ഇസ്ലാമബാദ്: പാകിസ്താനിൽ ബലൂച് ലിബറേഷന്‍ ആര്‍മി റാഞ്ചിയ ജാഫർ എക്സ്പ്രസില്‍ നിന്ന് വിട്ടയച്ച 80 യാത്രക്കാര്‍ തൊട്ടടുത്തുള്ള പാനീര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. 58 പുരുഷന്മാരും 31 സ്ത്രീകളും 15 കുട്ടികളും ഉൾപ്പെടെ 104 ബന്ദികളെയാണ് സുരക്ഷാ സേന വിജയകരമായി മോചിപ്പിച്ചത്. പരിക്കേറ്റ 17 യാത്രക്കാരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ശേഷിക്കുന്ന യാത്രക്കാരെ സുരക്ഷിതമായി മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു. ബന്ദികളെ മോചിപ്പിക്കുന്നതിനായി നടത്തിയ ഓപ്പറേഷനിൽ പാകിസ്ഥാൻ സുരക്ഷാ സേന 16 തീവ്രവാദികളെ വധിച്ചതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. അവസാന തീവ്രവാദിയെയും ഇല്ലാതാക്കുന്നതുവരെ ഓപ്പറേഷൻ തുടരുമെന്നാണ് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയിൽ ഏകദേശം 3000 -ത്തോളം വിഘടനവാദികൾ ഉണ്ടെന്നാണ് പാകിസ്ഥാൻ അധികാരികളും വിശകലന വിദഗ്ധരും കണക്കാക്കുന്നത്. ഈ സംഘം പ്രധാനമായും ലക്ഷ്യമിടുന്നത് പാകിസ്ഥാൻ സുരക്ഷാ സേനയെയാണെങ്കിലും, ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയുമായി (സിപിഇസി) ബന്ധപ്പെട്ട കോടിക്കണക്കിന് ഡോളർ പദ്ധതികളിൽ പ്രവർത്തിക്കുന്ന സിവിലിയന്മാരെയും ചൈനീസ് പൗരന്മാരെയും ഇവർ ആക്രമിച്ചിട്ടുണ്ട്. നേരത്തെയും ബിഎൽഎ ഈ പ്രദേശത്ത് ആക്രമണം നടത്തിയിട്ടുണ്ട്. നവംബറിൽ ക്വറ്റയിലെ ഒരു റെയിൽവെ സ്റ്റേഷനിൽ ചാവേറാക്രമണം നടത്തുകയും 28 പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
പാകിസ്ഥാനിലെ ഏറ്റവും വലുതും ജനസംഖ്യ കുറഞ്ഞതുമായ പ്രവിശ്യയാണ് ബലൂചിസ്ഥാൻ. എണ്ണയും ധാതുക്കളും കൊണ്ട് ഈ പ്രദേശം സമ്പന്നമാണ്. അതേ സമയം രാജ്യത്തെ വംശീയ ബലൂച് ന്യൂനപക്ഷത്തിന്റെ ആവാസ കേന്ദ്രം കൂടിയാണ് ഇവിടം. കേന്ദ്ര സർക്കാരിന്റെ വിവേചനവും ചൂഷണവും നേരിടുന്നുണ്ടെന്നാണ് അവകാശപ്പെടുന്നത് ബലൂചിസ്ഥാൻ പ്രവിശ്യക്ക് സ്വയംഭരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ബലൂച് ലിബറേഷൻ ആർമി പ്രവർത്തിക്കുന്നത്.
നാനൂറോളം പേരുമായി ക്വറ്റയിൽ നിന്നും പെഷവാറിലേയ്ക്ക് പോകുകയായിരുന്ന ജാഫർ എക്സ്പ്രസ് ചൊവ്വാഴ്ചയാണ് ബലൂച് ലിബറേഷൻ ആർമി ആക്രമിച്ചത്. ടണലിനുള്ളിൽ ട്രെയിൻ പ്രവേശിച്ചപ്പോഴായിരുന്നു ആക്രമണം. 30 സൈനികരെ വധിച്ചാണ് ട്രെയിനിൻ്റെ നിയന്ത്രണം ഏറ്റെടുത്തത്. സുരക്ഷാ ചുമതലയിലുള്ളവർ അടക്കം യാത്രക്കാരിൽ 214 പേരെ ബിഎൽഎ ബന്ദികളാക്കുകയായിരുന്നു.