Wednesday, March 19, 2025
HomeEntertainmentമാൽഗുഡിയിലെ വീടും ആ ഈണവും
spot_img

മാൽഗുഡിയിലെ വീടും ആ ഈണവും

രവിമേനോൻ

വിഖ്യാത എഴുത്തുകാരൻ ആർ കെ നാരായണിൻ്റെ മൈസൂരു യാദവ് ഗിരിയിലെ വീടിന് മുന്നിൽ ചെന്ന് നിന്നപ്പോൾ ആദ്യം കാതിൽ മുഴങ്ങിയത് “മാൽഗുഡി ഡെയ്സി”ലെ മറക്കാനാവാത്ത ആ ശീർഷക സംഗീതം…. മനസ്സിൽ വന്നു നിറഞ്ഞത് എൽ വൈദ്യനാഥൻ എന്ന സംഗീത സംവിധായകൻ്റെ ഓർമ്മകൾ.

“മാൽഗുഡി ഡേയ്സ്” ഓർമയില്ലേ? ഗ്രാമ്യ വിശുദ്ധി നിറഞ്ഞ ആ പരമ്പര ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത ദൃശ്യാനുഭവം.

ആർ കെ നാരായണിന്റെ വിഖ്യാത രചനക്ക് ദൃശ്യാവിഷ്ക്കാരം നൽകുമ്പോൾ സംവിധായകനും നടനുമായ ശങ്കർനാഗിന്റെ മനസ്സിൽ ഒരൊറ്റ സംഗീതസംവിധായനെ ഉണ്ടായിരുന്നുള്ളു – എൽ വൈദ്യനാഥൻ. ജി കെ വെങ്കിടേഷിന്റെ സഹായിയായിരുന്ന കാലം മുതലേ വൈദ്യനാഥനെ അറിയാം ശങ്കറിന്. അദ്ദേഹത്തിന്റെ കഴിവുകളിൽ പൂർണ്ണ വിശ്വാസവുമുണ്ട്.

സത്യജിത് റായിയുടെ ക്ലാസിക് ചിത്രമായ പഥേർ പാഞ്ചലിയുടെ മാതൃകയിൽ പ്രകൃതിയോടും പഴയ കാലത്തോടും ചേർന്ന് നിൽക്കുന്ന ഈണമാണ് തനിക്ക് വേണ്ടതെന്ന് ശങ്കർ നാഗ് പറഞ്ഞപ്പോൾ അതൊരു വെല്ലുവിളിയായിത്തന്നെ എടുത്തു വൈദ്യനാഥൻ. പുല്ലാംകുഴലിന്റെയും തബലയുടെയും പശ്ചാത്തലത്തിൽ മോഹന രാഗ സ്പർശം നൽകി വൈദ്യനാഥൻ ജന്മം നൽകിയ ആ കൊച്ചു ഗാനശകലം അന്നത്തെ ടി വി പ്രേക്ഷകരുടെ തലമുറ എങ്ങനെ മറക്കാൻ? വൈദ്യനാഥൻ തന്നെ ശബ്ദം നൽകിയ “താനാന തനാനാന നാ” എന്ന ആ വരി ഇത്രയും വർഷങ്ങൾക്കു ശേഷവും കാതിലും മനസ്സിലുമുണ്ട്.

“ലാളിത്യം തന്നെയാവണം അതിനെ ഇത്രയും ജനകീയമാക്കിയത്.”– പിൽക്കാലത്ത് മാൽഗുഡി ഡേയ്സിന്റെ ശീർഷക സംഗീതത്തെ കുറിച്ച് ചോദിച്ചപ്പോൾ വൈദ്യനാഥൻ പറഞ്ഞു. “മൊത്തത്തിൽ ഒരു ഗ്രാമീണ അന്തരീക്ഷമാണ് പരമ്പരക്ക്. കാലഘട്ടമാകട്ടെ സ്വാതന്ത്ര്യത്തിന് മുൻപുള്ളതും. ഗൃഹാതുരവും കുട്ടികളുടെ പോലും മനസ്സിൽ നിൽക്കുന്നതുമായ ഒരു ഈണത്തിനു വേണ്ടി ദിവസങ്ങൾ തലപുകച്ചിട്ടുണ്ട്. തികച്ചും യാദൃച്ഛികമായി ഒരു മൂളിപ്പാട്ടായി എന്റെ ചുണ്ടിൽ കടന്നുവന്നതാണ് നിങ്ങൾ കേൾക്കുന്ന ഈണം. പാടിക്കേൾപ്പിച്ചയുടൻ അത് ശങ്കർ നാഗിന് ഇഷ്ടപ്പെട്ടു. ആർ കെ ലക്ഷ്മണിന്റെ രേഖാചിത്രങ്ങളുടെ അകമ്പടിയോടെ അദ്ദേഹം അത് ഭംഗിയായി ചിത്രീകരിക്കുകയും ചെയ്തു.”

മലയാളമുൾപ്പെടെ വിവിധ തെന്നിന്ത്യൻ ഭാഷകളിലായി ഇരുനൂറോളം സിനിമകൾക്ക് ഗാനമൊരുക്കിയിട്ടുണ്ടെങ്കിലും വൈദ്യനാഥന്റെ ഏറ്റവും വലിയ ഹിറ്റ് മാൽഗുഡിയുടെ ഹൃദയഗീതം തന്നെയാവണം.

വൈദ്യനാഥന്റെ ഇളയ സഹോദരൻ എൽ സുബ്രഹ്മണ്യന്റെ സാന്നിധ്യവും ഉണ്ടായിരുന്നു ഒരിക്കൽ ദൂരദർശനിൽ. ജനപ്രിയ പരമ്പരകളിൽ ഒന്നായ “സുരഭി”യുടെ ശീർഷക സംഗീതം ചിട്ടപ്പെടുത്തിയതും വാദ്യവിന്യാസം നിർവഹിച്ചതും സുബ്രഹ്മണ്യമാണ്‌. രേണുക ഷഹാനെയും സിദ്ധാർഥ് കക്കും അവതരിപ്പിച്ച ഈ പരിപാടിക്ക് വേണ്ടി ഫ്യൂഷൻ സംഗീതത്തിന്റെയും ക്വയറിന്റെയും സാധ്യതകൾ പ്രയോജനപ്പെടുത്തി അദ്ദേഹം.

— രവിമേനോൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments