Wednesday, June 12, 2024
spot_img
HomeBlog"ഞങ്ങളുടെ ഡെഡ്ബോഡി ഞങ്ങൾക്ക് വിട്ടു തരിക''
spot_img

“ഞങ്ങളുടെ ഡെഡ്ബോഡി ഞങ്ങൾക്ക് വിട്ടു തരിക”

സത്യൻ അന്തിക്കാട്

“ഞങ്ങളുടെ ഡെഡ്ബോഡി ഞങ്ങൾക്ക് വിട്ടു തരിക”

ഇരു ഭാഗത്തുനിന്നും മുദ്രാവാക്യം വിളി മുഴങ്ങിയപ്പോൾ ശാസനാരൂപത്തിൽ ഇൻസ്പെക്ടർക്ക് പറയേണ്ടി വന്നു..

“ഇത് നിങ്ങളുടെ ആരുടേയുമല്ല,മരിച്ച ആളുടെ ഡെഡ്ബോഡിയാണ്.”

‘സന്ദേശം’എന്ന സിനിമ റിലീസ് ചെയ്തിട്ട് മുപ്പത്തിരണ്ടു വർഷം കഴിഞ്ഞിരിക്കുന്നു.ഇന്നലേയും അതിനോട് സാമ്യമുള്ള ഒരു രംഗം കേരളം കണ്ടു.! സിനിമയിൽ ആ രംഗം ചിരിപ്പിച്ചെങ്കിലും ഇന്നലെ കോതമംഗലത്തു നടന്ന സംഭവങ്ങൾ സങ്കടപ്പെടുത്തുന്നതായിരുന്നു.

മൃതദേഹം പ്രദർശിപ്പിച്ചു കൊണ്ടുള്ള സമരങ്ങൾ നമ്മൾ ആദ്യമായല്ല കാണുന്നത്. അത്തരം പ്രതിഷേധങ്ങൾ സമൂഹമനസ്സാക്ഷിയെ ഉണർത്താൻ സഹായിച്ചിട്ടുമുണ്ട്. പക്ഷെ ഇന്നലെ ആ സമരപ്പന്തൽ പൊളിച്ച് ഡെഡ്ബോഡി വെച്ച ഫ്രീസറും വലിച്ച് ഓടാൻ ശ്രമിച്ച പോലീസുകാരേയും അതു വിട്ടുകൊടുക്കാതിരിക്കാൻ കെട്ടിപ്പിടിച്ചു കിടന്ന സമരക്കാരേയും കണ്ടപ്പോൾ ഇതാണോ സാക്ഷരകേരളം എന്നു തോന്നിപ്പോയി.

ഏതാനും മണിക്കൂറുകൾക്കു മുമ്പുവരെ പൂർണ്ണ ആരോഗ്യത്തോടെ തന്റെ കൃഷിസ്ഥലത്ത് ജോലി ചെയ്തുകൊണ്ടിരുന്ന ഒരു പാവം വീട്ടമ്മയാണ് അതിനുള്ളിൽ ചേതനയറ്റ് കിടക്കുന്നത്. പൊരിവെയിലത്ത് പൊതുനിരത്തിലൂടെ വലിച്ചിഴച്ച് വാതിലടയാത്ത ആംബുലൻസിലേക്കു തള്ളിയിട്ട് ഏതോ കള്ളക്കടത്തുമുതലുംകൊണ്ട് പായുന്നതുപോലെ പോകേണ്ടിവന്ന പോലീസുകാരോടും സഹതാപം തോന്നി. അവർക്ക് മുകളിൽ നിന്നുള്ള ഉത്തരവ് അനുസരിച്ചല്ലേ പറ്റൂ.

ഇത്തരം വൈകാരിക സംഭവങ്ങൾ കൈകാര്യം ചെയ്യാൻ രാഷ്ട്രീയത്തിനപ്പുറത്തുള്ള പക്വത വേണം. ക്ഷമ വേണം.

സംയമനത്തോടെ കാര്യങ്ങൾ ചർച്ചചെയ്ത് തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ അതു തിരുത്താമെന്നു പറയാനുള്ള ആർജ്ജവം അധികാരികൾക്കുമുണ്ടാകണം. സമരക്കാരും സർക്കാരും ജയിക്കുമ്പോൾ തോറ്റുപോകുന്നത് മരിച്ചവരും അവരുടെ വീട്ടുകാരുമാണ്.

ആൾക്കൂട്ടവിചാരണക്ക് വിധേയമായി ഒരു പാവം വിദ്യാർത്ഥി ഇഞ്ചിഞ്ചായി ജീവൻ വെടിഞ്ഞതിന്റെ മുറിവ് നമ്മുടെ മനസ്സിൽനിന്നു മാഞ്ഞിട്ടില്ല. എന്തു വിശ്വസിച്ചാണ് മക്കളെ ദൂരെയുള്ള കലാലയങ്ങളിലേക്കു പഠിക്കാനയക്കുക എന്ന ഭീതി രക്ഷിതാക്കൾക്കുണ്ട്. അതു സ്വാഭാവികമാണു താനും.

വിമർശിച്ചാൽ അത് അരാഷ്ട്രീയവാദമായിമാറും.

‘സന്ദേശം’ ഒരു ഉദാഹരണം മാത്രം.(കടപ്പാട്)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments