കുഞ്ചാക്കോ ബോബൻ ഫഹദ് ഫാസിൽ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ബോഗയ്ൻവില്ല’ യുടെ രണ്ടാമത്തെ ഗാനവും പുറത്തിറങ്ങി. ചിത്രത്തിലെ ടൈറ്റിൽ സോങ് ‘ സ്തുതി ‘ എന്ന ഗാനം ഇരും കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഇപ്പോഴിതാ രണ്ടാമത്തെ ഗാനമായ ‘ മറവികളെ ‘ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സോണി മ്യൂസിക് സൗത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ആയിരിക്കുന്നത്. പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ബോഗയ്ൻവില്ല’.
‘മറവികളേ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് മധുവന്തി നാരായണൻ ആണ്. സുഷിൻ ശ്യാമാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. വിഷാദാത്മകമായ ഈണത്തിലാണ് പാട്ട്. ഗാനത്തിൽ ജ്യോതിർമയിയെ ഒരു ചിത്രകാരിയായാണ് കാണിക്കുന്നത്. റഫീഖ് അഹമ്മദാണ് ഈ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്.
എന്നാൽ സുഷിന്‍റെ അടുത്ത കാലത്തിറങ്ങിയ ഗാനങ്ങളിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമായ ഗാനമായിരുന്നു ചിത്രത്തിന്റെ പ്രോമോ ഗാനമായ ‘സ്തുതി’. കുഞ്ചാക്കോ ബോബന്‍റെ ചടുലമായ ചുവടുകളും ഈ ഗാനരംഗങ്ങളുടെ ഹൈലൈറ്റാണ്. ‘സ്തുതി’ക്കെതിരെ സിറോ മലബാർ സഭ പരാതിയുമായി രംഗത്തുവന്നിരുന്നു. ക്രൈസ്തവ വിശ്വാസത്തെ വികലമാക്കുന്നതാണ് ചിത്രത്തിലെ ‘ഭൂലോകം സൃഷ്ടിച്ച കർത്താവിന് സ്തുതി’ എന്ന ഗാനമെന്നാണ് സഭയുടെ ആരോപണം. ഇത് സംബന്ധിച്ച് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനുമാണ് സിറോ മലബാർ സഭാ അൽമായ ഫോറം പരാതി നൽകിയിരുന്നു.
ഇതാദ്യമായാണ് കുഞ്ചാക്കോ ബോബനും അമൽ നീരദും ഒന്നിക്കുന്നത്. ഒരു ഇടവേളയ്ക്കു ശേഷം ജ്യോതിർമയിയും ഈ സിനിമയിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നു. ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.
കട്ട കലിപ്പ് ലുക്കിൽ എത്തിയ ചിത്രത്തിലെ താരങ്ങളുടെ ക്യാരക്ടർ പോസ്റ്ററിന് ഗംഭീര പ്രതികരണങ്ങളായിരുന്നു സമൂഹമാധ്യമത്തിൽ നിന്നും ലഭിച്ചിരുന്നത്.’എവിടെ? ജിനു ജോസ് എവിടെ’ എന്നാണ് ഒരു ആരാധകന്റെ രസികൻ ചോദ്യം. ബിലാൽ വരാൻ ഇനിയും വൈകുമോ എന്ന സംശയവും ആരാധകർ പങ്കുവയ്ക്കുന്നുണ്ട്.
സുഷിന്‍ ശ്യാം സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ആനന്ദ് സി. ചന്ദ്രനാണ്. ഭീഷ്‍മപര്‍വ്വത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേര്‍ന്നാണ് അമല്‍ നീരദ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ 17 ന് ചിത്രം തീയറ്ററിൽ എത്തും.