ഗുരുവായൂര്‍: ഉത്സവത്തിന്റെ ഭാഗമായി പവിത്രമായ കലശാഭിഷേകങ്ങള്‍ തുടങ്ങി. ആയിരം ചൈതന്യ കലശങ്ങളും അതിവിശേഷമായ ബ്രഹ്‌മകലശവും ഗുരുവായൂരപ്പന് അഭിഷേകം ചെയ്തു. തിങ്കളാഴ്ച രാത്രി ഉത്സവം കൊടിയേറും. രാവിലെ ആറരയ്ക്ക് ആനയില്ലാ ശീവേലിയും ഉച്ചതിരിഞ്ഞ് മൂന്നിന് ആനയോട്ടവും നടക്കും.
ബ്രഹ്‌മകലശം എഴുന്നള്ളിക്കുമ്പോള്‍ പത്തേമുക്കാലായി. തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ തന്ത്രി ചേന്നാസ് കൃഷ്ണന്‍ നമ്പൂതിരിപ്പാട് കലശാഭിഷേക ചടങ്ങുകള്‍ നിര്‍വഹിച്ചു.
കൂത്തമ്പലത്തിനു മുന്നില്‍ ക്ഷേത്രം അടിയന്തിരക്കാരായ ഗുരുവായൂര്‍ ഗോപന്‍മാരാരും ഗുരുവായൂര്‍ ശശിമാരാരും ചേര്‍ന്ന് വലിയ പാണി കൊട്ടിയശേഷം എഴുന്നള്ളിപ്പ് നീങ്ങി. പട്ടുകുടയ്ക്കു താഴെ ബ്രഹ്‌മകലശ സ്വര്‍ണക്കുംഭം മേല്‍ശാന്തി പുതുമന ശ്രീജിത്ത് നമ്പൂതിരി വഹിച്ചു. ഓതിക്കന്‍ കക്കാട് ചെറിയ വാസുദേവന്‍ നമ്പൂതിരി, ശാന്തിയേറ്റ കീഴ്ശാന്തിമാരായ മുളമംഗലം ഹരി നമ്പൂതിരി, മേച്ചേരി ശ്രീകാന്ത് നമ്പൂതിരി എന്നിവര്‍ മറ്റ് പ്രധാന കുംഭങ്ങളും നീരാഞ്ജനവും വഹിച്ചു.
ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രത്തിലെ ആനയോട്ടം. പൗരാണികമായ ഒരാചാരം…മഹനീയമാണത്. ആ സുദിനത്തിനുമുണ്ട്.ചില ചിട്ടകൾ..വ്യവസ്ഥകൾ
കൊടിയേറ്റം സുദിനത്തിൽ നൂറ്റാണ്ടുകളായി നടന്നുവരുന്ന ചടങ്ങ്. അന്ന് രാവിലത്തെ ശീവേലിക്ക് ആന പതിവില്ല. ക്ഷേത്രപരിസരത്തൊന്നും ആനകളെ കൊണ്ട് വരില്ല. അതൊരു വ്രതനിഷ്ഠയുടെ ഭാഗമാണ്.
ഉച്ചയ്ക്ക് നട അടച്ചശേഷമാണ് ആനയോട്ടം. ആദ്യം ഓടിവന്ന ആനയെ സ്വീകരിക്കുന്ന ചടങ്ങുമുണ്ട്. അതിനുമുന്നോടിയായി ശംഖനാദത്തിന്റെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കണ്ടിയൂർപട്ടത്ത് നമ്പീശൻ എന്ന ഗുരുവായൂർ ക്ഷേത്രത്തിന്റെ പൗരാണിക കാലഘട്ടത്തിലെ പട്ടോലകാര്യസ്ഥൻ ആനവിചാരിപ്പുകാരനായ മാതേമ്പാട്ട് നമ്പ്യാർക്ക് ആനകൾക്കുള്ള കുടമണികൾ പ്രാർത്ഥനയോടെ എടുത്ത് നൽകുന്ന ചടങ്ങുണ്ട്. ആനയോട്ടത്തിൽ ഗുരുവായൂരപ്പന്റെ ഗജസമ്പത്തിലെ ഒട്ടുമിക്ക ആനകളും പങ്കെടുക്കുക പതിവാണ്.
ഗുരുവായൂരപ്പന്റെ ഗജസമ്പത്തിലെ കേശവനും,പത്മനാഭനും പങ്കെടുക്കാറുണ്ടങ്കിലും രാമൻകുട്ടിയോ, കുട്ടിശ്ശങ്കരനോ ആണ് അധികവും ആനയോട്ടത്തിൽ ആദ്യം ഓടിയെത്തുക പതിവ്. കാരണം ഈ ഗജവീരന്മാർ ആനയോട്ട ചടങ്ങുകളുടെ ചിട്ടവട്ടങ്ങൾ വളരെ ഹൃദിസ്ഥമാക്കിയ ഗജപുംഗവന്മാരായിരുന്നു.