ദേശാടനക്കിളി കരയാറില്ല…
പോത്താനിക്കാട് ഉള്ള രാജൻ മാമന്റെ കല്യാണം. അന്നൊക്കെ തലേന്ന് ടീവിയിൽ വി സി ആർ ൽ വീഡിയോ കാസറ്റ് ഇട്ടു സിനിമ കാണിക്കും. അങ്ങനെയാണ് ആദ്യമായി ദേശാടനക്കിളി കരയാറില്ല എന്ന സിനിമ കണ്ടത്. ഏതോ പക്ഷികൾ ഒക്കെയാവും ഈ സിനിമേൽ എന്നോർത്തു ആയിരുന്നു ഞാനും കുഞ്ഞയും മുൻ നിരയിൽ സീറ്റ് പിടിച്ചത്.
സ്കൂൾ ടൂറും രണ്ട് പെൺകുട്യോളുടെ ഒളിച്ചോട്ടവും ആയപോഴേക്കും അമ്മച്ചി പിറു പിറുക്കൽ തുടങ്ങി. അവൾ ആരുടെ അമ്മേ കെട്ടിക്കാനാ ഇപ്പോൾ ഒളിച്ചോടിയ? നോക്കെടി പിള്ളേരെ ഇതൊന്നും കാണണ്ട, കുടുമ്മത്തിൽ നടക്കാത്ത കാര്യം ഒക്കെ സിനിമയാക്കി ആൾക്കാരെ വഴി തെറ്റിക്കും എന്നൊക്കെ ആയി അമ്മച്ചിയും അമ്മായിമാരും തമ്മിൽ കുശു കുശുക്കൽ.
പൂച്ചക്കണ്ണ് ഉള്ള ശാരിയും കുറുമ്പ് നക്ഷത്രം വിരിയുന്ന കണ്ണുകൾ ആയി കാർത്തികയും വന്നതോടെ ഞാനും കുഞ്ഞായും നേരെ സ്ക്രീനിൽ മാത്രം നോക്കിയിരുപ്പായി.
രണ്ട് കൂട്ടുകാരികൾ അവരുടെ സ്വപ്നങ്ങൾ അവർ നേരിടുന്ന പ്രശ്നങ്ങൾ ഒക്കെയും ഉള്ളിലേക്ക് മാത്രം പെയ്യുന്ന മഴകൾ ആയിരുന്നു ഞങ്ങൾക്ക് അന്ന്.

ദേശാടനക്കിളി കരയാറില്ല… പേര് പോലെ തന്നെ വശ്യമായ ഒരു സിനിമ. രണ്ട് പെൺകുട്ടികളുടെ അനിതരസാധാരണമായ സൗഹൃദത്തിന്റെ കഥ പുതിയ ഫ്ലേവറിൽ
ആണ് പദമരാജൻ പറഞ്ഞു വെക്കുന്നത്. സ്വവർഗ്ഗപ്രണയത്തിന്റെ ചിത്രീകരണമായി ഈ ചലച്ചിത്രം വ്യാഖ്യാനപ്പെട്ടിട്ടുണ്ടെങ്കിലും പത്മരാജൻ എന്ന പ്രതിഭയുടെ കഥാകദനരീതിയിൽ അക്കാലത്തു ഏറെ പുതുമ നൽകിയ സിനിമ ആയിരുന്നു ഇത്.
നിമ്മിയുടെയും സാലിയുടെയും കൗമാരം സ്കൂൾ അന്തരീക്ഷത്തിൽ തുടങ്ങുന്ന കഥ ദുരന്തപര്യവസാനിയാണ്. ആണ്‍കൂട്ടങ്ങളുടെ പരിസരത്തേക്കാണ് പത്മരാജൻ ദേശാടനക്കിളിയെ പ്രതിഷ്ഠിച്ചത്. സ്വാതന്ത്ര്യത്തിന്റെ വിശാലമായ ലോകത്തേക്കു പറക്കുന്ന സാലിയുടെയും നിമ്മിയുടെയും കഥയിൽ നമുക്ക് സൗഹർദം പ്രണയം സ്വാതന്ത്രം എന്നിങ്ങനെ പല ആംഗിളുകളിൽ വെച്ച ക്യാമറ കാണാം. 1986ലാണ് പത്മരാജന്റെ ദേശാടനക്കിളി കരയാറില്ല ഇറങ്ങുന്നത്. മലയാളസിനിമാചരിത്രത്തിൽ വളരെ വ്യത്യസ്തമായ ചിത്രം, സ്വവർഗാനുരാഗത്തിൻ്റെ സോഫ്റ്റ് പതിപ്പ് എന്നിങ്ങനെ നിരവധി വ്യാഖ്യനങ്ങൾ ചിത്രത്തിനുണ്ട്.

നിമ്മിയുടെയും സാലിയുടെയും ജീവിതത്തിൽ അവർ നടത്തുന്ന ഒരു ഒളിച്ചോട്ടമാണ് ഈ കഥയുടെ ട്വിസ്റ്റ് .അതിലേക്കു ഹരിശങ്കറും ദേവികടീച്ചറും എത്തുന്നതോടെ കഥയുടെ രീതികൾ മാറിമറിയുന്നു .ദേവിക ടീച്ചറുടെയും തന്റെയും വിവാഹവാർത്ത ഹരിശങ്കർ നിമ്മിയെ അറിയിക്കുന്നു. ഹരിശങ്കർ തന്നെ ഇഷ്ടപ്പെടുന്നു എന്ന് തെറ്റിദ്ധരിച്ചിരുന്ന നിമ്മിയെ അത് ഞെട്ടിക്കുന്നു.
ഹരി ശങ്കറിന്റെ പ്രണയം നഷ്ടം ആവുന്നു
എന്ന വേവിൽ പൊതുവേ വിഷാദിയായ നിമ്മി ആകെ തളരുന്നു… സാലി അവളെയും കൂട്ടി രക്ഷപെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും നിമ്മി തയ്യാറാകുന്നില്ല. അവളുടെ ഉള്ളിലേക്ക് പെയ്യുന്ന വിഷാദത്തിന്റെ മഴയിൽ ആ രണ്ടു കൗമാരജീവിതങ്ങൾ അവർ ഒരുമിച്ച് അവസാനിപ്പിക്കുന്നു.

പിറ്റേ ദിവസം രാവിലെ നിമ്മിയുടെയും സാലിയുടെയും മൃതശരീരങ്ങളാണ്നമ്മൾ കാണുന്നത് ഈ ലോകത്തിലെ സുരക്ഷിതത്ത്വങ്ങളെ മാനിക്കാതെ ഒരു സുരക്ഷിതമായ ലോകത്തെ സ്വപ്നം കണ്ട നിമ്മിയുടെയും സാലിയുടെയും കഥ പ്രേക്ഷകരെ ദൂരെ ദൂരെ ദേശാടനകിളികളായി പറത്തിവിടുന്നിടത്താണ് ഈ പദമരാജൻ മാജിക് അവസാനിക്കുന്നത്. കാല്പനികതയുടെ ഒരു തേരോട്ടം പോലെ ഒരു ചിത്രം.
എന്റെ സ്കൂൾ ടൈമിൽ ആണ് ഞാൻ ഈ ചിത്രം കാണുന്നത്. ഇപ്പോഴും ഓരോ തവണ കാണുമ്പോഴും കാർത്തികയുടെ വട്ടപ്പൊട്ടും ശാരിയുടെ പൂച്ചകണ്ണുകളും പുതിയതായി എന്തൊക്കെയോ പറയുന്നു എന്ന തോന്നൽ ആണ് ഈ സിനിമ എനിക്ക് തരുന്നത്.
ഇന്നലെ ശാരിയും കാർത്തികയും ഒരുമിച്ചുള്ള ചിത്രം കണ്ടപ്പോൾ മനസ്സ് വീണ്ടും പറന്നു ആ ദേശാടനക്കിളികളുടെ കൗമാര കാലത്തേക്ക് ഒരു നിമിഷം ഞാനും അവരിൽ ഒരാളായി.
–സനിത അനൂപ്