Saturday, October 5, 2024
HomeEntertainmentപകയുടെയും പ്രതികാരത്തിന്റെയും ‘താഴ്‌വാരം’
spot_img

പകയുടെയും പ്രതികാരത്തിന്റെയും ‘താഴ്‌വാരം’

“കൊല്ലാന്‍ ഇനിയും നോക്കും അവന്‍, ചാവാതിരിക്കാന്‍ ഞാനും.”

അതിമനോഹരമായ ഒരു ‘താഴ്‌വാരം‘ എന്നാൽ തികച്ചും അപരിചിതരായ രണ്ട് ‘അജ്ഞാതര്‍’ എത്തിപ്പെടുന്നതോടെ അവിടം അതിജീവനത്തിന്റെയും അതിതീവ്രമായ പ്രതികാരത്തിന്റെയും താഴ്‌വാരമായി മാറുന്നു.

എവിടെനിന്ന് വന്നെന്ന് എന്നും എല്ലാവര്‍ക്കും തന്നെ അജ്ഞാതമായ, മിസ്റ്റീരിയസ് ആയ ഒരു ഭൂതകാലത്തിനുടമയായ രാജു/രാഘവനെന്ന ആദ്യ അപരിചിതന്‍. തന്റെ ജീവിതവും, അതിലേറെ പ്രാണനെപ്പോലെ സ്‌നേഹിച്ച പെണ്ണിനെയും ഒറ്റരാത്രികൊണ്ട് ഇല്ലാതാക്കിയ ‘ഉറ്റചങ്ങാതിയെ’ തിരഞ്ഞെത്തുന്ന ബാലനെന്ന രണ്ടാമത്തെ അപരിചിതൻ. ഇവരിരുവരുമാണ് ആ താഴ്‌വാരത്തിലെത്തുന്ന രണ്ട് അജ്ഞാതരായ അപരിചിതർ.

ബാലന്റെ നടപ്പിലും, മുഖത്തും, ശരീരഭാഷയിലുമെല്ലാം ഇനിയൊന്നും നഷ്ടപ്പെടാനില്ലാത്തവന്റെ ശൂന്യതയാണ്. എന്നാല്‍ അതേസമയം പ്രതികാരം ചെയ്യണണമെന്ന നിശ്ചയദാര്‍ഢ്യവും അവിടെ പ്രകടമാണ്. ഒരു പ്രതികാരകഥയിലെ നായകന്റേതെന്ന് അവകാശപ്പെടാനുള്ളതായ ഒരു ശരീരഭാഷയോ, നെടുനീളന്‍ സംഭാഷണങ്ങളോ ഒന്നും തന്നെ ബാലന് ഈ ചിത്രത്തില്‍ അവകാശപ്പെടാനില്ല. താനിത്രയും കാലം തേടി നടക്കുന്ന തന്റെ ശത്രുവിനെ എങ്ങനെ വകവരുത്താനാണ് തന്റെ ആഗ്രഹമെന്ന്, അയാളുമായുള്ള ആദ്യ കാഴ്ച്ചയില്‍ തന്നെ ബാലന്‍ ആലോചിക്കുന്നുണ്ടെങ്കിലും തന്റെ ശത്രുവിനെ ഒരു കഴുകനെപ്പോലെ പിന്തുടരുക മാത്രമാണ് അയാൾ ചെയ്യുന്നത്.

രാജുവിന് ആ താഴ്‌വാരത്തിൽ ഒരു അഭയസ്ഥാനമുണ്ട്. അവിടത്തെ കാരണവരായ നാണുവേട്ടന്‍(ശങ്കരാടി) രാജുവിനെക്കുറിച്ച് വാചാലനാവുമ്പോഴെല്ലാം, ബാലന്റെ മുഖത്ത് മിന്നിമായുന്ന ചില ഭാവങ്ങളുണ്ട്. അത് കാണുമ്പോൾ എപ്പോഴും ബാലൻ എന്ന കഥാപാത്രത്തിന് മോഹൻലാലിന്റെ മുഖമല്ലാതെ, ആ അഭിനയചാതുരിയല്ലാതെ മറ്റൊന്നും സങ്കൽപ്പിക്കാനാവാറില്ല.

‘ഓരോ സമയത്ത് ഓരോ കമ്പാണ് രാഘവന് ‘
നാണുവേട്ടനിത് പറയുമ്പോള്‍ ബാലന്‍ നിഗൂഢമായ ഒരു ചിരിയുമായി വിദൂരതയിലേക്ക് നോക്കുകയാണ്.

സിനിമയിലെ ഓരോ രംഗത്തുനിന്നും ബ്ലെന്‍ഡായി വരുന്ന ബാലന്റെ ഫ്‌ളാഷ്ബാക്കുകൾ വളരെ കൺവിൻസിങ് ആണ്. പണിക്കാരോട് കൂലിക്കാര്യം ഓര്‍മ്മിപ്പിക്കുന്ന കൊച്ചൂട്ടി (സുമലത)യില്‍ നിന്ന് രാജി (അഞ്ജു) യിലേക്കുള്ള ഫ്‌ളാഷ്ബാക്കിന്റെ സമയത്ത് ബാലന്റെ നഷ്ടപ്രണയവും അതിന്റെ കാഠിന്യമത്രയും തന്നെ ആ മുഖത്ത് നിറയുന്നു. നാണുവേട്ടന്‍ തന്റെ നാടിനെക്കുറിച്ചും താഴ്‌വാരത്തെക്കുറിച്ചും സംസാരിക്കുമ്പോഴെല്ലാം ബാലന്റെ കണ്ണുകള്‍ മാത്രം ആ താഴ്‌വാരക്കാഴ്ച്ചകള്‍ക്കപ്പുറമായി എന്തോ തിരയുകയാണ്.

‘കൊല്ലേണ്ടതിനെ കൊല്ലണം, ദയ വിചാരിച്ച് വിട്ടാല്‍ അത് പിന്നെ അതിലും വലിയ അനര്‍ത്ഥമുണ്ടാക്കും. ദ്രോഹമുണ്ടാക്കുന്ന സൈസാണെന്ന് വെച്ചാല്‍, തരം കിട്ടുമ്പോള്‍ കൊല്ലണം. അതാ മലേലെ നെയമം. എന്താ ബാലാ തെറ്റുണ്ടോ? ‘നാണുവേട്ടന്റെ ഈ ചോദ്യത്തിന് നിഗൂഢമായ ഒരു ഭാവത്തോടെ, ദൃഷ്ടി ഒരിടത്തുമാത്രം ഉറപ്പിച്ച്,

‘ഉം.. കൊല്ലണം’ എന്ന് മാത്രമാണ് ബാലന്റെ മറുപടി.

‘ബാലന് രാഘവനെ(രാജു)കണ്ടിട്ട് എന്തെങ്കിലും അത്യാവശ്യമുണ്ടോ?’ എന്ന നാണുവേട്ടന്റെ ചോദ്യത്തിന് വൈല്‍ഡായ ചിരിയോടെയുള്ള ബാലന്റെ മറുപടി, ‘ഒന്നുമില്ല, വെറുതെ… വെറുതെ ഒന്ന് കാണാന്‍’ എന്നാണ്…

ബാലന്റെ പ്രതികാരത്തിന്റെ ഒടുക്കത്തില്‍ ഒരിക്കല്‍പോലും ബാലന് തന്റെ പഴയ ജീവിതം തിരിച്ചുകിട്ടില്ല, എങ്കിലും ആ പ്രതികാരം കൊണ്ട് അയാള്‍ അയാൾക്കുമാത്രമായി നേടിക്കൊടുക്കുന്ന ഒരു ആശ്വാസമുണ്ട്.

അനായാസമായഭിനയിച്ച ലാലിനെ പോലെതന്നെ എടുത്തുപറയേണ്ടത്, രാജുവെന്ന സലിം ഘോഷിന്റെ അഭിനയമാണ്. ഒറ്റ സിനിമകൊണ്ട് തന്നെ ഒരു കോള്‍ഡ് ബ്ലഡഡായ ക്രിമിനലിന്റെ എല്ലാവിധ മാനറിസങ്ങളും കാണികളിലേക്ക് പകര്‍ന്നുകൊണ്ട് സലിം അസാധ്യമായ പ്രകടനമാണ് കാഴ്ച്ചവെച്ചത്.

ശക്തമായ സ്ത്രീകഥാപാത്രമായി കൊച്ചൂട്ടിയും, അച്ഛന്‍-മകള്‍ ബന്ധത്തിന്റെ തീവ്രത നമ്മിലേക്ക് പകര്‍ന്ന നാണുവേട്ടനും, കൗബോയ് മ്യൂസിക്കിനോടൊപ്പം തന്നെ നിശ്ശബ്ദത കൊണ്ടുപോലും ബി ജി എം ചെയ്ത ജോണ്‍സണ്‍ മാഷും, വേണുവിന്റെ ക്യാമറയും, ബി ലെനിൻ – വി ടി വിജയൻ എന്നിവരുടെ എഡിറ്റിംഗും അവിസ്മരണീയമാണ്.

ക്ലൈമാക്‌സ് രംഗത്തിലെ കഴുകന്മാര്‍ പോലും സിനിമയുടെ കഥാതന്തുവുമായി ചേര്‍ന്ന് നില്‍ക്കുന്നു. പരുക്ക് പറ്റി കിടക്കുന്ന ബാലനെ കൊല്ലാന്‍ തക്കം പാര്‍ത്ത് നടക്കുന്ന രാജുവിന്റെയും, ക്ലൈമാക്‌സ് സംഘട്ടനത്തിലെ മരണം കാത്ത് നില്‍ക്കുന്ന കഴുകന്മാരുടെയും സാമ്യത പറയാതെ പോകാനാവില്ല. എന്നാല്‍ ഈ സിനിമയിലെ ക്ലൈമാക്‌സില്‍ ആ കഴുകന്‍ ബാലനായി മാറുകയാണ്.

എം ടി ഒരുക്കിയ തിരക്കഥയ്ക്ക് ഇത്തരത്തിലൊരു ദൃശ്യാവിഷ്‌ക്കാരം നല്‍കാന്‍ ഭരതനല്ലാതെ അക്കാലത്ത് മലയാളത്തില്‍ മാറ്റാര്‍ക്കുമാവില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

“ഞാൻ ഈ സിനിമയുടെ തിരക്കഥ ഭരതന് പറഞ്ഞുകൊടുക്കുമ്പോൾ, ഒരു സീൻ പറയുകയാണ്. ഒരു സന്ധ്യ, അവിടെയൊരു അങ്ങാടി, ആ അങ്ങാടിയിൽ ഒരു ലോറി വന്ന് നിൽക്കുന്നു. ലോറിയിൽ നിന്നൊരു ആളിറങ്ങുന്നു. ഇത് പറഞ്ഞാൽ ഉടൻ ഭരതൻ പറയും ആ സീനിന് സന്ധ്യയുടെയും ചെമ്മൺ പാതയുടെയും മണ്ണെണ്ണ വിളക്കിന്റെയും നിറമായിരിക്കും. അത്രയും കോമ്പിനേഷൻ ആ സ്ക്രിപ്‌റ്റിങ്ങിൽ ഉണ്ടായിരുന്നു. താഴ്‌വാരമെന്ന ചിത്രത്തെക്കുറിച്ച് എം ടിയുടെ വാക്കുകളാണിത്.

“അത്തരത്തിലൊരു സ്ക്രിപ്റ്റിൽ അതിന്റെ ഫ്ലോയുടെ കൂടെ വളരെ നാച്ചുറലായിട്ട് യാത്ര ചെയ്യുക എന്നത് ഒരു ആക്റ്ററെ സംബന്ധിച്ച് വളരെ ചാലഞ്ചിങ്ങായ കാര്യമാണ്. പക്ഷേ ലാലിന്റെ ഒരഭിനയ രീതിവെച്ച് നോക്കുമ്പോൾ, ലാൽ ഇങ്ങനത്തെ കാര്യങ്ങളിൽ ഒട്ടും എഫേർട്ട് എടുക്കേണ്ടി വരുന്നില്ല എന്നാണ് പുറമെ കാണുന്നവർക്ക് തോന്നുക.” താഴ്‌വാരത്തിന്റെ ക്യാമറ ചലിപ്പിച്ച വേണു ‘ബാലനെ ‘ ഓർത്ത് പറഞ്ഞ വാക്കുകളാണിത്.

താഴ്‌വാരം പോലും കഥാപാത്രമായി മാറുന്ന ഒരു റിയല്‍ മാജിക്കാണ്, പോസ്റ്റര്‍ ഡിസൈന്‍/കലാസംവിധാനം/ സംഗീതം/സംവിധാനം എന്നിങ്ങനെ അടിമുടി ഭരതന്‍ ടച്ച് നിറഞ്ഞാടിയ ഈ ചലച്ചിത്രകാവ്യത്തിലുള്ളത്.

‘The valley was a beautiful heaven until the stranger appeared, then there was dust in the air and blood in the wind.’

മരണത്തിന്റെ മണമുള്ള ‘താഴ്‌വാരം’ … THE VALLEY.

-വിപിൻ മോഹൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments