മാമാങ്കം, ലൂസിഫർ, അയ്യപ്പനും കോശിയും എന്നിവ ഉൾപ്പെടെ നിരവധി ചിത്രങ്ങൾക്ക് കലാ സംവിധാനം നിർവഹിച്ച മോഹൻദാസാണ് ഇത്തവണ സംസ്‌ഥാന അവാർഡ് നേടിയ കലാസംവിധായകൻ .

2018 എന്ന ചിത്രത്തിന്റെ കരുത്തും വിജയത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നും ആ സെറ്റാണെന്നതിൽ ആർക്കും തർക്കമുണ്ടാകില്ല.
രണ്ടര ഏക്കറില്‍ വലിയ ടാങ്ക് നിര്‍മ്മിച്ച് വെള്ളം നിറച്ചാണ് പ്രളയം ഷൂട്ട് ചെയ്തത്. ആകെ നാല് ടാങ്കുകൾ നിർമ്മിച്ചു. ഇതു കൂടാതെ അണ്ടര്‍ വാട്ടര്‍ ടാങ്ക് വേറെ ഉണ്ടാക്കി. 40 ല്‍ അധികം പ്രളയ സീക്വന്‍സുകള്‍ ഉണ്ടായിരുന്നു. മെയിൻ ടാങ്കിലാണ് പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്. വീടുകളും കവലയും ഉൾപ്പെടെ എല്ലാം സെറ്റിട്ടു. 14 വീടുകളാണ് സെറ്റിട്ടത്, രണ്ട് സൈഡും മുന്‍വശമായി ഉപയോഗിക്കാവുന്ന തരത്തിലായിരുന്നു വീടുകളുടെ നിര്‍മ്മാണം. അങ്ങനെ 14 വീടുകള്‍ 28 എണ്ണമായി ഉപയോഗിക്കാനായി.
കടലിലെ സീക്വന്‍സ് ഒക്കെ ത്രില്ലിംഗ് ഷൂട്ട് ആയിരുന്നു .
കടൽ ഒരു ടാങ്കിനുള്ളിലാണ് സെറ്റ് ചെയ്തത്. കടലില്‍ പോയിട്ട് എന്തായാലും ആ സീന്‍ ഷൂട്ട് ചെയ്യാനാകില്ല. അങ്ങനെ ചര്‍ച്ചയ്‌ക്കൊടുവില്‍ കടല്‍ സെറ്റിടാന്‍ എല്ലാവരും കൂടി തീരുമാനിച്ചു. പ്രൊഡക്ഷൻ ടീമും സംവിധായകനും ഉൾപ്പെടെ എല്ലാവരും കൂടെ നിന്നു. യുട്യൂബില്‍ നിന്നും ഹോളിവുഡില്‍ നിന്നുമൊക്കെ റഫറന്‍സ് എടുത്തു. തിരമാലയൊക്കെ എങ്ങനെ റിക്രീയേറ്റ് ചെയ്യാമെന്ന് മനസിലായി. അങ്ങനെ അതും ടാങ്കില്‍ തന്നെ ചിത്രീകരിച്ചു.

ഡാമും മരങ്ങളും ഹെലികോപ്റ്ററും ഒക്കെ ഈ സിനിമയിൽ കഥാപാത്രങ്ങൾ ആയിരുന്നു .
ഡാമിലോ പരിസരത്തോ പോലും ഒരിക്കലും ഷൂട്ട് ചെയ്യാന്‍ സാധിക്കില്ല. അങ്ങനെ ആദ്യം ഗ്രാഫിക്‌സ് ചെയ്യാമെന്ന് വിചാരിച്ചു. അതിനെക്കാളും പെര്‍ഫെക്ഷന്‍ സെറ്റിന് തന്നെയാകുമെന്ന് തോന്നിയപ്പോഴാണ് സെറ്റിടാമെന്ന തീരുമാനത്തിലെത്തിയത്. അങ്ങനെ ടാങ്കിന്റെ ഒരു ഭാഗം ഡാം പോലെ സെറ്റിട്ടു. അതിലേക്ക് മരം കൊണ്ടുവന്ന് ഇടുകയായിരുന്നു. വൈഡ് ഷോട്ടുകള്‍ മാത്രം ഗ്രാഫിക്‌സ് ചെയ്തു.
മൂന്ന് ടണ്‍ വെയിറ്റുള്ള ഹെലികോപ്റ്റര്‍ ക്രെയിനില്‍ തൂക്കിയിട്ടാണ് ചിത്രീകരിച്ചത്. രണ്ട് ക്രെയിന്‍ ഉപയോഗിച്ചാണ് ആ സീക്വന്‍സ് എടുത്തത്. നാലുടണ്‍ വരെ കപ്പാസിറ്റിയുള്ള ക്രെയിന്‍ ആണ് ഉപയോഗിച്ചത്.
എന്‌റെ വീട് പാലക്കാടാണ് അതുകൊണ്ട് പ്രളയം നേരിട്ട് അനുഭവിക്കേണ്ടി വന്നിരുന്നില്ല. പക്ഷെ കവളപ്പാറയിലെ മണ്ണിടിഞ്ഞ സ്ഥലത്ത് പോയി, കടുവയുടെ ഷൂട്ടിങ് നടക്കുന്ന സമയത്താണ് കൂട്ടിക്കല്‍ മണ്ണിടിഞ്ഞ് ദുരന്തമുണ്ടായത്, അവിടെയും പോയിരുന്നു. സാഹചര്യമൊക്കെ മനസിലാക്കി, അവിടെയുള്ളവരോട് സംസാരിച്ചിരുന്നു. പ്രളയ സമയത്ത് പലരും എടുത്ത ഫോട്ടോസ്, ദൃശ്യങ്ങൾ, ഇതുകൂടാതെ യൂട്യൂബ്, ഹോളിവുഡ് സിനിമകൾ, അങ്ങനെ പലതരത്തിലുള്ള റഫറന്‍സ് എടുത്തിരുന്നു.
വെല്ലുവിളികള്‍…
സാധാരണ ഒരു സിനിമയ്ക്ക് സെറ്റിട്ടാല്‍ അത് ഫിക്‌സ്ഡ് ആണ്, സിനിമ കഴിഞ്ഞ് മാത്രം പിന്നെ അത് മാറ്റിയാല്‍ മതി. അതില്‍ തന്നെ വരാന്‍ സാധ്യതയുള്ളത്, നിലവിലുള്ള കാലഘട്ടം, മുന്‍പുണ്ടായിരുന്ന കാലം, ചിലപ്പോള്‍ 30 വര്‍ഷം മുന്‍പുണ്ടായിരുന്നത്, ആരും വരാതിരുന്ന ഒരു സ്ഥലം, അതൊക്കെ വളരെ സര്‍വ സാധാരണമായി നമ്മള്‍ ചെയ്ത് വരുന്നതാണ്. അത് ഉള്ള സെറ്റിൽ കളർ ടോണൊക്കെ മാറ്റി നമുക്ക് റെഡി ആക്കി എടുക്കാം.
പക്ഷെ ഒരു ഹൗസിങ് കോളനിയില്‍ വെള്ളം കയറുന്നത് സെറ്റിടുക എന്ന് പറയുന്നത് കുറച്ച് ചലഞ്ചിങ് ആയിട്ടുള്ള പരിപാടി ആണ്, വെറുതെ വെള്ളം കയറിയാല്‍ പോരാ, വെള്ളം കൂടിക്കൂടി വരണം. അതിന്‌റെ ശക്തിയും തീവ്രതയും കൂടണം , അപ്പോള്‍ മാത്രമേ അത് പ്രേക്ഷകനിലേക്കും എത്തൂ. അതിന് ഞങ്ങള്‍ ഒരു ട്രിക്ക് ഉപയോഗിച്ചിരുന്നു. അതുപക്ഷേ പുറത്ത് പറഞ്ഞിട്ടില്ല, പറയാനും ആകില്ല. എന്തായാലും ഞാന്‍ എന്‌റെ കരിയറില്‍ ചെയ്തിട്ടുള്ള ഏറ്റവും ചലഞ്ചിങ് സിനിമയായിരുന്നു 2018. അതില്‍ തര്‍ക്കമില്ല.
മാത്രമല്ല കുറച്ച് യഥാർത്ഥ ദൃശ്യങ്ങൾ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. അത് മുഴച്ച് നിൽക്കാതെ തോന്നണം. അതിനായി യഥാര്‍ത്ഥ വിഷ്വല്‍ എടുത്തിട്ട് അതുതന്നെ റിക്രീയേറ്റ് ചെയ്ത് സീക്വൻസ് കൂടി ഉൾപ്പെടുത്തി. അതുകൊണ്ടാണ് സാധാരണ പ്രേക്ഷകന് അവ തമ്മില്‍ വലിയ വ്യത്യാസം തോന്നാത്തത് . പക്ഷേ അപ്പോഴും സോഷ്യല്‍ മീഡിയയിലൊക്കെ സജീവമായ ആളുകള്‍ക്ക് അതിലുള്ള വ്യത്യാസം മനസിലാകും
അടുത്തത് എമ്പുരാന്‍ …
അടുത്തതായി കമ്മിറ്റ് ചെയ്തിരിക്കുന്ന ചിത്രം എമ്പുരാന്‍ ആണ്. ലൂസിഫറിന്റെ കലാസംവിധാനവും ചെയ്തിരുന്നു.
കടപ്പാട്