Wednesday, June 12, 2024
spot_img
HomeBlog80ന്‍റെ നിറവില്‍ മലയാളത്തിന്‍റെ ഭാവഗായകന്‍
spot_img

80ന്‍റെ നിറവില്‍ മലയാളത്തിന്‍റെ ഭാവഗായകന്‍

സനിത എം .ടി

പാടുന്ന പാട്ടുകളൊക്കെയും കേൾവിക്കാരുടെ ചുണ്ടുകളിൽ വീണ്ടും മൂളിക്കുന്ന മാന്ത്രികൻ

മലയാള ചലച്ചിത്ര ഗാനലോകത്തിന്‍റെ ഭാവപൂര്‍ണിമ പി. ജയചന്ദ്രന് ഇന്ന് എണ്‍പതാം പിറന്നാള്‍.  മലയാളികളെ ആസ്വാദനത്തിന്‍റെ അനന്തതയിലെത്തിച്ച ഒരുപിടി ഗാനങ്ങള്‍ പിറന്ന ഈ ശബ്ദസൗകുമര്യത്തിന് ഇന്നും ചെറുപ്പമാണെന്നാണ് ആരാധകരുടെ അഭിപ്രായം. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ഇക്കുറി ആഘോഷങ്ങളില്ല. കൂട്ടുകാര്‍ ചേര്‍ന്ന് ആഘോഷ പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നെങ്കിലും ആരോഗ്യം വീണ്ടെടുത്ത് വീണ്ടും പാടാനിറങ്ങുമ്പോള്‍ മതി ആഘോഷമെന്നാണ് ഭാവഗായകന്‍റെ തീരുമാനം. തൃശൂരിലെ വീട്ടില്‍ വിശ്രമത്തിലാണെങ്കിലും അദ്ദേഹത്തെ തേടി ആശംസകളൊരൊന്നായി എത്തുന്നുണ്ട്. പിറന്നാള്‍ ദിനത്തിലെ പതിവ് ഗുരുവായൂര്‍ ദര്‍ശനം മുടങ്ങിയതില്‍ പരിഭവമുണ്ടെങ്കിലും ഗുരുവായൂരപ്പനോടുള്ള പ്രാർഥനയാണ് എനിക്ക് നൽകാവുന്ന ഏറ്റവും വലിയ ജന്മദിന സമ്മാനമെന്ന് ജയചന്ദ്രൻ പറഞ്ഞു.

1944 മാർച്ച് മൂന്നിന്  സംഗീതജ്ഞനായ തൃപ്പൂണിത്തുറ രവിവർമ്മ കൊച്ചനിയൻ തമ്പുരാന്റെയും സുഭദ്രക്കുഞ്ഞമ്മയുടെയും മകനായി പാലിയത്ത് ജയചന്ദ്രക്കുട്ടൻ എന്ന പി ജയചന്ദ്രന്‍ എറണാകുളം ജില്ലയിലെ രവിപുരത്ത്‌ ജനിച്ചു. പിന്നീട്‌ കുടുംബം തൃശ്ശൂരിലെ ഇരിങ്ങാലക്കുടയിലേക്ക്‌ താമസം മാറ്റി. കഥകളി, മൃദംഗം ചെണ്ടവായന, പൂരം,പാഠകം,ചാക്യാര്‍കൂത്ത് എന്നിവയോടെല്ലാം താൽപര്യമുണ്ടായിരുന്ന പി.ജയചന്ദ്രൻ സ്കൂൾതലത്തിൽ തന്നെ ലളിതസംഗീതത്തിനും മൃദംഗവാദനത്തിനും നിരവധി സമ്മാനങ്ങൾ നേടിയിരുന്നു.

ഇരിങ്ങാലക്കുട നാഷണൽ സ്കൂൾ വിദ്യാർത്ഥിയായിരിക്കെ അവിടെ സംഗീതാദ്ധ്യാപകനായിരുന്ന കെ വി രാമനാഥനാണ്‌ ആദ്യ ഗുരു. 1958ലെ യുവജനോത്സവത്തിൽ ലളിത സംഗീതത്തിനും മൃദംഗത്തിനും ഒന്നാം സമ്മാനം കരസ്ഥമാക്കി. അന്ന് ശാസ്ത്രീയസംഗീതത്തിൽ ഒന്നാംസ്ഥാനക്കാരനായത് പില്‍ക്കാലത്ത് ഗാനഗന്ധര്‍വനായ കെ.ജെ യേശുദാസ്. ഇരുവരും  സംഗീതരംഗത്ത് പ്രഗത്ഭരായതോടെ യുവജനോത്സവ വേദിയിൽ നടത്തിയ പ്രകടനത്തിന്റെ ചിത്രം പിൽക്കാലത്ത്  ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്ന് സുവോളജിയിൽ ബിരുദംനേടിയശേഷം  ജ്യേഷ്ഠനൊപ്പം മദ്രാസിലേക്ക് പോയി.

ഭാവസുന്ദരവുമായ ആലാപനശൈലി കൊണ്ട്‌ “ഭാവഗായകൻ” എന്ന വിശേഷണവും ജയചന്ദ്രന് ലഭിച്ചു. “മഞ്ഞലയിൽ മുങ്ങിത്തോർത്തി”  “അനുരാഗഗാനം പോലെ..” _”_പിന്നെയും ഇണക്കുയിൽ ..” “കരിമുകിൽ കാട്ടിലെ..”  തുടങ്ങിയ ഗാനങ്ങള്‍ കരിയറില്‍ നിര്‍ണായകമായി.മലയാളം, തമിഴ്‌, കന്നഡ, തെലുഗു, ഹിന്ദി ഭാഷകളിലായി 15000ലധികം ഗാനങ്ങൾ ആലപിച്ചു.

1983യിലെ “ഓലഞ്ഞാലിക്കുരുവി”, എന്ന് നിന്‍റെ മൊയ്തീനിലെ “ശാരദാംബരം”, ജിലേബിലെ “ഞാനൊരു മലയാളി”, എന്നും എപ്പോഴും എന്ന സിനിമയിലെ “മലര്‍വാക കൊമ്പത്ത്” തുടങ്ങിയ ഗാനങ്ങളിലൂടെ പുതിയ തലമുറയ്ക്കും ഏറെ പ്രിയപ്പെട്ട ഗായകനാണ് അദ്ദേഹം.

പി എ ബക്കർ സംവിധാനം ചെയ്ത”നാരായണ ഗുരു” എന്ന സിനിമയിൽ ജി.ദേവരാജൻ ഈണം പകർന്ന “ശിവശങ്കര സർവ്വശരണ്യവിഭോ”  എന്ന ഗാനത്തിലൂടെ മികച്ച ഗായകനുള്ള ആദ്യ ദേശീയ പുരസ്കാരം ലഭിച്ചു. മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം അഞ്ചുതവണ പി. ജയചന്ദ്രനു ലഭിച്ചു. തമിഴ് ചലച്ചിത്ര സംഗീതത്തിന് നൽകിയ സംഭാവനകൾക്കുള്ള അംഗീകാരമെന്ന നിലയിൽ 1997 ൽ തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി അവാർഡിന് അർഹനായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments