Wednesday, May 29, 2024
spot_img
HomeBlogസൗഹൃദപ്പടർപ്പിലൂടെ ഒരു വാക്സഞ്ചാരം
spot_img

സൗഹൃദപ്പടർപ്പിലൂടെ ഒരു വാക്സഞ്ചാരം

കെ എം മഞ്ജുള

തിയേറ്ററുകളിൽ നിന്ന് തിയേറ്ററുകളിലേക്ക് ഒഴുകി നടന്ന മനോഹരമായ ബാല്യമാവും എന്നിൽ സിനിമയൊരു ലഹരിയാക്കിയത്.മണ്ണിൽ പുതുമഴത്തിളക്കം പോലെ ഇന്നും തീയേറ്ററുകൾ കാണുമ്പോൾ ഉള്ളിലൊരു വെളിച്ചം നിറയും.സിനിമയുടെ വെള്ളിവെളിച്ചത്തിൽ അലിയാൻ തോന്നും.

യാത്രകൾ ഒരുപാട് പ്രിയമുള്ള ഒരാൾ അല്ലാത്തതിനാലാകാം കഴിഞ്ഞ യാത്രയ്ക്ക് മുൻപ് വരെ , തലസ്ഥാനനഗരം അത്രമേൽ നെഞ്ചേറ്റിയ ഒരിടമൊന്നും ആയിരുന്നില്ല എനിക്ക്. ഉള്ളു തൊട്ട സൗഹൃദങ്ങളുണ്ടായിരുന്നിട്ടും നഗരത്തിന്റെ തിരക്കിൽ ഞാനെന്നും വേറിട്ട് നിൽക്കുന്നതായി ഓരോ യാത്രയും എന്നെ അനുഭവിപ്പിച്ചിരുന്നു.

അച്ഛനില്ലാതായതോടെ എനിയ്ക്ക് നഷ്ടമായത് ,യാത്രകളുടെ ആധിക്യവും സിനിമാക്കാലവും ആണ്.അച്ഛനോർമ്മകളിൽ ഏറ്റവും സുന്ദരമായതും ഞങ്ങളുടെ സിനിമാക്കാലമാണ്.

മലപ്പുറത്ത് ജോലി ചെയ്തിരുന്ന അച്ഛൻ നാട്ടിൽ വരുന്ന കാലത്ത്,അച്ഛന്റെ കൂടെ അച്ഛന്റെ തറവാട്ടുവീട്ടിലേക്ക് ഒരു യാത്ര പോകലുണ്ട്.ചാലക്കുടി സുരഭി തിയേറ്ററിൽ സിനിമ കാണാതെ ആ യാത്ര അവസാനിക്കാറില്ല.അച്ഛനെന്തോ …ഏറ്റവും ഇഷ്ടമുള്ള തീയേറ്റർ ആയിരുന്നു അത്.പിരിഞ്ഞ ഗോവണിയിറക്കത്തിൽ ഞങ്ങൾ സിനിമയെക്കുറിച്ച് മാത്രം സംസാരിക്കും.ഏറ്റവുമധികം സന്തോഷിച്ച ദിനങ്ങൾ ആയിരുന്നു അത്.

തിയേറ്ററുകളിൽ നിന്ന് തിയേറ്ററുകളിലേക്ക് ഒഴുകി നടന്ന മനോഹരമായ ബാല്യമാവും എന്നിൽ സിനിമയൊരു ലഹരിയാക്കിയത്.മണ്ണിൽ പുതുമഴത്തിളക്കം പോലെ ഇന്നും തീയേറ്ററുകൾ കാണുമ്പോൾ ഉള്ളിലൊരു വെളിച്ചം നിറയും.സിനിമയുടെ വെള്ളിവെളിച്ചത്തിൽ അലിയാൻ തോന്നും.

ഹൈസ്കൂൾ കാലഘട്ടത്തിൽ ,വർഷത്തിലൊരിക്കൽ സ്കൂളിൽ നിന്നൊരു സിനിമ കാണിക്കുമായിരുന്നു.അന്ന് മറ്റേത് ദിവസത്തേക്കാളും ഞാൻ സന്തോഷിക്കുമെങ്കിലും സിനിമ തുടങ്ങുമ്പോൾ എനിക്ക് അച്ഛനെ മിസ്സ് ചെയ്യാൻ തുടങ്ങും.പിന്നെ പാതിയിൽ എനിക്ക് സിനിമ മടുക്കും.അച്ഛന്റെ കൂടെ ആ സിനിമ കണ്ടു തീർത്താലെ പിന്നീട് ആ സന്തോഷം തിരിച്ചു കിട്ടാറുള്ളു.

2024 ലെ എൻ എസ് എസ് അവാർഡ്ദാനചടങ്ങിനു ശേഷം സച്ചുവിന്റെ നിർബന്ധം കാരണം ഞങ്ങൾ ഒരു സിനിമക്കു പോകാൻ തീരുമാനിച്ചു.എൻ എസ് എസ് വളണ്ടിയർമാരായ രണ്ടു വിദ്യാർത്ഥിനികളും കൂടെയുണ്ടായിരുന്നു.അവരിൽ ഒരാൾ സിനിമ എന്നു കേട്ടതുംഓടി വന്നെന്റെ കൈ പിടിച്ചു.എന്നിട്ട് പറഞ്ഞു.”ടീച്ചർക്കറിയോ..ഞാൻ ഇത് വരെ തിയേറ്ററിൽ പോയി ഒരു സിനിമ പോലും. കണ്ടിട്ടില്ല”.ആവേശത്തിന്റെ കൊടുമുടിയിൽ നിൽക്കുന്നത് കൊണ്ടാവും അവളുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു.അച്ഛന്റെ കൈവിരലിന്റെ തണുപ്പ് ഉള്ളിലൂറിയത് കൊണ്ടാവും എനിക്കെന്തോ വല്ലാതെ സങ്കടം തോന്നി.കൈരളി തിയേറ്ററിന്റെ പടികൾ കയറുമ്പോൾ എന്തുകൊണ്ടോ എനിക്കവളോട് വല്ലാത്ത വാത്സല്യം തോന്നി.

സിനിമയ്ക്കിടയിൽ എല്ലാവരും ചിരിക്കുമ്പോഴും സിനിമയിൽ മുഴുകുമ്പോഴും എനിക്കതിനൊന്നുമാകാത്ത ഒരു ഒരു വിങ്ങൽ ഉള്ളിൽപ്പടർന്നു.അവളുടെ മുഖത്തൊരു വിസ്മയവും ചിരിയും പതിയെപ്പതിയെ വിടർന്നത് എന്റെ ഉള്ള് നിറച്ചു.

സിനിമ കഴിഞ്ഞിറങ്ങുമ്പോൾ അവളുടെ കൈയ്യിലെ തണുപ്പ് എനിക്കെപ്പോഴോ പരിചയം ഉള്ള പോലെ തോന്നി.ബാല്യത്തിൽ തിയേറ്റർ വിട്ടിറങ്ങുമ്പോൾ അച്ഛന്റെ കൈ മുറുകെ പിടിക്കാറുള്ളത് ഓർമ്മ വന്നു.അന്ന് അച്ഛൻ അനുഭവിച്ച നിഗൂഢമായൊരാനന്ദം ഞാൻ അന്ന് ആദ്യമായറിഞ്ഞു.

ജീവിതത്തിലെ പരിചിതവഴികളിൽ നിന്നെന്നെയെടുത്ത് കോഴിപ്പാറയിലേക്ക് വലിച്ചിട്ട കഴിഞ്ഞ ട്രാൻസ്ഫറിനെ സന്തോഷം എന്ന വാക്കിനാൽ ഞാൻ ഇന്ന് അടയാളപ്പെടുത്തുന്നു.ഈ ഹ്രസ്വ ജീവിതത്തിൽ എതിരുട്ടിലും തെളിയുന്ന ചില നക്ഷത്രങ്ങൾ ഉണ്ടാവും എന്നെന്നെ പഠിപ്പിച്ച കാലമേ…നിനക്ക് മാത്രം നന്ദി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments