തൃശൂർ: യാത്രാസൗകര്യത്തിനൊപ്പം വ്യാപാര-വ്യവസായ മുന്നേറ്റംലക്ഷ്യമിട്ടു തൃശൂർ റെയിൽവേ സ്‌റ്റേഷൻ രാജ്യാന്തര നിലവാരത്തിൽ നവീകരിക്കുമെന്നു വിമാനത്താവളങ്ങളിലേതു പോലെ ആഗമന- പുറപ്പെടൽ ടെർമിനലുകൾ സ്‌ഥാപിക്കുമെന്നു കേന്ദ്ര മന്ത്രി സുരേഷ് ഗോപി. 25 വർഷം ലക്ഷ്യമിട്ടുള്ള വികസനത്തിനു 2 വലിയ പദ്ധതികൾ തയാറാണെന്നും ഇവയുടെ അവതരണവും വിശദീകരണവും ഉടൻ തൃശൂരിൽ നടത്തുമെന്നും മന്ത്രി പറഞ്ഞു. ചേംബർ ഓഫ് കൊമേഴ്‌സ് തൃശൂരിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനവും ചേംബർ ഡേയും’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ചേംബർ പ്രസിഡന്റ് സജീവ് മഞ്ഞില അധ്യക്ഷത വഹിച്ചു.
വിവിധ മേഖലകളിൽ മികവു പുലർത്തിയവർക്കു പുരസ്ക്‌കാരം മന്ത്രി സമ്മാനിച്ചു. പുളിമൂട്ടിൽ സിൽക്‌സ് സിഇഒയും എംഡിയുമായ ഏബ്രഹാം ചാക്കോ (മികച്ച സംരംഭകൻ), വെബൻഡ്ക്രാഫ്റ്റ്സ് സിഇഒ ജിലു ജോസഫ് (വനിതാ സംരംഭക), എളനാട് മിൽക് മേധാവി കെ.എം. സജീഷ്‌കുമാർ (യുവ സംരംഭകൻ), മനോരമന്യൂസ് ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് (മാധ്യമ പ്രവർത്തനം), മുൻ ഇന്ത്യൻ ഫുട്ബോൾ താരം വിക്‌ടർ മഞ്ഞില (കായികം), കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ്‌കുമാർ (സംഘാടനം).
പുനർജീവൻ ട്രസ്‌റ്റ് ചെയർമാൻ മാത്യു ചുങ്കത്ത് (സാമൂഹിക സേവനം), സൺ മെഡിക്കൽ ആൻഡ് റിസർച് സെന്ററിലെ ന്യൂറോ സർജൻ ഡോ.ദേവ പ്രസാദ് (ആരോഗ്യം). തൃശൂർ ഈസ്‌റ്റ് സർക്കിൾ ഇൻസ്പെക്ടർ എം.ജെ. ജിജോ (പൊലീസ് സേവനം), കല്ലിങ്കൽ പ്ലാന്റേഷൻ സാരഥി സ്വപ്‌ന കല്ലിങ്കൽ (കൃഷി), നടൻ ജയരാജ് വാരിയർ (കലാ-സാംസ്‌കാരികം), ജില്ലാ ജനറൽ ആശുപത്രിയിലെ നഴ്സ‌് എം.വി. വിധു (ആതുരസേവനം) എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. മന്ത്രി കെ. രാജൻ, മേയർ എം.കെ. വർഗീസ്, പി.ബാലചന്ദ്രൻ എംഎൽഎ, പ്ലാറ്റിനം ജൂബിലി കമ്മിറ്റി ചെയർമാൻ ടി.എസ്. പട്ടാഭിരാമൻ, ജനറൽ കൺവീനർ പി.കെ. ജലീൽ, കൺവീനർ സോളി തോമസ്, ചേംബർ സെക്രട്ടറി പി.കെ. ഹാരിഫ്, ജനറൽ സെക്രട്ടറി ഷൈൻ തറയിൽ എന്നിവർ പ്രസംഗിച്ചു.