിയിരുന്ന ഗൗരി ലങ്കേഷിന്റെ കത്തുകളെ കുറിച്ച് അവർ ഗൗരി'( Our Gowri) എന്ന ഡോക്യുമെന്ററിയിൽ കനയ്യയും ജിഗ്നേഷും അനുസ്‌മരിക്കുന്നുണ്ട്.
മരണമുറപ്പാക്കാനായി ഏഴ് തവണയാണ് അക്രമികൾ വെടിയുതിർത്തത്. മൂന്നെണ്ണം മൃതദേഹത്തിൽ നിന്നും കിട്ടി നാലെണ്ണം പാഴായിപ്പോയി. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു അവർ കൊലപാതകം നടത്തിലാക്കിയത് ‘ഈവന്റ്’ എന്ന രഹസ്യനാമമായിരുന്നു കൊലപാതക പദ്ധതിക്ക് നൽകിയിരുന്നത്. കർണാടകയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭങ്ങൾക്കായിരുന്നു ഗൗരി ലങ്കേഷിൻ്റെ കൊലപാതകം തിരികൊളുത്തിയത്. അതിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രാജ്യത്തുടനീളം പ്രക്ഷോഭങ്ങൾ നടന്നു. ബുദ്ധിജീവികളും സാധാരണക്കാരും ഉൾപ്പടെയുള്ളവർ നീതിക്കായി രംഗത്തിറങ്ങി. ഗൗരിയെ ഏറെ മതിപ്പോടെ കണ്ടിരുന്ന അന്നത്തെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ചു. പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പത്ത് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചു. എം.എം കൽബുർഗി, ഗോവിന് പാൻസാരെ, നരേന്ദ്ര ദാഭോൽക്കർ എന്നവരെ കൊലപ്പെടുത്താൻ ഉപയോഗിച്ച 7.65 എം.എം തോക്ക് തന്നെയായിരുന്നു ഗൗരിയേയും’ ഇല്ലാതാക്കിയത്. സനാതൻ സൻസ്‌ത എന്ന തിവ്രഹിന്ദുത്വ സംഘടനയാണ് കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംഘടനയുടെ പ്രവർത്തകരായ പതിനെട്ട് പേർ അറസ്റ്റ് ചെയ്യപ്പെട്ടു. പരശുറാം വാഗ്മർ എന്നയാളാണ് വെടിവെച്ചതെന്ന് പ്രത്യേക അന്വേഷണസംഘം ективней. 2015 al 30 ms mod 239325 ال enl ചാർജ് ഷീറ്റുകൾ അന്വേഷണ സംഘം സമർപ്പിച്ചു. വിചാരണ വൈകുന്നതിനെതിരേ ഗൗരിയുടെ കുടുംബം കോടതിയെ സമീപിച്ചു. തുടർന്നും ഏറെ വിവാദങ്ങളുണ്ടായ കേസിൽ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.