കൗൺസിൽ യോഗം 24 ന്
തൃശൂർ പുലിക്കളി നടത്തുന്ന കാര്യത്തിൽ 24ന് നടക്കുന്ന കൗൺസിൽ യോഗം തീരുമാന മെടുക്കുമെന്ന് മേയർ എം.കെ. വർഗീസ് അറിയിച്ചു. പുലിക്കളിക്കു തുക വിനിയോഗിക്കുന്നതിൽ തടസ്സമില്ലെന്ന് കഴിഞ്ഞ ദിവസം സർക്കാർ കോർപറേഷനെ അറിയിച്ചിരുന്നു. എന്നാൽ, പുലിക്കളി നടത്തുന്ന കാര്യം കൗൺസിൽ ആണു തീരുമാനിക്കേണ്ടതെന്നും തനിക്ക് ഒറ്റയ്ക്കു തീരുമാനമെടുക്കാൻ ആകില്ലെന്നും മേയർ എം.കെ.വർ ഗീസ് പറഞ്ഞു. ഇതോടെ പുലിക്കളി നടക്കുമെന്ന ഉറപ്പിലാണ് തൃശൂർ നിവാസികൾ.
സർക്കാർ ഓണാഘോഷങ്ങൾ വേണ്ടെന്നു വച്ച സാഹചര്യത്തിൽ പുലിക്കളി വേണ്ടെന്നു വയ്ക്കാൻ കോർപറേഷൻ തീരുമാനമെടുത്തതിനെതിരെ പുലിക്കളി സംഘങ്ങൾ നേരത്തെത്തന്നെ രംഗത്തെത്തിയിരുന്നു. ഒരുക്കങ്ങൾ എല്ലാം കഴിഞ്ഞ സ്ഥിതിക്ക് ഇത് കനത്ത സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നു കാണിച്ച് പുലിക്കളി സംഘങ്ങൾ മന്ത്രി മാർക്കും നിവേദനം നൽകി. ഇതേതുടർന്നാണ് മുൻവർഷങ്ങളിലെ പോലെ തുക വിനിയോഗിക്കുന്നതിൽ തടസ്സമില്ലെന്നു തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കോർപറേഷനെ അറിയിച്ചിരിക്കുന്നത്. തനതു ഫണ്ട് ഉപയോഗിച്ചുള്ള ആഘോഷങ്ങളും ഓണാഘോഷങ്ങളുടെ പട്ടികയിൽ വരുമെന്നു കരുതിയാണ് പുലിക്കളി റദ്ദ് ചെയ്യാൻ കോർപ റേഷൻ തീരുമാനിച്ചതെന്നും എന്നാൽ, ചില കേന്ദ്രങ്ങൾ ഈ അവസരത്തിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും മേയർ മന്ത്രിക്ക് അയച്ച കത്തിൽ സൂചിപ്പിച്ചിരുന്നു. പുലിക്കളി സംഘങ്ങളുടെ ബുദ്ധിമുട്ടുകളും താൻ മന്ത്രിയെ ധരിപ്പിച്ചതായി മേയർ പറഞ്ഞു.
കഴിഞ്ഞ വർഷം 40 ലക്ഷം രൂപയാണു ഓണാഘോഷ പരിപാടിക്കു ചെലവു വന്നതെന്നും ഈ വർഷം 80 ലക്ഷം രൂപ ചെലവു വരുമെന്നു കണക്കാക്കുന്നതായും മേയർ മന്ത്രിക്ക് അയച്ച കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.