Saturday, March 15, 2025
HomeKeralaസംസ്ഥാന യുവജന കമ്മീഷന്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
spot_img

സംസ്ഥാന യുവജന കമ്മീഷന്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കേരള സംസ്ഥാന യുവജന കമ്മീഷന്‍ 2024-25 വര്‍ഷത്തെ യൂത്ത് ഐക്കണ്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വിവിധ  മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച യുവജനങ്ങള്‍ക്കാണ് കമ്മീഷന്‍ അവാര്‍ഡ് നല്‍കുന്നത്. കല/സാംസ്‌കാരികം, കായികം, സാഹിത്യം, കാര്‍ഷികം/മൃഗസംരക്ഷണം, വ്യവസായ സംരംഭകത്വം, മാധ്യമം തുടങ്ങിയ മേഖലകളില്‍ നിറസാന്നിദ്ധ്യമാവുകയും വ്യത്യസ്തവും മാതൃകാപരവുമായ ഇടപെടലുകളാല്‍ സമൂഹത്തിനാകെ പുതുവെളിച്ചമുണ്ടാക്കുകയും ചെയ്ത യുവജനങ്ങളെയാണ് കമ്മീഷന്‍ നിയോഗിച്ച ജൂറി അവാര്‍ഡിനായി തിരഞ്ഞെടുത്തത്.

കല/സാംസ്‌കാരികം മേഖലയില്‍നിന്ന്  സമകാലീന മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയയായ അഭിനേത്രി നിഖില വിമല്‍ അവാര്‍ഡിനര്‍ഹയായി. ഒരേസമയം വിപണന മൂല്യവും കലാമൂല്യവുമുള്ള സിനിമകളുടെ ഭാഗമായി മികച്ച പ്രകടനം കാഴ്ചവെക്കുകയും സിനിമ പ്രവര്‍ത്തനത്തിനോടൊപ്പം പുരോഗമന- സാമൂഹിക – രാഷ്ട്രീയ ഇടപെടലിലൂടെയും പ്രതിബദ്ധതയുള്ള യുവത്വത്തിന്  മാതൃകാജീവിതമാണ് നിഖില വിമല്‍.

ഇന്ത്യന്‍ ക്രിക്കറ്റ് ഭൂപടത്തില്‍ കേരളത്തിന്റെ സംഭാവനയായി ജ്വലിച്ചുയര്‍ന്ന ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ ഓള്‍റൗണ്ടര്‍ സജന സജീവനാണ് കായികരംഗത്തു നിന്ന് അവാര്‍ഡിനര്‍ഹയായത്. കേരളത്തിന്റെ അഭിമാനതാരം 2024 ഐസിസി വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും അംഗമായിരുന്നു. ബൗദ്ധികവ്യവഹാരങ്ങളിലും സര്‍ഗാത്മകതയിലും തന്റേതായ ഇടം കണ്ടെത്തിയ യുവ എഴുത്തുകാരന്‍ വിനില്‍ പോളിനാണ് സാഹിത്യത്തിലുള്ള യൂത്ത് ഐക്കണ്‍ പുരസ്‌കാരം. എഴുത്ത് ഗവേഷണാത്മകവും സര്‍ഗാത്മകവും ചരിത്രപരവുമാണ് എന്ന് വിനില്‍ പോളിന്റെ രചനകള്‍ കാട്ടിത്തരുന്നു. ചരിത്രത്തില്‍ നിന്ന് അദൃശ്യരായി പോയ മനുഷ്യരെയും അവരുടെ ശബ്ദങ്ങളെയും അവരുടെ കാല്‍പ്പാടുകളെയും വീണ്ടെടുത്ത് ആവിഷ്‌കരിക്കുക എന്ന രാഷ്ട്രീയ ധര്‍മ്മമാണ് വിനില്‍ പോള്‍ തന്റെ എഴുത്തിലൂടെ ചെയ്തുവരുന്നത്.

കാര്‍ഷിക ജീവിതത്തെ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കിയ കാസര്‍ഗോഡ് സ്വദേശിനി എം. ശ്രീവിദ്യയാണ് കാര്‍ഷികരംഗത്തു നിന്ന് അവാര്‍ഡിനര്‍ഹയായത്. വൈവിധ്യപൂര്‍ണ്ണമായ കൃഷി പരിപാലനവും പരീക്ഷണങ്ങളും വിജയകരമായി നടപ്പിലാക്കുന്ന ശ്രീവിദ്യ സമ്മിശ്രവും സംയോജിതവും ശാസ്ത്രീയവുമായി കൃഷി ചെയ്താണ് വിജയം കൊയ്‌തെടുക്കുന്നത്. വ്യവസായം/സംരഭകത്വം മേഖലയില്‍
ആധുനിക ശാസ്ത്ര-സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി കാര്‍ഷിക മേഖലക്ക് കൈത്താങ്ങായി ഡ്രോണ്‍ നിര്‍മാണത്തില്‍ പെരുമ തീര്‍ക്കുന്ന ഫ്യൂസലേജ് കമ്പനിയുടെ സ്ഥാപകനും എം.ഡിയുമായ ദേവന്‍ ചന്ദ്രശേഖരന്‍ അവാര്‍ഡിനര്‍ഹയായി. 30 വയസില്‍ താഴെയുള്ള മികച്ച സംരംഭകരുടെ ഫോബ്സ് ഇന്ത്യ പട്ടികയില്‍ ദേവന്‍ ചന്ദ്രശേഖരന്‍ ഇടംപിടിച്ചിരുന്നു.

മാധ്യമ മേഖലയില്‍ നിന്നും റിപ്പോര്‍ട്ടര്‍ ടിവി പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ് ആര്‍. റോഷിപാല്‍ യൂത്ത് ഐക്കണായി  തിരഞ്ഞെടുക്കപ്പെട്ടു. മാധ്യമപ്രവര്‍ത്തനം ഒരേസമയം നീതിപൂര്‍വ്വവും രാഷ്ട്രീയപരവും ആകണമെന്ന തിരിച്ചറിവോടെ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകനാണ് ആര്‍. റോഷിപാല്‍. തിരുത്തല്‍ ശക്തിയായി മാധ്യമങ്ങള്‍ നിലകൊള്ളേണ്ടുന്ന ഒരു കാലത്ത് കേരളീയ യുവത്വത്തിന് മാതൃകാപരമായ മാധ്യമ പ്രവര്‍ത്തനത്തിന്റെ സാധ്യതകള്‍ കാണിച്ചു കൊടുക്കുന്നു എന്നതാണ് ആര്‍. റോഷിപാലിന്റെ സവിശേഷത.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments