ഓണ്‍ലൈന്‍ ട്രേഡിലൂടെ രണ്ടു കേസുകളിലായി ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കേസുകളിലെ പ്രതികള്‍ പിടിയില്‍. സാമൂഹ്യമാധ്യമങ്ങളിലൂടെ ഓണ്‍ലൈന്‍ ട്രേഡിങ്ങ് വഴി എളുപ്പത്തില്‍ പണമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്.
സാമൂഹ്യമാധ്യമത്തില്‍ കണ്ട പരസ്യം മുഖേന ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ കൂടുതല്‍ പണം നമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പാവറട്ടി സ്വദേശിനിയില്‍ നിന്ന് 71,28000 രൂപയും അയ്യന്തോള്‍ സ്വദേശിയില്‍ നിന്ന് 46,65524 രൂപയും തട്ടിയെടുത്ത കേസുകളിലാണ് മൂന്നു പ്രതികള്‍ ക്രൈം പോലീസിന്റെ പിടിയിലായത്.
കരുനാഗപ്പള്ളി എടക്കുളങ്ങര സ്വദേശി ഹാഷിര്‍, ശക്തികുളങ്ങര സ്വദേശി അരുണ്‍ എഡ്മണ്ട്, വടക്കേവിള സ്വദേശി സഹീര്‍ പി. എന്നിവരാണ് പിടിയിലായത്. കമ്പനിയുടെ വിശ്വാസം നേടിയെടുക്കുന്നതിനായി ആദ്യം ലാഭവിഹിതം അയച്ചുനല്‍കിയിരുന്നു.
പിന്നീട് ട്രേഡിങ്ങിലേക്ക് കൂടുതല്‍ തുക നിക്ഷേപിക്കുകയായിരുന്നു. ലാഭവിഹിതവും മറ്റും തിരിച്ചുകിട്ടാതെ വന്നപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലാക്കുകയും സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ പരാതിപെടുകയുമായിരുന്നു.
അന്വേഷണസംഘത്തിൽ തൃശൂർ സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെ്കടർ സുധീഷ്കുമാർ വിഎസ്, സബ് ഇൻസ്പെ്കടർ ഫൈസൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ വിനോദ് ശങ്കർ, സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്, ചന്ദ്രപ്രകാശ് എന്നിവരും ഉണ്ടായിരുന്നു.