ദില്ലി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാറിന്‍റെ യുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത മാസം 17ലേക്ക് മാറ്റിവെച്ച് സുപ്രീംകോടതി. വിചാരണ എന്തായി എന്ന് അറിയിക്കാനും സുപ്രീംകോടതി നിർദേശം നൽകി. കേസ് ഏഴ് കൊല്ലമായല്ലോ എന്നും കേസ് പരിഗണിക്കുന്നതിനിടെ കോടതി അഭിപ്രായപ്പെട്ടു. ഇനി എത്ര സാക്ഷികളെ വിസ്തരിക്കണം എന്ന് അറിയിക്കാനും സുപ്രീംകോടതി നിർദ്ദേശം നൽകി. ആരോഗ്യപ്രശ്നങ്ങൾ കാരണം ജാമ്യം നൽകണമെന്നാണ് പള്‍സര്‍ സുനിയുടെ ആവശ്യം.
നടിയെ ആക്രമിച്ച കേസിൽ ദിലീപിൻറെ അഭിഭാഷകൻ തന്നെ 95 ദിവസം ക്രോസ് വിസ്താരം ചെയ്തു എന്ന് പൾസർ സുനി പറഞ്ഞു. ജാമ്യാപേക്ഷയുടെ ഭാഗമായി സുപ്രീംകോടതിയിൽ നല്കിയ അനുബന്ധ രേഖയിലാണ് പൾസർ സുനി ഇക്കാര്യം വ്യക്തമാക്കിയത്. ജാമ്യപേക്ഷ പരിഗണിച്ച രണ്ടംഗ ബഞ്ചിനു മുമ്പാകെ പൾസർ സുനിയുടെ അഭിഭാഷകൻ ഇക്കാര്യം ഉന്നയിച്ചു. ഇതു ശരിയാണോ എന്നറിയിക്കാൻ സംസ്ഥാന സർക്കാരിന് കോടതി നിർദ്ദേശം നല്കി.
കേസ് ഏഴു വർഷമായി നടക്കുകയാണല്ലോ എന്ന പരാമർശവും സുപ്രീം കോടതി നടത്തി. എത്ര സാക്ഷികളെ വിസ്തരിച്ചു എന്ന ചോദ്യത്തിന് 261 സാക്ഷികളെന്നാണ് അറിവെന്ന് പൾസർ സുനിയുടെ അഭിഭാഷകൻ ശ്രീറാം പാറക്കാട്ട് മറുപടി നല്കി. കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിയാൽ എല്ലാ വിവരവും നല്കാമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. അടുത്ത മാസം 17ന് ഹർജി പരിഗണിക്കും മുമ്പ് വിചാരണ ഏതു വരെയായി എന്നറിയിക്കാനാണ് സുപ്രീം കോടതി നിർദ്ദേശിച്ചത്.