കൊച്ചി: നടനും എംഎല്‍എയുമായ മുകേഷിനെതിരെ ഉയരുന്ന ലൈംഗികാരോപണങ്ങളില്‍ പ്രതികരണവുമായി കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി. ആരോപണങ്ങള്‍ മാധ്യമസൃഷ്ടിയാണെന്ന് സുരേഷ് ഗോപി പറഞ്ഞു. മുകേഷിന്റെ കാര്യം കോടതി പറയുമെന്നും പരാതികള്‍ ആരോപണത്തിന്റെ രൂപത്തിലാണ് നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങള്‍ മാധ്യമങ്ങളുടെ തീറ്റയാണെന്ന് പറഞ്ഞ സുരേഷ് ഗോപി മാധ്യമങ്ങളെയും വിമര്‍ശിച്ചു.
‘വിവാദങ്ങള്‍ മാധ്യമങ്ങളുടെ തീറ്റയാണ്. നിങ്ങള്‍ അത് വെച്ച് കാശുണ്ടാക്കിക്കോളൂ, കുഴപ്പമില്ല. ഒരു വലിയ സംവിധാനത്തെ തകിടം മറക്കുകയാണ് മാധ്യമങ്ങള്‍. സര്‍ക്കാര്‍ കോടതിയില്‍ ചെന്നാല്‍ കോടതി എടുക്കും, എടുത്തോട്ടെ. കോടതിക്ക് ബുദ്ധിയുണ്ട്, യുക്തിയുണ്ട്. കോടതി തീരുമാനിക്കും. ആളുകളെ തമ്മില്‍ തല്ലിച്ച് ചോര കുടിക്കുക മാത്രമല്ല സമൂഹത്തിന്റെ മാനസികാവസ്ഥയെ തകിടം മറക്കുകയാണ് മാധ്യമങ്ങള്‍,’ സുരേഷ് ഗോപി പറഞ്ഞു. നിങ്ങള്‍ കോടതിയാണോയെന്ന് ചോദിച്ച സുരേഷ് ഗോപി കോടതി തീരുമാനിക്കുമെന്ന് കൂട്ടിച്ചേര്‍ത്തു.
മുകേഷിന്റെ രാജിയാവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ് പ്രതിപക്ഷ സംഘടനകള്‍. പ്രതിപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നും പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. മുകേഷിന്റെ കൊല്ലത്തെ വീട്ടിലേക്കും എംഎല്‍എയുടെ ഓഫീസിലേക്കും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. ഇരയ്‌ക്കൊപ്പമെന്ന വാദം സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും പാര്‍ട്ടി എംഎല്‍എക്കെതിരെ ആരോപണം വന്നപ്പോള്‍ വേട്ടക്കാരനൊപ്പം നില്‍ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. തുടര്‍ച്ചയായി ലൈംഗികാരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് രാജി സംബന്ധിച്ച ആവശ്യവും ശക്തമായത്.
അതേസമയം ലൈംഗികാരോപണമടക്കമുള്ള കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടവര്‍ എഎംഎംഎയിലെ താക്കോല്‍ സ്ഥാനങ്ങളില്‍ നിന്ന് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം അംഗങ്ങള്‍ രംഗത്തെത്തി. എഎംഎംഎയിലെ അംഗമെന്ന് പറയുന്നതുതന്നെ അപമാനമായി മാറുന്നുവെന്നാണ് ഇവരുടെ ആക്ഷേപം. നിലപാടും നടപടിയും വൈകിച്ചു ഇനിയും നാണക്കേട് ക്ഷണിച്ചു വരുത്തരുതെന്ന ആവശ്യമാണ് ഇക്കൂട്ടര്‍ ഉന്നയിക്കുന്നത്. ആരോപണ വിധേയരില്‍ നിന്ന് വിശദീകരണം ചോദിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. മുകേഷ്, ജയസൂര്യ ഉള്‍പ്പെടെയുള്ളവര്‍ ആരോപണ നിഴലില്‍ നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ആവശ്യം. എക്സിക്യൂട്ടീവ് ചേരാതെ എങ്ങനെ വിശദീകരണം തേടുമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ ചോദ്യം. എക്സിക്യൂട്ടീവ് യോഗം നീണ്ടു പോകുന്നതിലും എഎംഎംഎയിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്.