Saturday, October 5, 2024
HomeBlogഇന്ന് ലോക വയോജനദിനം
spot_img

ഇന്ന് ലോക വയോജനദിനം

ന്യൂഡൽഹി: ഇന്ന് ലോക വയോജന ദിനം. ‘കുലീനതയോടെ വയസ്സാവുക’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഇത്തവണ ഐക്യരാഷ്ട്രസഭ ഈ ദിനം ആഘോഷിക്കുന്നത്. പ്രായമായവർക്ക് പിന്തുണ നൽകുന്ന സംവിധാനങ്ങൾ ശക്തപ്പെടുത്തേണ്ടതിന്റെ ആവശ്യകത ലോകത്തെ ധരിപ്പിക്കുക എന്നതാണ് ലക്ഷ്യം.

2030ഓടെ ലോകത്തിലെ സമ്പന്ന രാഷ്ട്രങ്ങളുടെ ജനസംഖ്യയിൽ യുവാക്കളെക്കാളധികം പ്രായമായവരായിരിക്കുമെന്ന് ഐക്യരാഷ്ട്രസഭ പറയുന്നു. ലോകത്തിലെ പകുതിയോളം രാജ്യങ്ങളിലും മനുഷ്യരുടെ ആയുസ്സ് 75 വയസ്സിൽ കൂടുതലായിട്ടുണ്ട്. 1950കളെ അപേക്ഷിച്ച് 25 വർഷം കൂടുതൽ ജനങ്ങൾ ജീവിക്കുന്നു എന്നര്‍ത്ഥം. പ്രായമായവരുടെ എണ്ണം കൂടുന്നതിന്റെ പശ്ചാത്തലത്തിൽ അവർക്കുള്ള സാമൂഹിക പിന്തുണ നൽകുന്ന സംവിധാനങ്ങൾ ശക്തിപ്പെടേണ്ടതുണ്ടെന്ന ആവശ്യം ഉയരുകയാണെന്ന് ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാട്ടി.

ന്യൂഡൽഹിയിൽ ഇന്ന് നടക്കുന്ന വയോജന ദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന പരിപാടിയിൽ കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രി ഡോ, വീരേന്ദ്ര കുമാർ മുഖ്യാതിഥിയാകും. വൃദ്ധജനങ്ങളെ പരിപാലിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. 1982ലാണ് വയോജന ദിനാഘോഷത്തിന് ഐക്യരാഷ്ട്രസഭ തീരുമാനമെടുത്തത്. അതേ വർഷം തന്നെ ഇതിനായി ഒരു കർമ്മപരിപാടി രൂപീകരിക്കുകയും ചെയ്തു. എല്ലാ വർഷവും ഒക്ടോബർ 1നാണ് ലോക വയോജനദിനം ആചരിക്കുന്നത്.

അതെസമയം, സംസ്ഥാനത്ത് ഒക്ടോബർ 1ന് അന്താരാഷ്ട്ര വയോജന ദിനം ആചരിക്കുന്നതിന്റെ ഭാഗമായി സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിൽ വയോജനദിന പ്രതിജ്ഞയെടുക്കും. വയോജനദിന പ്രതിജ്ഞ ചുവടെ:

“മുതിർന്ന പൗരന്മാർ നാടിന്റെ അമൂല്യസമ്പത്താണെന്നു ഞാൻ മനസ്സിലാക്കുന്നു. അവർ നാടിനു നൽകിയ മഹത്തായ സംഭാവനകളെ ഈ വയോജന ദിനത്തിൽ ഞാൻ ആദരപൂർവ്വം നമിക്കുന്നു. ചെറുപ്പത്തിൽ നാം ഓരോരുത്തരെയും കരുതലോടെ കാത്തവരാണ് അവരെന്നും, പ്രായമാകുമ്പോൾ ആ കരുതൽ തിരികെ നൽകേണ്ടത് നമ്മുടെ കടമയാണെന്നും ഞാൻ മനസ്സിലാക്കുന്നു. എന്റെ മാതാപിതാക്കളെയും ഉറ്റ ബന്ധുക്കളെയും അവരുടെ വാർദ്ധക്യകാലത്ത് എന്റെ കഴിവിന്റെ പരമാവധി പരിപാലിക്കൽ എന്റെ കടമയായി ഞാൻ തിരിച്ചറിയുന്നു. അവർ അടക്കം ഓരോ മുതിർന്ന പൗരനും ജീവനുള്ള സുവർണ്ണ സമ്പാദ്യമാണെന്ന് ഞാൻ എപ്പോഴും ഓർമ്മിക്കും. സമൂഹത്തിലെ ഓരോ മുതിർന്ന പൗരനും ഞാൻ കൈത്താങ്ങാകും. തണലേകിയവർക്ക് തണലാകാൻ ഞാൻ എന്നും കൈകോർക്കും. പ്രായാധിക്യം മൂലമുള്ള അവശതകളിലും പ്രയാസങ്ങളിലും അവരെ ഞാൻ ചേർത്തുപിടിക്കും. മുതിർന്ന പൗരന്മാരോട് എപ്പോഴും ബഹുമാനത്തോടെയും ആദരവോടെയും പെരുമാറുമെന്നും, വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ മുതിർന്ന പൗരന്മാരെ ഞാൻ നോവിക്കില്ലെന്നും, വയോജനങ്ങളുടെ ക്ഷേമത്തിനായി ആത്മാർത്ഥമായി നിലകൊള്ളുമെന്നും ഞാൻ ദൃഢപ്രതിജ്ഞ ചെയ്യുന്നു.”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments