തൃശ്ശൂർ: കഥകളിയെ മോശമാക്കുന്ന തരത്തിൽ തലയിൽ കിരീടം വെക്കുകയും ചുട്ടി കുത്തുകയും അർദ്ധനഗ്നസ്ത്രീകളും ആധുനിക വസ്ത്രങ്ങൾ ധരിച്ച സ്ത്രീകളും മോഡലായ ചിത്രങ്ങളാണ് സാമൂഹിക ഓൺലൈൻ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. കഥകളി ആസ്വാദകരും സ്വദേശത്തും വിദേശത്തുമുള്ള കഥകളി കലാകാരന്മാരും ചിത്രങ്ങൾക്കെതിരെ രംഗത്തെത്തി. മഹത്തായ കഥകളി പാരമ്പര്യത്തെ മോശമാക്കിയവർക്കെതിരെ നടപടി വേണമെന്ന ആവശ്യമുയർന്ന സാഹചര്യത്തിലാണ് കഥകളി കലാകാരന്മാരും കലാമണ്ഡലവും രംഗത്തെത്തിയത്. കലാമൂല്യങ്ങൾക്കെതിരായ കടന്നുകയറ്റത്തിനെതിരെ സൈബർ സെല്ലിന് പരാതി നൽകുമെന്ന് കലാമണ്ഡലം വൈസ് ചാൻസലർ ഡോ.ബി അനന്തകൃഷ്ണൻ പറഞ്ഞു. നിയമോപദേശം തേടിയശേഷം തുടർനടപടി എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.