അന്തിക്കാട് എസ്.ഐക്ക് പോലീസ് സ്റ്റേഷന് മുന്നിൽ വെച്ച് മർദ്ദനമേറ്റു. എസ്.ഐ വി.പി.അരിസ്റ്റോട്ടിലിനാണ് മർദ്ദനമേറ്റത്. മൂക്കിന് പരിക്കേറ്റ എസ്.ഐ ആലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. ഇന്ന് വൈകീട്ട് ആറേകാലോടെയാണ് സംഭവം. വാഹനാപകടവുമായി ബന്ധപ്പെട്ട് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ അരിമ്പൂർ സ്വദേശി തറയിൽ അഖിൽ (28) എന്നയാളാണ് എസ്.ഐയെ മർദ്ദിച്ചത്. സ്റ്റേഷന് മുൻവശം സംസാരിച്ച് നിന്നിരുന്ന ഇരുവരും വാക്ക് തർക്കമുണ്ടാവുകയും തുടർന്ന് അഖിൽ എസ്.ഐയെ മർദ്ദിക്കുകയുമായിരുന്നെന്ന് പറയുന്നു. സി.പി.ഒ വിനോദിനും മർദ്ദനമേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അഖിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.