ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. സിനിമാ മേഖലയിൽ നവീകരണം ആവശ്യമാണ്. റിപ്പോർട്ടിലെ ശുപാർശകൾ സിനിമാ മേഖലയിലെ നവീകരണത്തിന് ഉതകുന്നതാകണം. സിനിമാ മേഖലയിൽ പ്രവർത്തിക്കാൻ വരുന്ന പുതുതലമുറയ്ക്കും ഇത്തരം കമ്മറ്റിയുടെ ശുപാർശകൾ നല്ലതാണ്. ഇനി വരുന്ന തലമുറയ്ക്ക് നിർഭയമായി തൊഴിൽ ചെയ്യാനുള്ള സാഹചര്യം ഉണ്ടാവണം. നടൻ എന്ന നിലയിൽ നേരത്തെ എപ്പോൾ വേണമെങ്കിലും പ്രതികരിക്കാമായിരുന്നു. ഇപ്പോൾ ജനപ്രധിനിധി ആയതിനാൽ പഠിച്ചതിനു ശേഷം മാത്രമേ കൂടുതൽ കാര്യങ്ങളിൽ പ്രതികരിക്കാനാകൂവെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സുരേഷ് ഗോപി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് രാവിലെ 11ന് റിപ്പോർട്ട് പുറത്തുവിടും എന്നായിരുന്നു സംസ്കാരിക വകുപ്പ് നേരത്തെ ഔദ്യോഗികമായി അറിയിച്ചിരുന്നത്. വ്യക്തിഗത വിവരങ്ങൾ ഒഴിവാക്കി റിപ്പോർട്ടിലെ 233 പേജ് കൈമാറാനായിരുന്നു സാംസ്കാരിക വകുപ്പിന്റെ തീരുമാനം. എന്നാൽ ഇന്നലെ രാത്രിയോടെ നടി രഞ്ജിനി തടസവാദവുമായി സർക്കാറിനെ സമീപിച്ചതോടെ ആശയക്കുഴപ്പമായി. റിപ്പോർട്ട് പുറത്തുവിടരുത് എന്നാണ് രഞ്ജിനി ആവശ്യപ്പെട്ടത്. രഞ്ജിനിയുടെ ഹർജിയിൽ കോടതി തീർപ്പ് കൽപ്പിക്കുന്നത് വരെ റിപ്പോർട്ട് പുറത്തുവിടില്ലെന്നാണ് സർക്കാർ തീരുമാനം.