Sunday, September 15, 2024
HomeEntertainmentമുരളിയില്ലാത്ത 15 സിനിമാവർഷങ്ങൾ
spot_img

മുരളിയില്ലാത്ത 15 സിനിമാവർഷങ്ങൾ

സനിത അനൂപ്

മുരളിയുടെ പേരിനൊപ്പം ഭരത് എന്ന പട്ടവും ചേർത്ത സിനിമയാണ് ‘നെയ്ത്തുകാരൻ’. ഇഎംഎസ്സിനെ ഏറെ ആരാധിക്കുന്ന അപ്പ മേസ്തരി എന്ന കഥാപാത്രം മുരളിയുടെ അഭിനയ തികവിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. 2009 മുതലുള്ള 15 വർഷ കാലത്ത് മലയാള സിനിമയിൽ അദ്ദേഹമുണ്ടാക്കിയ ശൂന്യത വളരെ വലുതാണ്. മലയാള സിനിമയ്ക്ക് പൊൻതൂവലായ പ്രിയ നടന്റെ ഓർമ്മകൾക്ക് ഇന്നലെ 15 വര്ഷം തികഞ്ഞു.

‘പഞ്ചാഗ്നി’യിലെ രാജനിൽ തുടങ്ങി എണ്ണം പറഞ്ഞ എത്രയെത്ര വേഷങ്ങളെ അനശ്വരമാക്കിയ മുരളി എന്ന നടൻ ഓർമ്മയായിട്ട് ഒന്നര പതിറ്റാണ്ട് ആയി . ആധാരത്തിലെ ബാപ്പുട്ടി, വെങ്കലത്തിലെ ഗോപാലന്‍, അമരത്തിലെ കൊച്ചുരാമൻ, നെയ്‌ത്തുകാരനിലെ അപ്പമേസ്‌തിരി, ചമയത്തിലെ എസ്‌തപ്പാൻ ആശാൻ,ലാൽസലാമിലെ സ. ഡി.കെ, പത്രത്തിലെ ശേഖരൻ, ഏകാന്തത്തിലെ രാവുണ്ണി മേനോൻ നമ്മുടെ മനസ്സിൽ പകയും പ്രണയവും വിങ്ങലും നൽകിയ ഒട്ടനവധി കഥാപാത്രങ്ങൾ നമുക്ക് നല്കിയിട്ടാണ് മുരളി അരങ്ങൊഴിഞ്ഞത്.
ശരീരഭാഷകൊണ്ടും ശബ്ദഗാഭീര്യം കൊണ്ടും മലയാളികളുടെ മനസിന്റെ ആഴങ്ങളിൽ ഇടം നേടിയ നടൻ. നായകനായും പ്രതിനായകനായും വെള്ളിത്തിരയുടെ അമരത്ത് നിറഞ്ഞാടിയ മുരളി. ഭാവാഭിനയത്തിൻ്റെ മറുവാക്കായിരുന്ന പ്രതിഭ, നാട്യവൈഭവം കൊണ്ടും ബൗദ്ധികനിലവാരം കൊണ്ടും വേറിട്ടുനിന്ന മുരളി ഒഴിച്ചിട്ടു പോയ സിംഹാസനം ഇന്നും ഒഴിഞ്ഞു കിടക്കുന്നു .
രാഷ്ട്രീയക്കാരനാവുമ്പോൾ അടിമുടി രാഷ്ട്രീയക്കാരൻ, ഡ്രൈവറാകുമ്പോൾ അങ്ങനെ. ആശാരിയും മൂശാരിയും അരയനും ആവുമ്പോൾ അങ്ങനെ. അത്തരത്തിൽ അഭിനയത്തിന്റെ കൊടുമുടികൾ ആയിരുന്നു മുരളിയിലെ നടൻ നമുക്ക് നൽകിയത് .
സൗന്ദര്യം അരങ്ങുവാണിരുന്ന സിനിമാ മേഖലയിൽ തിളങ്ങാൻ വേണ്ട ശരീര ഭാഷയായിരുന്നില്ല മുരളിക്ക്. പക്ഷേ മലയാളി സൗന്ദര്യ സങ്കൽപ്പത്തിൽ മുരളിയൊരു ഒറ്റയാനാണ്. ആ ഗാഭീര്യം മറ്റാർക്കും അവകാശപ്പെടാനാകില്ല. മുഖത്തെ കട്ടിമീശയും നെറ്റിയിലെ മുറിപ്പാടും മുരളിയുടെ ഗാംഭീര്യത്തിന് മാറ്റ് കൂട്ടുന്നതായിരുന്നു. വളയത്തിൽ ലോറി ഡ്രൈവറായെത്തിയ മുരളിയെ വെല്ലാൻ മറ്റൊരു നടനുണ്ടോ മലയാളത്തിൽ!

‘വെങ്കല’ത്തിൽ ഓട് വെന്ത് മൂശയിലേക്കൊഴിക്കുന്ന മൂശാരിയുടെ രൂപഭാവങ്ങൾ തന്മയത്തത്തോടെ അവതരിപ്പിക്കാൻ അന്ന് മുരളിക്ക് മാത്രമേ കഴിഞ്ഞിരുന്നുള്ളൂ . കളിക്കളത്തിലെ പൊലീസുകാരൻ അഭിനയ ദ്വന്ദമെന്ന് വിശേഷിപ്പിക്കാവുന്ന കഥാപാത്രങ്ങളിൽ ഒന്നാണ്. മമ്മൂട്ടിയുടെ കള്ളനെ പൂർണമാക്കുന്നത് മുരളിയിലെ പൊലീസുകാരനാണ്.അമരത്തിലെ മമ്മൂട്ടിയുടെ അച്ചൂട്ടിക്കൊപ്പം തന്നെയാണ് കൊച്ചുരാമന്റെ വേവുകളെയും മുരളി അവതരിപ്പിച്ചത് .

മുരളിയുടെ പേരിനൊപ്പം ഭരത് എന്ന പട്ടവും ചേർത്ത സിനിമയാണ് ‘നെയ്ത്തുകാരൻ’. ഇഎംഎസ്സിനെ ഏറെ ആരാധിക്കുന്ന അപ്പ മേസ്തരി എന്ന കഥാപാത്രം മുരളിയുടെ അഭിനയ തികവിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. 2009 മുതലുള്ള 15 വർഷ കാലത്ത് മലയാള സിനിമയിൽ അദ്ദേഹമുണ്ടാക്കിയ ശൂന്യത വളരെ വലുതാണ്. മലയാള സിനിമയ്ക്ക് പൊൻതൂവലായ പ്രിയ നടന്റെ ഓർമ്മകൾക്ക് ഇന്നലെ 15 വര്ഷം തികഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments