തിരുവനന്തപുരം: ആശ വർക്കർമാരുടെ സമരത്തിൽ വീണ്ടും പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കേന്ദ്രമന്ത്രി പാർലമെൻ്റിൽ കണക്ക് സഹിതമാണ് പറഞ്ഞതെന്നും നിയമ പ്രകാരം ചെയ്യേണ്ടത് കേന്ദ്രം ചെയ്തുവെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
കൊടുക്കാനുള്ളത് കേന്ദ്രം കൊടുത്തുവെന്നും സുരേഷ് ഗോപി പറഞ്ഞു. അത് സത്യമാണോയെന്ന് കേരളം അന്വേഷിക്കണം. യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത് സംസ്ഥാന സർക്കാരാണ്. അത് ഹാജരാക്കിയില്ലെങ്കിൽ അടുത്ത ഗഡു നൽകില്ല. ആരാണ് കള്ളം പറയുന്നതെന്ന് മാധ്യമങ്ങൾ കണ്ടുപിടിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്രമന്ത്രി പറഞ്ഞത് ആരോഗ്യമന്ത്രി വീണാ ജോർജിന് മനസിലായിട്ടുണ്ടാവില്ല. ഭാഷ മനസിലാവാഞ്ഞിട്ടാണ് വീണാ ജോർജ് കേന്ദ്രത്തിനെതിരെ സംസാരിക്കുന്നതെന്നും സുരേഷ് ഗോപി പരിഹസിച്ചു.
‘കേന്ദ്ര ആരോഗ്യമന്ത്രി നേരിട്ട് എനിക്ക് തന്ന പേപ്പർ ആണ് മാധ്യമങ്ങൾക്ക് കൊടുത്തത്. അതിനെ എങ്ങനെ ആണ് അവഹേളിച്ചത് എന്ന് നിങ്ങൾക്ക് അറിയാമല്ലോ.നിയമപ്രകാരം ചെയ്യേണ്ടത് കേന്ദ്രം ചെയ്യുന്നു. കേന്ദ്ര ആരോഗ്യമന്ത്രി പാർലമെന്റിൽ കള്ളം പറയുമോ’ സുരേഷ് ഗോപി ചോദിച്ചു.
ഫെബ്രുവരി പത്ത് മുതലാണ് ആശ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടങ്ങിയത്. ഇതിനിടയില്‍ ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം കുടിശ്ശിക സര്‍ക്കാര്‍ വിതരണം ചെയ്തിരുന്നു. ജനുവരി മാസത്തെ കുടിശ്ശികയാണ് സര്‍ക്കാര്‍ വിതരണം ചെയ്തത്. ഇതോടെ മൂന്ന് മാസത്തെ കുടിശ്ശിക വിതരണം പൂര്‍ത്തിയായി. എന്നാല്‍ ഓണറേറിയും വര്‍ധിപ്പിക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നായിരുന്നു ആശ വർക്കർമാരുടെ പ്രഖ്യാപനം.