Saturday, October 5, 2024
HomeThrissur Newsലിംഗ തുല്യത ആദ്യം വീട്ടകങ്ങളിൽ ഉറപ്പാക്കണം: അഡ്വ. പി സതിദേവി
spot_img

ലിംഗ തുല്യത ആദ്യം വീട്ടകങ്ങളിൽ ഉറപ്പാക്കണം: അഡ്വ. പി സതിദേവി

ആൺ പെൺ വ്യത്യാസമില്ലാതെ കുട്ടികളെ ലിംഗ തുല്യതയുടെ വളർത്തിക്കൊണ്ടു വരേണ്ടത് ആദ്യം വീട്ടകങ്ങളിൽ ആണെന്ന് കേരള വനിതാ കമ്മീഷൻ അഡ്വ. പി. സതീദേവി പറഞ്ഞു. തൃശ്ശൂർ എറിയാട് ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് കേരള വനിതാ കമ്മീഷൻ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അധ്യക്ഷ.

പെൺകുട്ടി എന്നാൽ മിതത്വം പാലിക്കേണ്ടവൾ ആണെന്നും ആൺകുട്ടി എന്നാൽ കേമത്വം പ്രകടിപ്പിക്കേണ്ട ആളാണെന്നുമുള്ള ധാരണ കുഞ്ഞുനാൾ മുതൽ കുട്ടികളിൽ ഉണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് വീട്ടകങ്ങളിലാണ്. ഭർത്താവിൻെറ ഭവനത്തിൽ നിന്ന് ഏൽക്കേണ്ടിവന്ന പീഡനത്തെക്കുറിച്ച് പരാതി പറഞ്ഞാൽ സ്വന്തം വീട്ടുകാരും പോലീസും ഉപദേശിക്കുന്നത് എല്ലാം സഹിക്കാനും അഡ്ജസ്റ്റ് ചെയ്യാനുമാണ്. സർവ്വം സഹയാക്കി പെൺകുട്ടികളെ മാറ്റുന്ന ഈ മനോഭാവത്തിലാണ് മാറ്റം ഉണ്ടാകേണ്ടത്.

തെറ്റ് കണ്ടാൽ അത് തുറന്നു പറയാൻ ധൈര്യമുള്ള ആളായി പെൺകുട്ടികൾ മാറുമ്പോൾ ആ മാറ്റം സമൂഹവും ഉൾക്കൊള്ളും. സ്വന്തം കാര്യം നോക്കി ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ പെൺകുട്ടികളെ പ്രാപ്തയാക്കണം. വിവാഹമല്ല അവസാന സ്വപ്നം. നല്ല വിദ്യാഭ്യാസം നേടി ഏതു തൊഴിലും ചെയ്തു നെഞ്ചുറപ്പോടെ സ്വന്തം കാലിൽ നിൽക്കാൻ കഴിയണം. അതിനുശേഷമേ വിവാഹത്തിന് അർത്ഥമുള്ളൂ.

അന്തസുറ്റ ജീവിതവും സാമൂഹിക പരിഗണനയും സ്ത്രീകളുടെ അവകാശമാണ്. അതിന് വിദ്യാഭ്യാസത്തോടൊപ്പം ആത്മവിശ്വാസവും അവർക്ക് പകർന്നു നൽകേണ്ടതുണ്ട്. സമ്പൂർണ്ണ സാക്ഷരത കൈവരിച്ച നാടാണ് കേരളം. സാക്ഷരതയിലും ഏറെ മുന്നിൽ . വിദ്യാഭ്യാസരംഗത്തും സിവിൽ സർവീസ്, മെഡിക്കൽ രംഗത്തും സ്ത്രീകൾ ഏറെ മുന്നിലെത്തി കഴിഞ്ഞു. സമൂഹത്തിൽ ഉണ്ടായ ഈ മാറ്റം യഥാർത്ഥത്തിൽ നമ്മളിൽ ഉണ്ടായിട്ടുണ്ടോ എന്ന് സ്ത്രീകൾ ആലോചിക്കേണ്ടതാണ്. അതേസമയം ഈ മാറ്റങ്ങൾ ഉൾക്കൊള്ളാൻ ന്യൂജൻ തലമുറയ്ക്ക് കഴിയുന്നുണ്ടെന്നും അഡ്വ. പി സതീദേവി ചൂണ്ടിക്കാട്ടി.
എറിയാട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സെമിനാറിൽ വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ അധ്യക്ഷയായിരുന്നു. പഞ്ചായത്ത് പ്രസിഡൻറ് കെ.പി. രാജൻ, വനിതാ കമ്മീഷൻ ലോ ഓഫീസർ കെ. ചന്ദ്രശോഭ, റിസർച്ച് ഓഫീസർ എ.ആർ. അർച്ചന, ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.വി. സുഗന്ധകുമാരി, അസി. ഡയറക്ടർ ഡോ. സി. സീമ, വാർഡ് മെമ്പർ പ്രസീന റാഫി തുടങ്ങിയവർ സംസാരിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികളെക്കുറിച്ച് ക്ഷേമനിധി ബോർഡ് റീജിയണൽ എക്സിക്യൂട്ടീവ് എസ്. ജയശ്രീയും മത്സ്യത്തൊഴിലാളികളായ സ്ത്രീകൾക്ക് വേണ്ടി സാഫ് വഴി നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് സാഫ് അസി. നോഡൽ ഓഫീസർ ദേവി ചന്ദ്രനും ക്ലാസുകൾ എടുത്തു.
ഇതോടെ കഴിഞ്ഞ രണ്ട് ദിവസമായി തൃശ്ശൂർ എറിയാട് മേഖലയിൽ കേരള വനിതാ കമ്മീഷൻ സംഘടിപ്പിച്ച ദ്വിദിന തീരദേശ മേഖലാ ക്യാമ്പിന് സമാപനമായി. ആദ്യദിവസമായ ഇന്നലെ വനിതാ കമ്മീഷൻ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രൻ, വി.ആർ. മഹിളാമണി അഡ്വ. കുഞ്ഞായിഷ എന്നിവരുടെ നേതൃത്വത്തിൽ തീരദേശ മേഖലയിലെ ഭവനങ്ങൾ സന്ദർശിച്ചിരുന്നു. കിടപ്പുരോഗികളും ഒറ്റയ്ക്ക് താമസിക്കുന്നതും പ്രകൃതി ദുരന്തങ്ങൾക്ക് ഇരയാക്കപ്പെട്ടവരുമായ സ്ത്രീകളുടെ ഭവനങ്ങളാണ് സന്ദർശിച്ചത്. തീരദേശ മേഖലയിൽ സർക്കാർ നടത്തുന്ന വിവിധ ക്ഷേമ പദ്ധതികളുടെ പ്രവർത്തന പുരോഗതി സംബന്ധിച്ച അവലോകന യോഗവും ഇന്നലെ നടന്നിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments