Monday, April 28, 2025
HomeKeralaപാലക്കാട് ഉപതിരഞ്ഞെടുപ്പ് : ശോഭയോ സുരേന്ദ്രനോ?
spot_img

പാലക്കാട് ഉപതിരഞ്ഞെടുപ്പ് : ശോഭയോ സുരേന്ദ്രനോ?

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം ശക്തം. ശോഭ സുരേന്ദ്രനെ കളത്തിലിറക്കിയാൽ മണ്ഡലം പിടിക്കാനാകുമെന്നാണ് പി കെ കൃഷ്ണദാസിന്റെയും ജില്ലയിലെ ഒരു വിഭാ​ഗം പ്രവർത്തകരുടെയും അഭിപ്രായം. കഴിഞ്ഞ ദിവസം കുമ്മനം രാജശേഖരൻ്റെ നേതൃത്വത്തിൽ നടത്തിയ അഭിപ്രായ സർവേയിൽ ശോഭ സുരേന്ദന്രായിരുന്നു മുൻതൂക്കം. എന്നാൽ തിരഞ്ഞെടുപ്പിൽ നിന്നും ശോഭ സുരേന്ദ്രനെ മാറ്റി പകരം സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ മത്സരിപ്പിക്കാനാണ് ഔദ്യോ​ഗിക നീക്കം. ഇതോടെ ശോഭ സുരേന്ദ്രനെ പിന്തുണച്ച് കൂടുതൽ പേർ രം​ഗത്തെത്തുകയായിരുന്നു.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിജയ സാധ്യതയുള്ള മണ്ഡലങ്ങളിൽ ഒന്നായി ബിജെപി കണക്കാക്കുന്ന നിയമസഭ മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളിലും മണ്ഡലത്തിൽ മികച്ച പ്രകടനമാണ് ബിജെപി കാഴ്ചവെച്ചത്. 2016ൽ ശോഭ സുരേന്ദ്രനെ മത്സരിപ്പിച്ച്, ബിജെപി മണ്ഡലത്തിൽ സിപിഐഎമ്മിന് പിന്തള്ളി രണ്ടാമതായി. 2021ൽ വിജയ പ്രതീക്ഷയുമായി രംഗത്തിറക്കിയത് മെട്രോമാൻ ഇ. ശ്രീധരനെയായിരുന്നു. 3859 വോട്ടുകളുടെ മാത്രം കുറവിലാണ് കഴിഞ്ഞ തവണ ബിജെപിക്ക് മണ്ഡലം നഷ്ടമായത്. പാലക്കാട് നഗരസഭ ഭരിക്കുന്ന ബിജെപിക്ക്, പിരായിരി, കണ്ണാടി, മാത്തൂർ തുടങ്ങിയ പഞ്ചായത്തുകളിലും നിലവിൽ സ്വാധീനം വർധിച്ചിട്ടുണ്ട്. ഇക്കുറി ശോഭാ സുരേന്ദ്രനെ വീണ്ടും കളത്തിലിറക്കിയാൽ മണ്ഡലം പിടിച്ചുകെട്ടാം എന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. പാലക്കാട്ടെ ഒരു വിഭാഗം പ്രവർത്തകരും ശോഭാ സുരേന്ദ്രൻ എത്തിയാൽ മണ്ഡലം ലഭിക്കും എന്ന അഭിപ്രായം സംസ്ഥാന നേതൃത്വത്തോട് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ വിഭാഗീയ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രനെ പാലക്കാട് പരിഗണിക്കണം എന്നാണ് ബിജെപി ഔദ്യോഗിക പക്ഷത്തിൻ്റെ വാദം. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാറിൻ്റെ പേര് സ്ഥാനാർത്ഥിയായി പരിഗണിക്കമെന്ന ആവശ്യം ജില്ലയിലെ ഒരു വിഭാഗം ഉയർത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ നടന്ന അഭിപ്രായ സർവേയിൽ ശോഭ സുരേന്ദ്രനായിരുന്നു മുൻതൂക്കം. കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കൊപ്പം, വിഭാഗീയത കൂടി ചെറുക്കാൻ കഴിഞ്ഞാൽ മണ്ഡലം അനായാസം കൈക്കലാക്കാം എന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.

അത് കൊണ്ടുതന്നെ, നേതാക്കളുടെയും പ്രവർത്തകരുടെയും അഭിപ്രായം ഒരുപോലെ മാനിച്ച് ആയിരിക്കും ദേശീയ നേതൃത്വം സ്ഥാനാർത്ഥിയെ നിർണയിക്കുക. സ്ഥാനാർഥിത്വത്തെ ചൊല്ലി പോര് രൂക്ഷമായതോടെ, വിഭാഗീയതയുടെ പേരിൽ മണ്ഡലം നഷ്ടപ്പെടുത്തിയാൽ കർശന നടപടികൾ ഉണ്ടാവുമെന്ന് ബിജെപി നേതൃത്വം നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയതായാണ് സൂചന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments