പരിശീലനം പൂര്‍ത്തിയാക്കിയ 410 പേര്‍ പോലീസ് സേനയുടെ ഭാഗമായി
വയനാട്ടിലെ ചൂരല്‍മലയിലേയും മുണ്ടക്കൈയിലേയും ഉരുള്‍പൊട്ടല്‍ ദുരന്തമുഖത്ത് ദൃഢനിശ്ചയത്തോടെയാണ് പോലീസും, ഫയര്‍ഫോഴ്‌സും, സൈന്യവും, ദുരന്തനിവാരണസേനയുമെല്ലാം മുഴുകിയിരിക്കുന്നത്. നമ്മുടെ നാടിന്റെ ഒന്നത്യം കാത്തുസൂക്ഷിക്കുകയാണ് അവരെല്ലാവരും. എന്നും കേരള പോലീസിന് അഭിമാനിക്കാവുന്ന ഒട്ടേറെ ഏടുകള്‍ ദുരന്തമുഖത്ത് കാണാനായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പോലീസ് അക്കാദമി മുഖ്യ പരേഡ് ഗ്രൗണ്ടില്‍ നടന്ന കേരള പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ കേരള ആംഡ് വനിത പോലീസ് ബറ്റാലിയന്‍ 19 ബി ബാച്ചിലെ 187 വനിത പോലീസ് സേനാംഗങ്ങളുടേയും, മലപ്പുറം എം.എസ്.പി. ബറ്റാലിയനില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 26-ാമത് ബാച്ചിലെ 223 പുരുഷ പോലീസ് സേനാംഗങ്ങളുടേയും സംയുക്ത പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അത്യന്തം അപകടകരമയ രക്ഷാദൗത്യങ്ങളാണ് സ്വന്തം ജീവന്‍ പോലും തൃണവല്‍ഗണിച്ചുകൊണ്ട് വയനാട്ടിലെ ദുരന്തമുഖത്ത് പോലീസ് ഏറ്റെടുത്തത്. മുന്‍പ് പ്രളയകാലത്തും, കോവിഡ് കാലത്തും കേരള പോലീസിന്റെ കരുതലിന്റെ സ്‌നേഹസ്പര്‍ശം കേരളം അനുഭവിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തമുഖങ്ങളില്‍ കേരളം കാത്തുസൂക്ഷിക്കുന്ന മനുഷ്യസ്‌നേഹത്തിന്റെ ഊഷ്മളത നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുക എന്ന വലിയ ഉത്തരവാദിത്വം ഇന്ന് കേരള പോലീസിന്റെ ഭാഗമാകുന്ന ഓരോ സേനാംഗത്തിനുമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ കേരള പോലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ (ട്രെയിനിംഗ്) എ.യു. സുനില്‍കുമാര്‍ പരിശീലനാര്‍ത്ഥികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. പരിശീലനത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച് സമ്മാനാര്‍ഹരായവര്‍ക്ക് ചടങ്ങില്‍ മുഖ്യമന്ത്രി ട്രോഫികള്‍ സമ്മാനിച്ചു. കേരള ആംഡ് വനിത പോലീസ് ബറ്റാലിയന്‍ 19 ബി ബാച്ച് പരിശീലനാര്‍ത്ഥികളില്‍ മികച്ച പ്രകടനം കാഴ്ചവച്ചതില്‍ ബെസ്റ്റ് ഇന്‍ഡോര്‍ പെര്‍ഫോമറായി ആര്‍. രജിത, ബസ്റ്റ് ഔട്ട്‌ഡോര്‍ പെര്‍ഫോമറായി ടി. ലിഖിത, ബെസ്റ്റ് ഷൂട്ടറായി ആന്‍മേരി ചിക്കു, ഓള്‍റൗണ്ടറായി വി.എസ്. ശരണ്യ എന്നിവരെ തിരഞ്ഞെടുത്തു. എം.എസ്.പി. ബറ്റാലിയന്‍ 26-ാമത് ബാച്ച് പരിശീലനാര്‍ത്ഥികളില്‍ മികച്ച പ്രകടനം കാഴ്ചവച്ചതില്‍ ബെസ്റ്റ് ഇന്‍ഡോര്‍ പെര്‍ഫോമറായി കെ.വി അശ്വിന്‍ രാജ്, ബസ്റ്റ് ഔട്ട്‌ഡോര്‍ പെര്‍ഫോമറായി എ.ജി അഭിജിത്ത്, ബെസ്റ്റ് ഷൂട്ടറായി എം. ഹരിന്‍, ഓള്‍റൗണ്ടറായി എ.ജി അഭിജിത്ത് എന്നിവരെ തിരഞ്ഞെടുത്തു.
സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ക് ദര്‍വേഷ് സാഹെബ്, എ.ഡി.ജി.പി. ആന്റ് ഡയറക്ടര്‍ കേരള പോലീസ് അക്കാദമി പി. വിജയന്‍, തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജി. അജിതാ ബീഗം, കേരള ആംഡ് വനിത പോലീസ് ബറ്റാലിയന്‍ കമാണ്ടന്റ് നകുല്‍ രാജേന്ദ്ര ദേശ് മുഖ് എന്നിവരും ചടങ്ങില്‍ സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.കെ വര്‍ഗ്ഗീസ്, സബ് കളക്ടര്‍ മുഹമ്മദ് ഷെഫീഖ്, മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും പരിശീലനാര്‍ത്ഥികളുടെ ബന്ധുമിത്രാദികളും ചടങ്ങ് വീക്ഷിക്കാനെത്തിയിരുന്നു.
2023 ഒക്ടോബര്‍ 31 നാണ് കേരള ആംഡ് വനിത പോലീസ് ബറ്റാലിയന്‍ 19 ബി ബാച്ച് വനിത പോലീസ് സേനാംഗങ്ങളുടെ പരിശീലനം കേരള പോലീസ് അക്കാദമിയില്‍ ആരംഭിച്ചത്. 2023 നവംബര്‍ 1 നാണ് എം.എസ്.പി. ബറ്റാലിയന്‍ 26-ാമത് ബാച്ച് പുരുഷ പോലീസ് സേനാംഗങ്ങളുടെ പരിശീലനം മലപ്പുറം എം.എസ്.പി. ബറ്റാലിയനില്‍ ആരംഭിച്ചത്.
ഒന്‍പത് മാസത്തെ അടിസ്ഥാന പരിശീലനത്തിന്റെ ഭാഗമായി ഇവര്‍ക്ക് ഔട്ട്‌ഡോര്‍ വിഭാഗത്തില്‍ പരേഡ്, ശാരീരികക്ഷമത പരിശീലനം എന്നിവയ്ക്ക് പുറമേ ഡ്രില്‍, ലാത്തി, മോബ് ഓപ്പറേഷന്‍, ഒബ്സ്റ്റക്കിള്‍ കോഴ്‌സ്, ഫീല്‍ഡ് ക്രാഫ്റ്റ്, മാപ്പ് റീഡീങ്ങ്, ബോംബ് ഡിറ്റക്ഷന്‍, സെല്‍ഫ് ഡിഫന്‍സ്, കരാട്ടെ, യോഗ, നീന്തല്‍, ഡ്രൈവിംഗ് എന്നിവയിലും പരിശീലനം നല്‍കിയിട്ടുണ്ട്. ഹൈ ആള്‍ട്ടിറ്റിയൂഡ് ട്രെയിനിംഗ്, കോസ്റ്റല്‍ സെക്യൂരിറ്റി ട്രെയിനിംഗ്, ജംഗിള്‍ ട്രെയിനിംഗ് എന്നിവക്ക് പുറമെ അത്യാധുനിക ആയുധങ്ങളായ താര്‍, ഇന്‍സാസ്, എസ്എല്‍ആര്‍, എല്‍എംജി, ഗ്ലോക്ക് പിസ്റ്റല്‍, കാര്‍ബെയ്ന്‍ എന്നിവയില്‍ ഫയറിംഗ് പരിശീലനവും നല്‍കിയിട്ടുണ്ട്.
ഇന്‍ഡോര്‍ വിഭാഗത്തില്‍ ഇന്ത്യന്‍ ഭരണഘടന, ഭാരതീയ ന്യായ സന്‍ഹിത, ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിത, ഭാരതീയ സുരക്ഷാ അധിനിയം, ഇന്ത്യന്‍ ശിക്ഷാ നിയമം, ക്രിമിനല്‍ നടപടി ക്രമം, തെളിവ് നിയമം, മറ്റ് നിയമങ്ങള്‍, പോലീസ് സ്റ്റേഷന്‍ മാനേജ്‌മെന്റ്, ട്രാഫിക്ക് മാനേജ്‌മെന്റ്, കേസന്വേഷണം, വി.ഐ.പി ബന്തവസ്സ്, ഇന്റേണല്‍ സെക്യൂരിറ്റി, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, ഫോറന്‍സിക് സയന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലീജന്‍സ് ഇന്‍ പോലീസിംഗ്, കംപാഷ്യനേറ്റ് കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്റര്‍വെന്‍ഷന്‍ ബൈ പോലീസ് (സിസിഐപി), ഫോറന്‍സിക് മെഡിസിന്‍, കംപ്യൂട്ടര്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍, ക്രിമിനോളജി, പീനോളജി, വിക്ടിമോളജി, സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍, ജെന്‍ഡര്‍ ന്യൂട്രല്‍സ് തുടങ്ങിയവരോടുള്ള പെരുമാറ്റം, പരിസ്ഥിതിക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയല്‍, ഫസ്റ്റ് എയ്ഡ് തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസ്സ് റൂം പരിശീലനവും നല്‍കിയിട്ടുണ്ട്.
വനിത പോലീസ് പരിശീലനാര്‍ത്ഥികള്‍ക്ക് കോസ്റ്റല്‍ സെക്യൂരിറ്റി പ്രായോഗിക പരിശീലനം അഴീക്കോട്, മുനയ്ക്കല്‍കടവ് തീരദേശ പോലീസ് സ്റ്റേഷനുകളിലും, ഫോറന്‍സിക് മെഡിസിന്‍ പ്രായോഗിക പരിശീലനം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ലഭ്യമാക്കിയിരുന്നു. എസ്ഒജിയുടെ നേതൃത്വത്തില്‍ ഭീകര വിരുദ്ധ പരിശീലനവും, ഇടുക്കിയിലെ കുട്ടിക്കാനത്ത് ഹൈ ആള്‍ട്ടിട്ട്യൂഡ് പരിശീലനവും നല്‍കി. കൂടാതെ കേരളം സമീപകാലത്ത് നേരിട്ട പ്രളയകെടുതികള്‍ പോലുള്ള പ്രകൃതി ദുരന്തങ്ങളില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് വേണ്ടി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് എന്ന വിഷയത്തില്‍ ഇവര്‍ക്ക് നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സിലെ വിദഗ്ദ്ധര്‍ പരിശീലനം നല്‍കിയിട്ടുണ്ട്. മലപ്പുറം എം.എസ്.പി. ബറ്റാലിയനില്‍ പരിശീലനം പൂര്‍ത്തിയാക്കിയ സേനാംഗങ്ങള്‍ക്ക് കോസ്റ്റല്‍ സെക്യൂരിറ്റി പ്രായോഗിക പരിശീലനം ബേപ്പൂര്‍, പൊന്നാനി, എലത്തൂര്‍ തീരദേശ പോലീസ് സ്റ്റേഷനുകളിലും, ഫോറന്‍സിക് മെഡിസിനില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രായോഗിക പരിശീലനവും നല്‍കി.
പോലീസിന്റെ തൊഴില്‍ വൈദഗ്ദ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിനും, പൊതുജനങ്ങളോടുള്ള പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനും പോലീസിന്റെ ആപ്തവാക്യമായ ‘മൃദു ഭാവേ ദൃഢ കൃത്യേ’ അന്വര്‍ത്ഥമാക്കുന്നതിനും ഉതകുന്ന രീതിയിലുള്ള പരിശീലനമാണ് പരിശീലന കാലയളവില്‍ നല്‍കിയിട്ടുള്ളത്. പരിശീലന കാലയളവില്‍ തന്നെ പ്രായോഗിക പരിശീലനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള ആംഡ് വനിത പോലീസ് ബറ്റാലിയന്‍ പരിശീലനാര്‍ത്ഥികളെ 2024 ലോകസഭ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കും, തൃശ്ശൂര്‍ പൂരത്തിനോടനുബന്ധിച്ചുള്ള ക്രമസമാധാനപാലന ഡ്യൂട്ടികള്‍ക്കും നിയോഗിച്ചിരുന്നു. എം.എസ്.പി. ബറ്റാലിയനിലെ പരിശീലനാര്‍ത്ഥികളെ മലപ്പുറം ജില്ലയിലെ വൈരംകോട് പൂരത്തിനോടനുബന്ധിച്ചുള്ള ക്രമസമാധാനപാലന ഡ്യൂട്ടിക്കും, 2024 ലോകസഭ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലും നിയോഗിച്ചിട്ടുണ്ട്. കേരള ആംഡ് വനിത പോലീസ് ബറ്റാലിയനിലെ 187 വനിത പോലീസ് പരിശീലനാര്‍ത്ഥികളില്‍ 93 പേരും എം.എസ്.പി. ബറ്റാലിയനിലെ 223 പുരുഷ പോലീസ് പരിശീലനാര്‍ത്ഥികളില്‍ 16 പേരും വിവാഹിതരാണ്.
കേരള ആംഡ് വനിത പോലീസ് ബറ്റാലിയന്‍ 19 ബി ബാച്ച് പരിശീലനാര്‍ത്ഥികളില്‍ തിരുവനന്തപുരത്ത് നിന്നും 43, കൊല്ലം 24, പത്തനംതിട്ട 2, ആലപ്പുഴ 17, കോട്ടയം 8, ഇടുക്കി 4, എറണാകുളം 8, തൃശ്ശൂര്‍ 10, പാലക്കാട് 30, മലപ്പുറം 4, കോഴിക്കോട് 15, കണ്ണൂര്‍ 12, വയനാട്, കാസര്‍ഗോഡ് 5 പേര്‍ വീതവും സേനയുടെ ഭാഗമായി. എം.എസ്.പി. ബറ്റാലിയന്‍ 26-ാമത് ബാച്ച് പരിശീലനാര്‍ത്ഥികളില്‍ തിരുവനന്തപുരത്ത് നിന്നും 17, കൊല്ലം 3, ആലപ്പുഴ 6, കോട്ടയം 1, ഇടുക്കി 2, എറണാകുളം 2, തൃശ്ശൂര്‍ 1, പാലക്കാട് 14, മലപ്പുറം 65, കോഴിക്കോട് 101, വയനാട് 10, കണ്ണൂരില്‍നിന്നും ഒരാളും സേനയുടെ ഭാഗമായി.
പരിശീലനം പൂര്‍ത്തിയാക്കി കേരള പോലീസിന്റെ ഭാഗമാകുന്ന ഇരു ബാച്ചുകളിലും ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ള നിരവധി പേരാണുള്ളത്. കേരള ആംഡ് വനിത പോലീസ് ബറ്റാലിയന്‍ 19 ബി ബാച്ചില്‍ പ്ലസ് ടു യോഗ്യതയുള്ള 10 പേരും ബിരുദം നേടിയ 100 പേരും ബിരുദാനന്തര ബിരുദം നേടിയ 48 പേരും ഡിപ്ലോമ 4, ബി.എഡ് 3, ബിടെക് 17, എംടെക് 3, എംബിഎ, എംഫില്‍ ബിരുദക്കാരായ ഒരോരുത്തരും ഉള്‍പ്പെടുന്നു. എം.എസ്.പി. ബറ്റാലിയന്‍ 26-ാമത് ബാച്ചില്‍ പ്ലസ് ടു യോഗ്യതയുള്ള 43 പേരും ബിരുദം നേടിയ 125 പേരും ബിരുദാനന്തര ബിരുദം നേടിയ 17 പേരും ഡിപ്ലോമ 16, ഐടിഐ 5, ബിടെക് 15, എംബിഎ ബിരുദം നേടിയ രണ്ടുപേരും ഉള്‍പ്പെടുന്നു.