Tuesday, July 23, 2024
spot_img
HomeBlogഓർമ്മയിൽ ജോൺസൺ മാഷ്…
spot_img

ഓർമ്മയിൽ ജോൺസൺ മാഷ്…

ബിബിഷ ബാബു

മലയാളിയുടെ എൺപതുകളും തൊണ്ണൂറുകളും സംഗീത സാന്ദ്രമാക്കിയ ജോൺസൺ മാസ്റ്റർ. നിത്യയൗവന ഭംഗിയുള്ള കുറേ ഈണങ്ങൾ പകർന്നു നൽകി കാലമെത്തും മുൻപേ ആ പ്രതിഭ കടന്നുപോയിട്ട് ഇന്ന് 13 ആണ്ട് തികയുന്നു. അന്തിപ്പൂമാനം, അനുരാഗിണി, അഴകേ നിൻ, ആകാശമാകെ, ആടിവാകാറ്റേ, ആദ്യമായി കണ്ട നാൾ, എത്രനേരമായി ഞാൻ, രാജഹംസമേ, എന്തേ കണ്ണനു കറുപ്പു നിറം, ഒന്നു തൊടാനുള്ളിൽ, സ്വർണമുകിലേ, സ്വ‌പ്നം വെറുമൊരു സ്വപ്നം തുടങ്ങി മലയാളിയുടെ നൊസ്റ്റാൾജിയയുടെ
ജോൺസൺ അവശേഷിപ്പിച്ചുപോയ എത്രയോ സംഗീതശേഷിപ്പുകൾ!

മലയാള സിനിമയുടെ ദേവസംഗീതം

ജി.ദേവരാജന്റെ ശിഷ്യനായി സിനിമയിലെത്തിയ ജോൺസൺ, ദേവരാജനു ശേഷം ഏറ്റവും കൂടുതൽ മലയാള സിനിമയ്ക്കു സംഗീതമൊരുക്കിയ സംഗീതസംവിധായകനാണ്. തൃശൂരിലെ നെല്ലിക്കുന്നിൽ 1953 മാർച്ച് 26 ന് ജോൺസൺ ജനിച്ചത്. നെല്ലിക്കുന്ന് സെൻ്റ് സെബാസ്‌റ്റ്യൻസ് ചർച്ചിൽ ഗായകനായിരുന്ന അദ്ദേഹം ചെറുപ്പകാലത്തു തന്നെ ഗിറ്റാറിലും ഹാർമോണിയത്തിലും പ്രതിഭ തെളിയിച്ചു. 1968ൽ ജോൺസണും ചില സുഹൃത്തുക്കളും വോയ്‌സ് ഓഫ് തൃശൂർ എന്ന ട്രൂപ്പ് രൂപീകരിച്ചു.

പഠനത്തിനു ശേഷം മദ്രാസിൽ എത്തിയ ജോൺസൻ ദേവരാജൻ മാസ്റ്ററുടെ അസിസ്‌റ്റന്റായി. സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാതിരുന്ന ജോൺസൺ ദേവരാജൻ മാസ്‌റ്ററുടെ നിർദേശപ്രകാരമാണ് സംഗീതപഠനം തുടങ്ങിയത്. ഭരതന്റെ ‘ആരവം’ എന്ന ചിത്രത്തിനു പശ്ചാത്തല സംഗീതം ഒരുക്കിക്കൊണ്ടായിരുന്നു ജോൺസന്റെ സിനിമ ലോകത്തിലേക്കുള്ള പ്രവേശനം. മലയാള സിനിമയുടെ പശ്ചാത്തല സംഗീതത്തിന് പുതിയ മാനം നൽകിയ സംഗീതസംവിധയാകനാണ് ജോൺസൺ മാസ്‌റ്റർ.

ആന്റണി ഈസ്റ്ററ്റ്‌മാൻ സംവിധാനം ചെയ്ത ‘ഇണയെത്തേടി’ എന്ന ചിത്രത്തിനു സംഗീതം ഒരുക്കിയാണ് അദ്ദേഹം സ്വതന്ത്ര സംഗീതസംവിധായകനായത്. ആദ്യ ചിത്രത്തിലെ ഗാനങ്ങൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് പുറത്തിറങ്ങിയ ജയിൽ, പാർവതി, പ്രേമഗീതങ്ങൾ എന്നീ ചിത്രങ്ങളിലൂടെ ജോൺസൺ മാസ്റ്റ‌റുടെ പ്രതിഭയെ മലയാള ചലച്ചിത്ര ലോകം തിരിച്ചറിഞ്ഞു.

നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ, ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടം, വടക്കുനോക്കിയന്ത്രം, ഞാൻ ഗന്ധർവൻ, കിരീടം, ചമയം തുടങ്ങിയ ചിത്രങ്ങളെ അക്കാലത്തെ സൂപ്പർഹിറ്റുകളാക്കി മാറ്റിയതിൽ ജോൺസൺ മാസ്‌റ്ററുടെ പങ്ക് വിസ്മരിക്കാനാവില്ല. പത്മരാജൻ, ഭരതൻ, സത്യൻ അന്തിക്കാട്, കമൽ, ലോഹിതദാസ്, ബാലചന്ദ്രമേനോൻ തുടങ്ങിയ മുൻനിര സംവിധായകരുടെ കൂട്ടുകെട്ടിൽ മലയാള സിനിമയ്ക്ക ലഭിച്ചത് എന്നെന്നും ഓർമയിൽ സൂക്ഷിക്കാവുന്ന ഒരു പിടി നല്ല ഗാനങ്ങളായിരുന്നു. കൂടെവിടെ എന്ന ചിത്രം മുതൽ പത്മരാജൻ ചിത്രങ്ങളിലെ സ്‌ഥിരം സാന്നിധ്യമായിരുന്ന ജോൺസൺ, 17 പത്മരാജൻ ചിത്രങ്ങൾക്കാണ് സംഗീതം പകർന്നത്.

മുന്നൂറിലധികം മലയാള ചിത്രങ്ങൾക്കു സംഗീതം ഒരുക്കിയിട്ടുള്ള അദ്ദേഹത്തെ തേടി നിരവധി പുരസ്കാരങ്ങൾ എത്തിയിട്ടുണ്ട്. പശ്ച‌ാത്തല സംഗീതം ഒരുക്കിയതിന് രണ്ട് തവണ ദേശീയ പുരസ്ക‌ാരം നേടിയ ഏക മലയാളിയാണ് ജോൺസൺ. കൂടാതെ കേരള സർക്കാരിൻ്റെ മികച്ച സംഗീതസംവിധായകനുള്ള പുരസ്ക‌ാരം മൂന്ന് തവണയും മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്ക‌ാരം രണ്ട് തവണയും ജോൺസൺ മാഷിനെ തേടി എത്തി.

തൊണ്ണൂറുകൾക്കു ശേഷം അൽപകാലം സംഗീത ലോകത്ത് നിന്നു വിട്ടു നിന്ന മാസ്റ്റർ 2006ൽ പുറത്തിറങ്ങിയ ഫോട്ടോഗ്രാഫർ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവന്നത്. തുടർന്ന് ഗുൽമോഹർ, നാടകമേ ഉലകം എന്നീ ചിത്രങ്ങൾക്കു അദ്ദേഹം സംഗീതം നിർവഹിച്ചു. മധുവൂറും ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച ആ സംഗീതവിസ്മ‌യം 2011 ഓഗസ്റ്റ് 18ന് ഹൃദയാഘാതത്തെതുടർന്നാണ് അന്തരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments