Tuesday, July 23, 2024
spot_img
HomeEntertainmentഎഴുത്തുകാരി ചന്ദ്രമതി 'ഉള്ളൊഴുക്കിനെ' വരയ്ക്കുമ്പോൾ
spot_img

എഴുത്തുകാരി ചന്ദ്രമതി ‘ഉള്ളൊഴുക്കിനെ’ വരയ്ക്കുമ്പോൾ

ഉള്ളിലെ ശവമഞ്ചങ്ങൾ

“ഉള്ളൊഴുക്ക്” കണ്ടു. സ്ത്രീയുടെ മനസ്സിന്റെ ഉള്ളടരുകളിലേക്ക് വെളിച്ചം വീഴ്ത്തുന്ന നല്ല പടം. സംവിധായകനും തിരക്കഥാകൃത്തുമായ ക്രിസ്റ്റോ ടോമി എന്ന നവാഗതന് അഭിനന്ദനങ്ങൾ. സ്ത്രീ കേന്ദ്ര കഥാപാത്രമായുള്ള സിനിമകൾപോലും എടുക്കാൻ മടിക്കുന്നവരുടെ ഇടയിലേക്ക് താങ്കൾ സധൈര്യം കടന്നു വന്നിരിക്കുന്നു, വിജയിച്ചിരിക്കുന്നു.

കെട്ടുറപ്പുള്ള തിരക്കഥയാണ് “ഉള്ളൊഴുക്കി”ന്റെ വിജയത്തിന്റെ പ്രധാനഘടകം. ഒരു വാക്കുപോലും അസ്ഥാനത്ത് അല്ല,അനാവശ്യവും അല്ല. മഴയെപ്പോലും ക്രിസ്റ്റോ ടോമി പ്രാഗൽഭ്യത്തോടെ സംവിധാനം ചെയ്തിരിക്കുന്നു. കുട്ടനാടിനെയും മഴയെയും പ്രധാന കഥാപാത്രങ്ങൾ ആക്കിയത് നന്നായി. ഇതിനു മുൻപും മഴ ശക്തമായി വരുന്ന സിനിമകൾ ഉണ്ടായിട്ടുണ്ട്. പക്ഷേ ഇവിടെ മഴയ്ക്ക് എന്തോ ഒരു പ്രത്യേകത തോന്നി. ഉള്ളിൽ മഴയും ഇടിമിന്നലും വഹിക്കേണ്ടി വന്ന കഥാപാത്രങ്ങളുടെ മനസ്സ് പോലെ.

മനസ്സിൽ രഹസ്യങ്ങളുടെ ശവമഞ്ചവുമായി ജീവിക്കുന്ന ഒരു പിടി മനുഷ്യർ. അവരെ അവതരിപ്പിക്കാൻ ഏറ്റവും ഉചിതമായ, മികച്ച, കലാകാരന്മാരെയും കലാകാരികളെയും കണ്ടെത്തിയതും മിടുക്ക് തന്നെ. കൂടുതൽ ശക്തമായി ദൃശ്യവത്ക്കരിക്കപ്പെടുന്ന പെൺമനസ്സുകളെ ഉർവശിയും പാർവതിയുമല്ലാതെ മറ്റാരാണ് അവതരിപ്പിക്കേണ്ടത്?

ഉർവശിയുടെ മാസ്മരിക- അഭിനയത്തെ കുറിച്ച് പറയാതെ വയ്യ. കഥാപാത്രമായി കൂടുമാറാനുള്ള സിദ്ധി ഉർവശിക്ക് പണ്ടേയുള്ളതാണ്. പുറത്ത് താളത്തിലും താളം തെറ്റിച്ചും അലറിപ്പെയ്യുന്ന മഴ പോലെ വികാരങ്ങൾ അനായാസമായി ആ മുഖത്ത് മിന്നിമറയുന്നു. മകന്റെ രോഗം മറച്ചുവെച്ച് , അവനുവേണ്ടി ഒരു പെൺകുട്ടിയുടെ ജീവിതം തകരാറിലാക്കുന്ന നിസ്സഹായയായ അമ്മ, അതിന്റെ തിരിച്ചടിയിൽ ജീവിതത്താളം തകരുന്ന സന്ദർഭത്തിൽ മാത്രം, സ്വപ്‌നങ്ങൾ കുഴിച്ചുമൂടേണ്ടി വന്ന ഒരു ഭൂതകാലം തനിക്കും ഉണ്ടായിരുന്നു എന്ന് വെളിപ്പെടുത്തുന്നു. മുഖം കൊണ്ടും ശരീരഭാഷ കൊണ്ടും ഉർവശി റോൾ ഗംഭീരമാക്കി.

കുടുംബത്തിന്റെയും സമൂഹത്തിന്റെയും നിയന്ത്രണങ്ങൾക്കുള്ളിൽ പലപ്പോഴും നിസ്സഹായയായി ഉരുകുന്ന പെണ്ണിന്റെ നിശ്ശബ്ദമായ നിലവിളി അഞ്ജുവിലൂടെ പാർവതി തിരുവോത്ത് നല്ലവണ്ണം കാട്ടിത്തരുന്നുണ്ട്. ആത്മാർത്ഥമായിത്തന്നെ രോഗിയായ ഭർത്താവിനെ ശുശ്രൂഷിക്കുമ്പോഴും അഞ്ജു ആശ്വാസം കണ്ടിരുന്നത് തനിക്ക് ഉപേക്ഷിക്കേണ്ടി വന്ന പ്രണയിതാവിലാണ് . അത് സമൂഹത്തിന്റെ കണ്ണിൽ അവിഹിതവും അധാർമികവുമാകാം. തന്റെ യൗവനം ഭർത്താവിന്റെ രോദനങ്ങളിലും വിസർജ്യങ്ങളിലുമായി ഒതുങ്ങുമ്പോൾ ഒരു വിശ്രമസ്ഥാനം കൊതിക്കുന്ന സ്ത്രീ മനസ്സിന് അങ്ങനെ തോന്നണമെന്നില്ല. സമൂഹത്തിന് നിർബന്ധമുള്ള ഒരുകാര്യം , എന്തും സ്വകാര്യതയ്ക്കുള്ളിൽ ആകണം എന്നാണ്.

ഒളിക്കാനാവാത്ത രീതിയിൽ പ്രണയബന്ധം വയറിനുള്ളിൽ വളരുമ്പോഴാണ് സമൂഹത്തിന്റെ അലിഖിത നിയമം തെറ്റിക്കപ്പെടുന്നത് . പിന്നെ വിചാരണയുടെയും ന്യായവിധിയുടെയും സമയം. കടമകൾ ചെയ്യുമ്പോഴും ഉള്ളിലെ പ്രണയത്തിന്റെ പക്ഷി യുടെ പാട്ടിൽ അഞ്ജു ആശ്വാസം കണ്ടിരുന്നു. അത് ദുരയുടെയും കാമത്തിന്റെയും ഗാനമായിരുന്നു എന്ന് തിരിച്ചറിയുമ്പോഴുള്ള വികാര സ്തംഭനം ദാർഢ്യമായ, ചിരി മാഞ്ഞ, മുഖം കൊണ്ട് പാർവതി തിരുവോത്ത് എത്ര ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു!

ചെറിയ റോളുകൾ ആണെങ്കിലും അഞ്ജുവിന്റെ ഭർത്താവ് തോമസ് കുട്ടിയായി പ്രശാന്ത് മുരളിയും കാമുകൻ രാജീവ് ആയി അർജുനും അച്ഛനായി അലൻസിയറും ഗംഭീരമായി അഭിനയിച്ചു. നോട്ടം കൊണ്ടും ചുണ്ടിന്റെ ചെറു ചലനം കൊണ്ടും സൂക്ഷ്മ വികാരങ്ങളെപ്പോലും പ്രകടിപ്പിക്കുന്ന അലൻസിയറെ പ്രത്യേകം എടുത്തു പറയാതെ വയ്യ. ഉർവശിയുടെ സഹോദരിയായി വരുന്ന കന്യാസ്ത്രീയെയും!

കുറേ നാളുകൾക്കു ശേഷം കണ്ട നല്ല സിനിമയായതുകൊണ്ടാണ് ഇതിനെക്കുറിച്ച് എഴുതിയത് . പാട്ടുകളോ സംഘട്ടനരംഗങ്ങളോ തമാശയ്ക്ക് വേണ്ടിയുള്ള തമാശയോ ഒന്നുമില്ലാതെ നല്ല സിനിമ എടുക്കാം എന്നുള്ളതിന് ഉദാഹരണം. “ഉള്ളൊഴുക്ക്” സ്ത്രീപക്ഷ സിനിമയോ ഫെമിനിസ്റ്റ് പടമോ അല്ല. മനുഷ്യ പക്ഷത്ത് നിന്നുള്ള കുറേ നിരീക്ഷണങ്ങളാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments