Saturday, October 5, 2024
HomeEntertainmentനടനം കൊണ്ടും സംഗീതം കൊണ്ടും വിജയിച്ച "തങ്കലാൻ"
spot_img

നടനം കൊണ്ടും സംഗീതം കൊണ്ടും വിജയിച്ച “തങ്കലാൻ”

:ശിവശങ്കരൻ കരവിൽ

അനാദി കാലം മുതൽ ഉള്ളതാണ് പൊന്നിനോടും പെണ്ണിനോടും മണ്ണിനോടും മനുഷ്യനുള്ള ആർത്തി.

ഇവിടെ ഇതാ പ്രകൃതി കനിഞ്ഞു സൂക്ഷിച്ച കോലാർ സ്വർണ്ണ ഖനിയുടെ പശ്ചാത്തലത്തിൽ ഒരു കഥ പറയുന്ന സിനിമ തങ്കലാൻ എന്ന പേരിൽ.
അധിനിവേശത്തിൻ്റെ ചരിത്രം പ്രതിപാദിക്കുന്ന ഈ ചിത്രം വിക്രമിനെ നായകനാക്കി പാ. രഞ്ജിത്ത് പറയുന്നു.
ബി സി അഞ്ചാം നൂറ്റാണ്ട് മുതൽ എ ഡി 1850 വരെ നീളുന്ന കഥ.
രാപ്പകൽ അടിമകളായി പണിയെടുത്ത്
ബ്രിട്ടീഷുകാർക്ക് വേണ്ടി സ്വർണ്ണഖനിയിലേക്ക് ആനയിക്കപ്പെടുന്ന ഒരു കൂട്ടം മനുഷ്യർ.

ആരതി എന്ന ഗ്രാമദേവതയെ ഭയപ്പെട്ട് ആരും ചെല്ലാൻ മടിക്കുന്നിടത്തേക്ക് തങ്കലാൻ പോവുകയാണ്. ചരിത്രത്തിൽ ഇത്തിരി രസം കൂടി പകർന്ന് ആരതിയോട് തങ്കലാന് സ്വൽപ്പം പക കൂടി കലർത്തി പറയുമ്പോൾ ചിത്രം ഒരു പ്രത്യേക തലത്തിലേക്ക് മാറുന്നു.

കഥാപരിസരം കാണികളിൽ പതിയുന്ന സമയം ഗംഭീരമായി.പശ്ചാത്തല ശബ്ദ മിശ്രണം ഒന്നാന്തരം. വിക്രമിൻ്റെ അന്യനും മറ്റും നമ്മുടെ മനസ്സിൽ ഉണ്ടെങ്കിലും ഇവിടെയും ആൾ ശക്തമായ പ്രകടനം കാഴ്ച്ചവെച്ചിരിക്കുന്നു.

എന്നാൽ സിനിമയ്ക്ക് ഒരു ലാഗ് അനുഭവപ്പെടുന്ന പോലെ തോന്നി വിശേഷിച്ചും രണ്ടാം പകുതിയിൽ ചിലയിടത്ത്.

എന്നാൽ കഥ പരിസമാപ്തിയിൽ എത്തുമ്പോൾ വീണ്ടും നല്ല തുടിപ്പും ജീവനും കൈവരുന്നുണ്ട്. ആശയക്കുഴപ്പം മാറിക്കിട്ടുന്നുണ്ട്.
ഒരു ജനതയുടെ ഒന്നിനുമാവാത്ത അവസ്ഥ രഞ്ജിത്ത് മനോഹരമായ ക്രാഫ്റ്റിൽ നമുക്കു തരുന്നു.
മഹാൻ, സേതു, പിതാമകൻ തുടങ്ങി ഏറെ ഭാവങ്ങളിൽ നമ്മൾ കണ്ട വിക്രം ഈ ചിത്രത്തിൽ നമ്മെ അതിശയിപ്പിച്ചു എന്നു പറയുമ്പോൾ അത് ഒരു കൂട്ടിപ്പറച്ചിലല്ല.
ഇതിലെ ഗംഗാമ്മാളിനെ അവതരിപ്പിച്ച പാർവ്വതിയുടെ നടനം അവരുടെ കരിയറിലെ എക്കാലത്തേയും വലിയ ഒന്നായിട്ടുണ്ട്.

മിഴികൊണ്ട് ആകാശഗർജ്ജനം സാധ്യമാക്കിയ മാളവിക എന്ന നടി ആരതി എന്ന കഥാപാത്രത്തിലൂടെ മറ്റാരെയും പിന്നിലാക്കി എന്നു തന്നെ പറയണം.

ജി വി പ്രകാശിൻ്റെ സംഗീതം മികവുറ്റ തരത്തിൽ നമ്മിൽ എത്തുന്നുണ്ട്. കിഷോർ കുമാറിൻ്റെ ഛായാഗ്രഹണം എടുത്ത് പറയേണ്ട ഒന്നാണ്. പശുപതി താൻ കൈകാര്യം ചെയ്ത റോളുകളിൽ ശ്രദ്ധേയമായ ഒന്നു തന്നെ.

എന്തൊക്കെ ആയാലും ആക്ഷൻ രംഗങ്ങൾ അതിൻ്റെ ചെല്ലേണ്ടിടത്തേക്ക് ഉയർന്നോ എന്ന കാര്യത്തിൽ സംശയമുണ്ട്.
ചില വി എഫ് എക്സ് സൂത്രങ്ങളും തെല്ലൊന്ന് പ്രഭ കുറഞ്ഞുപോയ മട്ടിൽ തോന്നിച്ചു. പാമ്പും കരിമ്പുലിയും മയിലുമൊക്കെ ഒന്നൂടെ മനസ്സിൽ കയറുമായിരുന്നു എന്നും തോന്നി.

എല്ലാം വിസ്മരിച്ചു കയ്യടിച്ചു പോവും ഇതിലെ പശ്ചാത്തല സംഗീതം കണ്ട്.
അതിഗംഭീരം എന്നു തന്നെ പറയണം.

ചുരുക്കി പറഞ്ഞാൽ ഒരു കൃത്യം പാ രഞ്ജിത്ത് സിനിമ.
വലിയ ദോഷം പറയാൻ കഴിയാത്ത ഒന്ന്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments