തൃശൂർ • നടിയുടെ സ്വകാര്യദൃശ്യങ്ങൾ പ്രചരിപ്പിച്ചതും സാമ്പത്തിക തട്ടിപ്പുകളും അടക്കം ഒട്ടേറെ കേസുകളിൽ പ്രതിയായ ഉദയംപേരൂർ സ്വദേശി കൊങ്ങപ്പിള്ളിൽ കിരൺകുമാർ (48) കഴിഞ്ഞ ദിവസം പിടിയിലായതു മരുന്നുകമ്പനിയെ വെട്ടിച്ച് 8 ലക്ഷം രൂപ കവർന്ന കേസിൽ. ഇതര സംസ്‌ഥാനങ്ങളിൽ നിന്നു മരുന്നുവിൽപനയുമായി ബന്ധപ്പെട്ട ഓർഡറുകൾ കാൻവാസ് ചെയ്‌തു നൽകാമെന്നു വാഗ്ദാനം ചെയ്തു പാട്ടുരായ്ക്കലിലെ മരുന്നുകമ്പനിയിൽ നിന്നാണു കൺസൽട്ടേഷൻ ഫീസ് ഇനത്തിൽ കിരൺ 8 ലക്ഷം രൂപ വാങ്ങിയെടുത്തത്.
ഒളിത്താവളത്തിൽ നിന്നു പൊലീസ് പിടികൂടിയതിനു പിന്നാലെ ഇയാൾ ദേഹാസ്വാസ്ഥ‌്യമുണ്ടായതായി അവകാശപ്പെട്ടെങ്കിലും കോടതി റിമാൻഡ് ചെയ്തു. നടിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിന്റെ വിചാരണ നടക്കുകയാണ്. കേന്ദ്രമന്ത്രിമാർ അടക്കമുള്ളവരോട് അടുപ്പമുണ്ടെന്നു കാണിച്ചാണ് മരുന്നു കമ്പനി ഉടമയെ കബളിപ്പിച്ചത്. 10 ലക്ഷം രൂപ കൺസൽട്ടിങ് ഫീസ് ആയി വാങ്ങിയ ശേഷം മുങ്ങി. മുളങ്കുന്നത്തുകാവ് സ്വദേശിയായ സ്ഥാപനമുടമ പൊലീസിനു പരാതി നൽകാൻ ഒരുങ്ങിയപ്പോൾ 2 ലക്ഷം രൂപ തിരികെ നൽകി. ബാക്കി 8 ലക്ഷം കിട്ടാതായതോടെയാണ് ഈസ്‌റ്റ് പൊലീസിനു പരാതി നൽകിയത്. എസിപി സലീഷ് എൻ. ശങ്കരൻ്റെ നേതൃത്വത്തിൽ ഈസ്‌റ്റ് എസ്എച്ച്ഒ എം.ജെ. ജിജോ, എസ്ഐ ഷീബു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയത്.