മണ്ണുത്തി : ഒളകരയിലെ 44 കുടുംബങ്ങൾക്കുള്ള പട്ടയങ്ങൾ (വനാവകാശരേഖ) 22-ന് വിതരണംചെയ്യുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. ഒല്ലൂർ നിയോജകമണ്ഡലത്തിലെ പട്ടയ അസംബ്ലിയിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി. പട്ടയപ്രശ്‌നങ്ങളിൽ ലഭിക്കുന്ന അപേക്ഷകൾ പട്ടയ ഡാഷ്ബോർഡിൽ ഉൾപ്പെടുത്തി ഏപ്രിൽ 30 നകം റവന്യൂ ഉദ്യോഗസ്ഥ നടപടികൾ പൂർത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പട്ടയമേളയിൽ സന്നിഹിതനായി.
തൃശ്ശൂർ കോർപറേഷൻ പരിധിയിലുൾപ്പെട്ട പ്രദേശങ്ങളിലെയും പാണഞ്ചേരി, പുത്തൂർ, നടത്തറ, എന്നീ പഞ്ചായത്തുകളിലെയും പട്ടയപ്രശ്നങ്ങളാണ് ചർച്ച ചെയ്തത്. മാർച്ച് 20-നുള്ളിൽ പഞ്ചായത്ത് അംഗങ്ങൾ മുഖേന വില്ലേജ് ഓഫീസിൽ എത്തിക്കണമെന്നും 31-ന് ക്രോഡീകരിച്ച അപേക്ഷകൾ വില്ലേജിൽനിന്ന് താലൂക്കിലേക്ക് കൈമാറണമെന്നും മന്ത്രി നിർദേശിച്ചു.
കേരള കാർഷിക സർവകലാശാല കമ്യൂണിക്കേഷൻ സെൻ്ററിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. –രവി, പഞ്ചായത്ത് പ്രസിഡൻ്റുമാരായ ഇന്ദിരാ മോഹനൻ, പി.പി. രവീന്ദ്രൻ, ശ്രീവിദ്യ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.