തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
നിക്ഷേപ തട്ടിപ്പിനെ തുടര്‍ന്ന് പ്രമുഖ വ്യവസായി സുന്ദര്‍ സി മേനോന്‍ അറസ്റ്റില്‍. ഹിവാന്‍ നിധി, ഹിവാന്‍ ഫിനാന്‍സ് എന്നീ സ്ഥാപനങ്ങളുടെ പേരില്‍ നിക്ഷേപകരില്‍ നിന്നും പണം സ്വീകരിച്ച് 7.78 കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. പത്മശ്രീ ജേതാവും തിരുവമ്പാടി ദേവസ്വം പ്രസിഡൻ്റുമായ പുഴയ്ക്കല്‍ ശോഭ സിറ്റി ടോപ്പാസ് ഫ്‌ളാറ്റില്‍ താമസിക്കുന്ന സുന്ദര്‍ സി മേനോനെ തൃശൂര്‍ സിറ്റി ജില്ല ക്രൈം ബ്രാഞ്ച് അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.
പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് റിസര്‍വ് ബാങ്കിന്റെ നിബന്ധനകള്‍ക്ക് വിരുദ്ധമായാണ് നിക്ഷേപം സ്വീകരിച്ചത്. കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നല്‍കാതെ വിശ്വാസ വഞ്ചന നടത്തിയതിന് തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
ഈ കേസുകള്‍ പിന്നീട് സി ബ്രാഞ്ച് അന്വേഷിച്ച് വരികയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതികളുടെയും മറ്റു ഡയറക്ടര്‍മാരുടെയും സ്വത്തുക്കള്‍ ഫ്രീസ് ചെയ്തിട്ടുണ്ട്.